Verse 1: ഇതു പറഞ്ഞശേഷം യേശു ശിഷ്യന്‍മാരോടുകൂടെ കെദ്രാണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്‍മാരും അതില്‍ പ്രവേശിച്ചു.
Verse 2: അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്‌ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്‍മാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു.
Verse 3: യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖന്‍മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി.
Verse 4: തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?
Verse 5: അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.
Verse 6: ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്‌തു.
Verse 7: അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെ അന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ.
Verse 8: യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.
Verse 9: നീ എനിക്കു തന്നവ രില്‍ ആരെയും ഞാന്‍ നഷ്‌ടപ്പെടുത്തിയില്ല എന്ന് അവന്‍ പറഞ്ഞവചനം പൂര്‍ത്തിയാകാന്‍വേണ്ടിയായിരുന്നു ഇത്.
Verse 10: ശിമയോന്‍ പത്രോസ് വാള്‍ ഊരി പ്രധാന പുരോഹിതന്‍െറ ഭൃത്യനെ വെട്ടി അവന്‍െറ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്‍െറ പേര് മല്‍ക്കോസ് എന്നായിരുന്നു.
Verse 11: യേശു പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ് എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?
Verse 12: അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്‌ധിച്ചു.
Verse 13: അവര്‍ അവനെ ആദ്യം അന്നാസിന്‍െറ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്‍െറ അമ്മായിയപ്പനായിരുന്നു.
Verse 14: ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നതുയുക്‌തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.
Verse 15: ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്‍െറ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.
Verse 16: പത്രോസാകട്ടെ പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ പ്രധാനപുരോഹിതന്‍െറ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അ കത്തു പ്രവേശിപ്പിച്ചു.
Verse 17: അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്‍െറ ശിഷ്യന്‍മാരിലൊരുവനല്ലേ? അല്ല എന്ന് അവന്‍ പറഞ്ഞു.
Verse 18: തണുപ്പായിരുന്നതിനാല്‍ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.
Verse 19: പ്രധാനപുരോഹിതന്‍ യേശുവിനെ അവന്‍െറ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്‌തു.
Verse 20: യേശു മറുപടി പറഞ്ഞു: ഞാന്‍ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല.
Verse 21: എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.
Verse 22: അവന്‍ ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന സേവകന്‍മാരിലൊരുവന്‍, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത് എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.
Verse 23: യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
Verse 24: അപ്പോള്‍ അന്നാസ് യേശുവിനെ ബന്‌ധിച്ചു കയ്യാഫാസിന്‍െറ അടുക്കലേക്കയച്ചു.
Verse 25: ശിമയോന്‍പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: നീയും അവന്‍െറ ശിഷ്യന്‍മാരില്‍ ഒരുവനല്ലേ? അല്ല എന്ന് അവന്‍ തള്ളിപ്പറഞ്ഞു.
Verse 26: പ്രധാനപുരോഹിതന്‍െറ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്‍െറ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?
Verse 27: പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.
Verse 28: യേശുവിനെ അവര്‍ കയ്യാഫാസിന്‍െറ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്‌ധരാകാതെ പെസഹാ ഭക്‌ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.
Verse 29: അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?
Verse 30: അവര്‍ പറഞ്ഞു: ഇവന്‍ തിന്‍മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇവനെ നിനക്ക് ഏല്‍പിച്ചു തരുകയില്ലായിരുന്നു.
Verse 31: പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിന്‍. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.
Verse 32: ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞവചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
Verse 33: പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?
Verse 34: യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?
Verse 35: പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്‍െറ ജനങ്ങളും പുരോഹിതപ്രമുഖന്‍മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു ചെയ്‌തത്?
Verse 36: യേശു പറഞ്ഞു: എന്‍െറ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്‍െറ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്‍െറ രാജ്യം ഐഹികമല്ല.
Verse 37: പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്‍െറ സ്വരം കേള്‍ക്കുന്നു.
Verse 38: പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?
Verse 39: ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ?
Verse 40: ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.