Verse 1: യൂദിത്ത്, ഇസ്രായേലിന്‍െറ ദൈവത്തോടുള്ള പ്രലാപവും പ്രാര്‍ഥനയും അവ സാനിപ്പിച്ചതിനുശേഷം,
Verse 2: സാഷ്‌ടാംഗം വീണു കിടന്ന സ്‌ഥലത്തുനിന്ന് എഴുന്നേറ്റ്, ദാസിയെയും കൂട്ടിക്കൊണ്ട്, സാബത്തുകളിലും ഉത്‌സവങ്ങളിലും താമസിക്കാറുള്ള ഭവനത്തിലേക്കു പോയി.
Verse 3: താന്‍ ധരിച്ചിരുന്ന ചാക്കുവസ്‌ത്രവും വിധവാവസ്‌ത്രവും മാറ്റി, കുളിച്ചതിനുശേഷം അവള്‍ അമൂല്യമായ പരിമളതൈലം പൂശി തലമുടി ചീകി ശിരോഭൂഷണം അണിഞ്ഞു. തന്‍െറ ഭര്‍ത്താവ് മനാസ്‌സെ ജീവിച്ചിരിക്കുമ്പോള്‍ താന്‍ അണിയാറുളള ഏറ്റവും മനോഹരമായ വസ്‌ത്രം അണിഞ്ഞു.
Verse 4: ചെരിപ്പു ധരിച്ചും, വളകളും മാലകളും മോതിരവും കമ്മലും മറ്റാഭരണങ്ങളുമണിഞ്ഞും പുരുഷന്‍മാരുടെ കണ്ണുകളെ മയക്കത്തക്കവിധം അതീവ സൗന്‌ദര്യവതിയായി ചമഞ്ഞു.
Verse 5: അവള്‍ ഒരു കുപ്പി വീഞ്ഞും ഒരു പാത്രം എണ്ണയും ദാസിയെ ഏല്‍പിച്ചു. വറുത്ത ധാന്യവും, ഉണങ്ങിയ പഴങ്ങള്‍കൊണ്ടുണ്ടാക്കിയ ഒരു അടയും നേര്‍മയുള്ള അപ്പവും ഒരു സഞ്ചിയില്‍ നിറച്ച്, പാത്രങ്ങളെല്ലാം പൊതിഞ്ഞുകെട്ടി ദാസിയെ ഏല്‍പിച്ചു.
Verse 6: അനന്തരം, അവള്‍ ബത്തൂലിയാനഗര കവാടത്തിലേക്കു പുറപ്പെട്ടു. അവിടെ നഗരശ്രഷ്‌ഠന്‍മാരായ കാബ്രിസ്, കാര്‍മിസ് എന്നിവരോടുകൂടെ ഉസിയാ നില്‍ക്കുന്നതു കണ്ടു.
Verse 7: അവളുടെ മുഖത്തിനും ഉടയാടകള്‍ക്കും വന്ന മാറ്റം അവര്‍ ശ്രദ്‌ധിച്ചു. അവളുടെ സൗന്‌ദര്യത്തില്‍ അവര്‍ക്ക് അഗാധമായ മതിപ്പുളവായി.
Verse 8: അവര്‍ അവളോടു പറഞ്ഞു: നമ്മുടെ പിതാക്കന്‍മാരുടെ ദൈവം നിന്നില്‍ കൃപ ചൊരിയുകയും നിന്‍െറ പദ്‌ധതി നിറവേറ്റുകയും ചെയ്യട്ടെ. അങ്ങനെ ഇസ്രായേല്‍ജനം അഭിമാനം കൊള്ളുകയും ജറുസലെം ഉയര്‍ത്തപ്പെടുകയും ചെയ്യട്ടെ! അവള്‍ ദൈവത്തെ ആരാധിച്ചു.
Verse 9: അവള്‍ അവരോടു പറഞ്ഞു: നഗരകവാടം എനിക്കു തുറന്നുതരാന്‍ കല്‍പന നല്‍കുക. ഞാന്‍ പോയി നമ്മള്‍ സംസാരി ച്ചകാര്യം നിറവേറ്റട്ടെ. അതനുസരിച്ച് വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍യുവാക്കന്‍മാരോടു കല്‍പിച്ചു.
Verse 10: അവര്‍ വാതില്‍ തുറന്നു.യൂദിത്ത് ദാസിയോടൊത്തു പുറത്തു കടന്നു, അവള്‍ മലയുടെ താഴേക്കിറങ്ങി. താഴ്‌വരയിലൂടെ അവള്‍ നടന്നുനീങ്ങുന്നത്, ദൃഷ്‌ടിയില്‍നിന്നു മറയുന്നതുവരെ നഗരവാസികള്‍ നോക്കിനിന്നു.
Verse 11: അവര്‍ നേരേ താഴ്‌വരയിലൂടെ നടന്നു. അസ്‌സീറിയാക്കാരുടെ കാവല്‍ഭടന്‍മാര്‍ അവളെ കണ്ടു.
Verse 12: അവര്‍ അവളെ പിടികൂടി ചോദ്യംചെയ്‌തു: നീ ഏതു വര്‍ഗക്കാരിയാണ്? എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു? അവള്‍ പറഞ്ഞു: ഞാന്‍ ഒരു ഹെബ്രായപുത്രി, അവരില്‍നിന്ന് ഓടി രക്‌ഷപെടുകയാണ്. അവര്‍ നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെടാറായി.
Verse 13: നിങ്ങള്‍ അവരെ വിഴുങ്ങിക്കളയും. ഞാന്‍ നിങ്ങളുടെ സൈന്യാധിപന്‍ ഹോളോഫര്‍ണസിനെക്കണ്ട് ശരിയായ വിവരങ്ങള്‍ ധരിപ്പിക്കാന്‍ പോവുകയാണ്. തന്‍െറ ഒരാളും പിടിക്കപ്പെട്ടോ കൊല്ലപ്പെട്ടോ നഷ്‌ടപ്പെടാതെ മലനാടാകെ പിടിച്ചടക്കാന്‍ ഉതകുന്ന ഒരു മാര്‍ഗം ഞാന്‍ അവനു കാണിച്ചു കൊടുക്കും.
Verse 14: സൗന്‌ദര്യത്തിടമ്പായിത്തോന്നിയ അവളുടെ മുഖം ദര്‍ശിക്കുകയും വാക്കുകള്‍ ശ്രവിക്കുകയും ചെയ്‌തപ്പോള്‍ അവര്‍ അവളോടു പറഞ്ഞു:
Verse 15: ഞങ്ങളുടെയജമാനന്‍െറ സമീപത്തേക്ക് ഓടിപ്പോന്നതുകൊണ്ട് നീ നിന്‍െറ ജീവന്‍ രക്‌ഷിച്ചു. ഇപ്പോള്‍തന്നെ അവന്‍െറ കൂടാരത്തിലേക്കു ചെല്ലുക; ഞങ്ങളില്‍ ചിലര്‍ കൊണ്ടുചെന്നാക്കാം.
Verse 16: അവന്‍െറ മുന്‍പില്‍ ഭയത്തിനവകാശമില്ല, ഞങ്ങളോടു പറഞ്ഞതുതന്നെ അവനോടും പറയുക, അവന്‍ നിന്നോടു ദയാപൂര്‍വം പെരുമാറും.
Verse 17: അവളെയും ദാസിയെയും അനുഗമിക്കുന്നതിന് അവരില്‍നിന്ന് നൂറുപേര്‍ തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഹോളോഫര്‍ണസിന്‍െറ കൂടാരത്തിലേക്ക് അവരെ നയിച്ചു.
Verse 18: അവളുടെ ആഗമനവാര്‍ത്ത കൂടാരംതോറും പരന്നപ്പോള്‍ പാളയമാകെ ഇളകിവശായി. അവള്‍ ഹോളോഫര്‍ണസിന്‍െറ കൂടാരത്തിനു വെളിയില്‍ കാത്തുനില്‍ക്കുമ്പോള്‍ അവര്‍ ചുറ്റുംകൂടി. അവര്‍ ഹോളോഫര്‍ണസിനോട് അവളെപ്പറ്റി പറഞ്ഞു.
Verse 19: അവളുടെ സൗന്‌ദര്യത്തില്‍ മതിമറന്ന അവര്‍ അവളെപ്പോലെയാണ് ഇസ്രായേല്യരെല്ലാം എന്നു നിരൂപിച്ച് അവരെ പുകഴ്‌ത്തി. അവര്‍ പരസ്‌പരം പറഞ്ഞു: ഇത്തരം സ്‌ത്രീകളുള്ള ഈ ജനതയെ ആരെങ്കിലും അവഹേളിക്കുമോ? നിശ്‌ചയമായും അവരില്‍ ആരും ജീവനോടിരിക്കാന്‍ പാടില്ല. അവരെ സ്വതന്ത്രരായി വിട്ടാല്‍ അവര്‍ ലോകം മുഴുവന്‍ കെണിയില്‍പ്പെടുത്തും.
Verse 20: ഹോളോഫര്‍ണസിന്‍െറ അനുചരന്‍മാരും സേവകന്‍മാരും പുറത്തുവന്ന് അവളെ കൂടാരത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി.
Verse 21: ഹോളോഫര്‍ണസ് സ്വര്‍ണവും മരതകവും മറ്റു രത്‌നങ്ങളും കൊണ്ട് അലങ്കരി ച്ചചെമന്ന മേല്‍ക്ക ട്ടിയുടെ കീഴില്‍ കിടക്കയില്‍ വിശ്രമിക്കുകയായിരുന്നു.
Verse 22: അവളെപ്പറ്റി പറഞ്ഞതു കേട്ട് അവന്‍ എഴുന്നേറ്റ്, വെള്ളിവിളക്കുകളുടെ അകമ്പടിയോടുകൂടെ കൂടാരവാതില്‍ക്കലെത്തി.
Verse 23: തങ്ങളുടെ മുന്‍പിലെത്തിയയൂദിത്തിന്‍െറ മുഖസൗന്‌ദര്യംകണ്ട് ഹോളോഫര്‍ണസും സേവകന്‍മാരും അദ്‌ഭുതപരതന്ത്രരായി. അവള്‍ സാഷ്‌ടാംഗംവീണ് അവനെ വണങ്ങി. അവന്‍െറ അടിമകള്‍ അവളെ എഴുന്നേല്‍പിച്ചു.