Verse 1: തോബിത് ആഹ്ലാദം തുളുമ്പുന്ന ഈ പ്രാര്‍ഥന രചിച്ചു: നിത്യനായ ദൈവം വാഴ്‌ത്തപ്പെട്ടവന്‍; അവിടുത്തെ രാജ്യം അനുഗൃഹീതം.
Verse 2: അവിടുന്ന് ശിക്‌ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. പാതാളത്തിലേക്കു താഴ്‌ത്തുകയും അവിടെനിന്നു വീണ്ടും ഉയര്‍ത്തുകയും ചെയ്യുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന് ആരും രക്‌ഷപെടുകയില്ല.
Verse 3: ഇസ്രായേല്‍മക്കളേ, ജനതകളുടെ മുന്‍പില്‍ അവിടുത്തെ ഏറ്റുപറയുവിന്‍. അവിടുന്നാണു നമ്മെഅവരുടെ ഇടയില്‍ ചിതറിച്ചത്.
Verse 4: അവരുടെ ഇടയില്‍ അവിടുത്തെ മഹത്വം വിളംബരം ചെയ്യുവിന്‍; സകല ജീവികളുടെയും മുന്‍പില്‍ അവിടുത്തെ പ്രകീര്‍ത്തിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്. എന്നേക്കും നമ്മുടെ പിതാവും അവിടുന്നു തന്നെ.
Verse 5: നമ്മുടെ തിന്‍മകള്‍ക്ക് അവിടുന്ന് നമ്മെശിക്‌ഷിക്കും. എന്നാല്‍, അവിടുന്ന് വീണ്ടും കരുണ ചൊരിയും; കര്‍ത്താവ് നിങ്ങളെ ജനതകളുടെ ഇടയില്‍ ചിതറിച്ചു; അവിടുന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടും.
Verse 6: പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടുംകൂടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയുകയും അവിടുത്തെ സന്നിധിയില്‍ സത്യസന്‌ധമായി വ്യാപരിക്കുകയും ചെയ്‌താല്‍ അവിടുന്ന് നിങ്ങളെ കടാക്‌ഷിക്കും. നിങ്ങളില്‍നിന്നു മുഖം മറയ്‌ക്കുകയില്ല. അവിടുന്ന് നിങ്ങള്‍ക്കു ചെയ്‌ത നന്‍മയെപ്പറ്റി ചിന്തിക്കുവിന്‍. ഉച്ചത്തില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കുവിന്‍. നീതിയുടെ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ പുകഴ്‌ത്തുവിന്‍. പ്രവാസിയായി വസിക്കുന്ന നാട്ടില്‍വച്ച് ഞാന്‍ അവിടുത്തെ സ്‌തുതിക്കുന്നു. പാപികളായ ജനതയോട് അവിടുത്തെ ശക്‌തിയും മഹത്വവും പ്രഘോഷിക്കുന്നു. പാപികളേ, പിന്‍തിരിയുവിന്‍; അവിടുത്തെ മുന്‍പില്‍ നീതി പ്രവര്‍ത്തിക്കുവിന്‍. അവിടുന്ന് നിങ്ങളെ സ്വീകരിക്കുകയും നിങ്ങളോടു കരുണ കാണിക്കുകയും ചെയ്യുകയില്ലെന്ന് ആരറിഞ്ഞു!
Verse 7: ഞാന്‍ എന്‍െറ ദൈവത്തെ മഹത്വപ്പെടുത്തുന്നു; സ്വര്‍ഗത്തിന്‍െറ രാജാവിനെ എന്‍െറ ആത്‌മാവു പുകഴ്‌ത്തുന്നു. അവിടുത്തെ പ്രഭാവത്തില്‍ ഞാന്‍ ആനന്‌ദം കൊള്ളുന്നു.
Verse 8: എല്ലാ മനുഷ്യരും അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! ജറുസലെമില്‍ അവിടുത്തേക്കു കൃതജ്‌ഞതയര്‍പ്പിക്കട്ടെ.
Verse 9: വിശുദ്‌ധ നഗരമായ ജറുസലെമേ, നിന്‍െറ പുത്രന്‍മാരുടെ പ്രവൃത്തികള്‍ നിമിത്തം അവിടുന്ന് നിന്നെ പീഡിപ്പിക്കും. നീതിനിഷ്‌ഠരായ മക്കളുടെമേല്‍ അവിടുന്ന് വീണ്ടും കരുണ ചൊരിയും.
Verse 10: കര്‍ത്താവിനുയഥായോഗ്യം കൃതജ്‌ഞതയര്‍പ്പിക്കുവിന്‍. യുഗങ്ങളുടെ രാജാവിനെ സ്‌തുതിക്കുവിന്‍; അവിടുത്തെ കൂടാരം നിങ്ങള്‍ക്കുവേണ്ടി സന്തോഷത്തോടെ ഉയര്‍ത്തപ്പെടട്ടെ! അവിടുന്ന് നിങ്ങളുടെ പ്രവാസികള്‍ക്ക് സന്തോഷം നല്‍കട്ടെ! ദുഃഖിതരുടെമേല്‍ അവിടുത്തെ സ്‌നേഹം തലമുറകളോളം എന്നേക്കും ചൊരിയട്ടെ!
Verse 11: ദൈവമായ കര്‍ത്താവിന്‍െറ നാമം വഹിക്കുന്ന ഇടത്തേക്ക് വിദൂരങ്ങളില്‍നിന്ന് അനേകം ജനതകള്‍ സ്വര്‍ഗത്തിന്‍െറ രാജാവിന് കാഴ്‌ചകളുമേന്തി വരും, തലമുറകള്‍ നിന്നെ സന്തോഷപൂര്‍വം കീര്‍ത്തിക്കും.
Verse 12: നിന്നെ വെറുക്കുന്നവര്‍ ശപിക്കപ്പെടട്ടെ. നിന്നെ സ്‌നേഹിക്കുന്നവര്‍ എന്നേക്കും അനുഗൃഹീതര്‍.
Verse 13: നീതിനിഷ്‌ഠരായ മക്കളെ ഓര്‍ത്ത് സന്തോഷിക്കുവിന്‍; അവരെ അവിടുന്ന് ഒരുമിച്ചുകൂട്ടും. അവര്‍ നീതിമാന്‍മാരുടെ കര്‍ത്താവിനെ സ്‌തുതിക്കും.
Verse 14: നിന്നെ സ്‌നേഹിക്കുന്നവര്‍ എത്രയോ അനുഗൃഹീതര്‍! നിന്‍െറ ശാന്തിയില്‍ അവര്‍ സന്തോഷിക്കും; നിന്‍െറ കഷ്‌ടതകളില്‍ ദുഃഖിച്ചവര്‍ അനുഗൃഹീതര്‍. നിന്‍െറ മഹത്വം കണ്ട് അവര്‍ ആനന്‌ദിക്കും. അവര്‍ക്കു ശാശ്വതാനന്‌ദം ലഭിക്കും.
Verse 15: എന്‍െറ ആത്‌മാവ് ഉന്നത രാജാവായ ദൈവത്തെ പുകഴ്‌ത്തട്ടെ!
Verse 16: ഇന്‌ദ്രനീലവും മരതകവുംകൊണ്ട് ജറുസലെം പണിയപ്പെടും; അവളുടെ മതിലുകള്‍ അനര്‍ഘരത്‌നങ്ങള്‍കൊണ്ടും. ഗോപുരങ്ങളും കൊത്തളങ്ങളും തനിസ്വര്‍ണംകൊണ്ടും നിര്‍മിക്കപ്പെടും.
Verse 17: ജറുസലെം തെരുവീഥികളില്‍ ഗോമേദകവും മാണിക്യവും ഓഫീറിലെ രത്‌നങ്ങളും പതിക്കും.
Verse 18: അവളുടെ പാതകളില്‍ ഹല്ലേലുയ്യാ മാറ്റൊലിക്കൊള്ളും. നിനക്കു ശാശ്വത മഹത്വം നല്‌കിയ ദൈവം വാഴ്‌ത്തപ്പെടട്ടെ എന്നു പറഞ്ഞ് അവ സ്‌തുതികള്‍ അര്‍പ്പിക്കും