Verse 1: ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും.
Verse 2: അപ്പോള്‍ സ്വാര്‍ത്ഥസ്‌നേഹികളും നധമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്‌ഠരും ദൈവദുഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്‌നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും.
Verse 3: അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരും
Verse 4: വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്‌നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും.
Verse 5: അവര്‍ ഭക്തിയുടെ ബാഹ്യരുപം നിലനിര്‍ത്തികൊണ്ട് അതിന്റെ ചൈതന്യത്തെനിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്‌ക്കുക.
Verse 6: അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്‌തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്‌ത്രീകളെ വശപ്പെടുത്തുന്നു.
Verse 7: ഈ സ്‌ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.
Verse 8: യാന്നസ്സും യാംബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷി ച്ചമനസ്സുള്ളവരും വിശ്വാസ നിന്ദകരുമാണ്.
Verse 9: എന്നാല്‍ അവര്‍ അധികം മുമ്പോട്ടുപോവുകയില്ല. മേല്‌പറഞ്ഞവരുടെ കാര്യത്തലെന്നപോലെ അവരുടെ മൗഢ്യം എല്ലാവര്‍ക്കും ബോധ്യമാകും.
Verse 10: ഞാന്‍ പഠിപ്പി ച്ചസത്യങ്ങളും എന്റെ ജീവിതരീതിയും ലക്ഷ്യവും വിശ്വാസവും ക്ഷമയും സ്‌നേഹവും സ്‌ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ.
Verse 11: ഞാന്‍ സഹി ച്ചപീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്‌ത്രായിലും എനിക്കു സഹിക്കേണ്ടിവന്ന മര്‍ദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയില്‍നിന്നെല്ലാം കര്‍ത്താവ് എന്നെ രക്ഷിച്ചു.
Verse 12: യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
Verse 13: അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.
Verse 14: എന്നാല്‍ നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമയി നില്‌ക്കുക.
Verse 15: യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ.
Verse 16: വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
Verse 17: ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു.