Verse 1: ഇവയ്‌ക്കു ശേഷം അഹസ്വേരൂസ്‌രാജാവ് അഗാഗ്‌വംശജനും ഹമ്മേദാഥായുടെ മകനുമായ ഹാമാന് സ്‌ഥാനക്കയറ്റവും ഉന്നതപദവിയും നല്‍കി, അവനെ മറ്റു പ്രഭുക്കന്‍മാരെക്കാള്‍ ഉന്നതനായി പ്രതിഷ്‌ഠിച്ചു.
Verse 2: കൊട്ടാരവാതില്‍ക്കലുണ്ടായിരുന്ന സകല രാജസേവകന്‍മാരും ഹാമാന്‍െറ മുന്‍പില്‍ കുമ്പിട്ട് ആദരം കാണിച്ചു. അങ്ങനെ ചെയ്യണമെന്നു രാജാവു കല്‍പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മൊര്‍ദെക്കായ് മുട്ടുമടക്കുകയോ അവനെ വണങ്ങുകയോ ചെയ്‌തില്ല.
Verse 3: കൊട്ടാരവാതില്‍ക്കലുള്ള സേവകന്‍മാര്‍ മൊര്‍ദെക്കായോടു ചോദിച്ചു: എന്തുകൊണ്ടാണു നീ രാജകല്‍പന ധിക്കരിക്കുന്നത്?
Verse 4: പല ദിവസം പറഞ്ഞിട്ടും അവന്‍ കേള്‍ക്കുന്നില്ലെന്നുകണ്ട്, അവന്‍ വഴങ്ങുമോയെന്ന് അറിയാന്‍ വിവരം അവര്‍ ഹാമാനോടു പറഞ്ഞു. താന്‍ യഹൂദനാണെന്നു മൊര്‍ദെക്കായ് അവരോടു പറഞ്ഞിട്ടുണ്ടായിരുന്നു.
Verse 5: മൊര്‍ദെക്കായ് തന്നെ കുമ്പിട്ടു വണങ്ങുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ ഹാമാന്‍ ക്രുദ്‌ധനായി.
Verse 6: മൊര്‍ദെക്കായുടെമേല്‍ മാത്രം കൈവച്ചാല്‍ പോരെന്ന് അവനു തോന്നി. മൊര്‍ദെക്കായുടെ വംശമെന്ന് അവന്‍ അറിഞ്ഞിരുന്ന യഹൂദരെ മുഴുവന്‍ അഹസ്വേരൂസിന്‍െറ രാജ്യത്തുനിന്നു നിര്‍മൂലനം ചെയ്യണമെന്ന് ഹാമാന്‍ ആഗ്രഹിച്ചു.
Verse 7: അഹസ്വേരൂസ്‌രാജാവിന്‍െറ പന്ത്രണ്ടാം ഭരണവര്‍ഷം ആദ്യമാസമായ നീസാന്‍മാസം ഹാമാന്‍െറ മുന്‍പില്‍വച്ച് അവര്‍ ദിനംതോറും കുറിയിട്ടു. പന്ത്രണ്ടാംമാസമായ ആദാര്‍വരെ അവര്‍ ഒരു മാസവും മുടങ്ങാതെ അതു തുടര്‍ന്നു.
Verse 8: പിന്നെ ഹാമാന്‍ അഹസ്വേരൂസ് രാജാവിനോടു പറഞ്ഞു: നിന്‍െറ രാജ്യത്തെ സകല പ്രവിശ്യകളിലെയും ജനങ്ങളുടെ ഇടയില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഒരു വംശമുണ്ട്; അവരുടെ നിയമങ്ങള്‍ മറ്റു ജനതകളുടേതില്‍നിന്നു ഭിന്നമാണ്; അവര്‍ രാജാവിന്‍െറ നിയമങ്ങള്‍ പാലിക്കുന്നില്ല; അവരെ വച്ചുപുലര്‍ത്തുന്നത് രാജാവിന് നല്ലതാണെന്ന് തോന്നുന്നില്ല.
Verse 9: രാജാവിന് ഇഷ്‌ടമെങ്കില്‍ അവരെ നശിപ്പിക്കാന്‍ കല്‍പിച്ചാലും; ഞാന്‍ അതിനുവേണ്ടി ഭണ്‍ഡാരത്തിലേക്ക് രാജാവിന്‍െറ കാര്യവിചാരകന്‍മാരുടെ പക്കല്‍ പതിനായിരം താലന്ത് വെള്ളി നല്‍കാം.
Verse 10: അതനുസരിച്ച്, രാജാവ് തന്‍െറ മുദ്രമോതിരം ഊരി യഹൂദരുടെ വിരോധിയും ഹമ്മേദാഥായുടെ മകനും അഗാഗ്യനുമായ ഹാമാനു കൊടുത്തു.
Verse 11: രാജാവ് ഹാമാനോടു പറഞ്ഞു: ആ ധനം നീ തന്നെ സൂക്‌ഷിച്ചു കൊള്ളൂ. ആ ജനതയോടു നിനക്ക് ഇഷ്‌ടമുള്ളതു ചെയ്‌തുകൊള്ളുക.
Verse 12: ആദ്യമാസം പതിമൂന്നാംദിവസം രാജാവിന്‍െറ എഴുത്തുകാരെ വിളിച്ചുകൂട്ടി ഹാമാന്‍ കല്‍പിച്ചതുപോലെ അവര്‍ ഒരു രാജശാസനം എഴുതിയുണ്ടാക്കി. രാജപ്രതിനിധികള്‍ക്കും, സകല പ്രവിശ്യകളിലെയും നാടുവാഴികള്‍ക്കും, എല്ലാ ജനതകളുടെയും പ്രഭുക്കന്‍മാര്‍ക്കും, ഓരോ പ്രവിശ്യയ്‌ക്കും അതതിന്‍െറ ലിപിയിലും, ഓരോ ജനതയ്‌ക്കും അതതിന്‍െറ ഭാഷയിലും അഹസ്വേരൂസ് രാജാവിന്‍െറ നാമത്തില്‍ എഴുതി രാജമോതിരം കൊണ്ട് അതില്‍ മുദ്രവച്ചു.
Verse 13: സകല യഹൂദരെയുംയുവാക്കന്‍മാരെയും വൃദ്‌ധന്‍മാരെയും സ്‌ത്രീകളെയും കുട്ടികളെയും പന്ത്രണ്ടാംമാസമായ ആദാര്‍മാസം പതിമൂന്നാംതീയതി ഒറ്റദിവസംകൊണ്ടു നശിപ്പിക്കുന്നതിനും കൊല്ലുന്നതിനും വംശനാശം വരുത്തുന്നതിനും അവരുടെ വസ്‌തുക്കള്‍ കൊള്ളയടിക്കുന്നതിനും രാജാവിന്‍െറ സകല പ്രവിശ്യകളിലേക്കും ദൂതന്‍മാര്‍ വഴി കത്തുകള്‍ അയച്ചു.