Verse 1: യേശുക്രിസ്‌തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്‌ദാനമനുസരിച്ച് ദൈവഹിതത്താല്‍ യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ പൗലോസ്,
Verse 2: പ്രഷ്‌ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.
Verse 3: രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്‌മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്‌തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
Verse 4: നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു.
Verse 5: നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്‌മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്.
Verse 6: എന്റെ കൈവയ്‌പിലൂടെ നിനക്കുലഭി ച്ചദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്‌മരിപ്പിക്കുന്നു.
Verse 7: എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‌കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.
Verse 8: നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്‌കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക.
Verse 9: അവിടുന്നു നമ്മെരക്ഷിക്കുകയും വിശുദ്ധമായ വിളിയാല്‍ നമ്മെവിളിക്കുകയും ചെയ്‌തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടുത്തെ സ്വന്തം ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുംയുഗങ്ങള്‍ക്കുമുമ്പ് യേശുക്രിസ്‌തുവില്‍ നമുക്കു നല്‌കിയ കൃപാവരമനുസരിച്ചുമാണ്.
Verse 10: ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ആഗമനത്തില്‍ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവന്‍ മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
Verse 11: ഈ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പസ്‌തോലനും പ്രബോധകനുമായി ഞാന്‍ നിയമിതനായിരിക്കുന്നു.
Verse 12: ഇക്കാരണത്താലാണ് ഞാന്‍ ഇപ്പോള്‍ ഇവയെല്ലാം സഹിക്കുന്നത്. ഞാന്‍ അതില്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചരിക്കുന്നതെന്ന് എനിക്കറിയാം. എന്നെ ഭരമേല്‌പ്പിച്ചിരിക്കുന്നവയെല്ലാം ആദിവസം വരെയും ഭദ്രമായി കാത്തുസുക്ഷിക്കാന്‍ അവനു കഴിയുമെന്നും എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്.
Verse 13: നീ എന്നില്‍നിന്നു കേട്ടിട്ടുള്ള നല്ല പ്രബോധനങ്ങള്‍ യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലും സ്‌നേഹത്തിലും നീ അനുസരിക്കുക, മാതൃകയാക്കുക.
Verse 14: നിന്നെ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കുക.
Verse 15: ഏഷ്യയിലുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചെന്ന് നിനക്കറിയാമല്ലോ. ഫിഗേലോസും ഹെര്‍മോഗെനെസും അവരിലുള്‍പ്പെടുന്നു.
Verse 16: ഒനേസിഫൊറോസിന്റെ കുടുബത്തിന്റെമേല്‍ കര്‍ത്താവ് കാരുണ്യം ചൊരിയട്ടെ. എന്തെന്നാല്‍, അവന്‍ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. എന്റെ ചങ്ങലകളെപ്പറ്റി അവന്‍ ലജ്ജിച്ചിട്ടുമില്ല.
Verse 17: അവന്‍ റോമയിലെത്തിയപ്പോള്‍ എന്നെപ്പറ്റി ആകാംക്ഷാപൂര്‍വ്വം അന്വേഷിക്കുകയും എന്നെ കാണുകയും ചെയ്‌തു.
Verse 18: എഫേസോസില്‍ വച്ച് അവന്‍ ചെയ്‌ത സേവനളെപ്പറ്റിയെല്ലാം നിനക്കു നന്നായറിയാമല്ലോ. അവസാനദിവസം കര്‍ത്താവില്‍നിന്നു കാരുണ്യം ലഭിക്കാന്‍ അവിടുന്നു അവന് അനുഗ്രഹം നല്‌കട്ടെ!.