Verse 1: വസന്തവൃഷ്‌ടിയുടെ കാലത്ത് കര്‍ത്താവിനോടു മഴ ചോദിക്കുവിന്‍. മഴക്കാറയയ്‌ക്കുന്നതും മഴ പെയ്യിച്ച് എല്ലാവര്‍ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും കര്‍ത്താവാണ്.
Verse 2: കുലവിഗ്രഹങ്ങള്‍ വിഡ്‌ഢിത്തം പുലമ്പുന്നു; ഭാവി പറയുന്നവര്‍ വ്യാജം ദര്‍ശിക്കുന്നു; സ്വപ്‌നക്കാര്‍ കപടസ്വപ്‌നങ്ങള്‍ വിവരിച്ച് പൊള്ളയായ ആശ്വാസം പക രുന്നു. അതുകൊണ്ട് ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡനമേറ്റ് അലയുന്നു.
Verse 3: ഇടയന്‍മാരുടെ നേരേ എന്‍െറ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്‍മാരെ ഞാന്‍ ശിക്‌ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്ന് അവരെ ഉദ്‌ധതമായ പടക്കുതിരയാക്കും.
Verse 4: അവരില്‍നിന്ന് മൂലക്കല്ലും കൂടാരക്കുറ്റിയും പുറപ്പെടും. പടവില്ലും രാജാക്കന്‍മാരും അവരില്‍നിന്നുവരും.
Verse 5: ശത്രുക്കളെ തെരുവിലെ ചെളിയില്‍ ചവിട്ടി അരയ്‌ക്കുന്നയുദ്‌ധവീരന്‍മാരെപ്പോലെ ആയിരിക്കും അവര്‍. കര്‍ത്താവ് കൂടെയുള്ളതുകൊണ്ട് അവര്‍യുദ്‌ധം ചെയ്‌ത് കുതിരപ്പടയാളികളെ സംഭ്രാന്തരാക്കും.
Verse 6: ഞാന്‍ യൂദാഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്‍െറ ഭവനത്തെ രക്‌ഷിക്കുകയും ചെയ്യും. അവരുടെമേല്‍ അലിവുതോന്നി ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും. ഞാന്‍ ഒരിക്കലും തിര സ്‌കരിച്ചിട്ടില്ലാത്തവരെപ്പോലെ ആയിരിക്കും അവര്‍. ഞാന്‍ അവരുടെ ദൈവമായ കര്‍ത്താവാണ്. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
Verse 7: എഫ്രായിം വീരയോദ്‌ധാവിനെപ്പോലെയാകും. വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ആനന്‌ദിക്കും. അവരുടെ മക്കള്‍ അതുകണ്ടു സന്തോഷിക്കും. അവരുടെ ഹൃദയം കര്‍ത്താവില്‍ ആഹ്ലാദിച്ചുല്ലസിക്കും.
Verse 8: ഞാന്‍ അവരെ അടയാളം നല്‍കി ഒരുമിച്ചുകൂട്ടും. ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നു. അവര്‍ പണ്ടത്തെപ്പോലെ അസംഖ്യമാകും.
Verse 9: ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍ അവര്‍ എന്നെ അനുസ്‌മരിക്കും. അവര്‍ മക്കളോടുകൂടെ ജീവിക്കുകയും തിരിച്ചു വരുകയും ചെയ്യും.
Verse 10: ഞാന്‍ അവരെ ഈജിപ്‌തില്‍നിന്നു തിരിച്ചുകൊണ്ടുവരും; അസ്‌സീറിയായില്‍നിന്നു ഞാന്‍ അവരെ ഒരുമിച്ചു കൂട്ടും; ഞാന്‍ അവരെ ഗിലയാദിലേക്കും ലബനോനിലേക്കും കൊണ്ടുവരും; അവിടെ ഇടമില്ലാതെയാകും.
Verse 11: അവര്‍ ഈജിപ്‌ത് കടലിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ഓളങ്ങളെ അടിക്കും. നൈലിന്‍െറ ആഴങ്ങള്‍ വറ്റിപ്പോകും; അസ്‌സീറിയായുടെ അഹങ്കാരം ശമിക്കും; ഈജിപ്‌തിന്‍െറ ചെങ്കോല്‍ നീങ്ങിപ്പോകും.
Verse 12: ഞാന്‍ അവരെ കര്‍ത്താവില്‍ ബലപ്പെടുത്തും. അവര്‍ അവിടുത്തെനാമത്തില്‍ അഭിമാനം കൊള്ളും-കര്‍ത്താവ് അരുളിച്ചെയ്യുന്നു.