Verse 1: അനന്തരം,യൂദിത്ത് സാഷ്‌ടാംഗം വീണു, തലയില്‍ ചാരം പൂശി, ധരിച്ചിരുന്ന ചാക്കുവസ്‌ത്രം അനാവരണം ചെയ്‌ത്, ജറുസലെം ദേവാലയത്തില്‍ സായാഹ്‌ന ധൂപാര്‍പ്പണത്തിന്‍െറ സമയത്ത്, കര്‍ത്താവിനോട് ഉച്ചത്തില്‍ നിലവിളിച്ചു:
Verse 2: എന്‍െറ പിതാവായ ശിമയോന്‍െറ ദൈവമായ കര്‍ത്താവേ, ഒരു കന്യകയെ മലിനയാക്കാന്‍ അവളുടെ വസ്‌ത്രം അഴിക്കുന്ന, അവളെ ലജ്‌ജിപ്പിക്കാന്‍ അവളുടെ നഗ്‌നത വെളിപ്പെടുത്തുന്ന, അവളെ അപമാനിക്കാന്‍ അവളുടെ ഗര്‍ഭപാത്രം മലിനമാക്കുന്ന, ഏതു വിദേശീയനോടുംപ്രതികാരം ചെയ്യുന്നതിന് അവിടുന്ന് എന്‍െറ പിതാവിനു ഖഡ്‌ഗം കൊടുത്തുവല്ലോ. എന്തെന്നാല്‍, അത് ഒരിക്കലും സംഭവിക്കരുത് എന്നാണ് അവിടുത്തെ കല്‍പന. എങ്കിലും അവര്‍ അതുചെയ്‌തു.
Verse 3: അതിനാല്‍, അവരുടെ ഭരണകര്‍ത്താക്കള്‍ കൊല്ലപ്പെടാനും അവരുടെ ചതിപ്രയോഗത്താല്‍ ലജ്‌ജപൂണ്ട കിടക്കകള്‍ രക്‌തപങ്കിലമാകാനും അവിടുന്ന് ഇടവരുത്തി. സിംഹാസനസ്‌ഥരായിരുന്ന രാജകുമാരന്‍മാരോടൊന്നിച്ച് അടിമകളെയും അവിടുന്ന് അടിച്ചുവീഴ്‌ത്തി.
Verse 4: അവരുടെ ഭാര്യമാര്‍ കൊള്ളയടിക്കപ്പെട്ടു; പുത്രിമാര്‍ തടവിലാക്കപ്പെട്ടു. അങ്ങയോടുള്ള ഭക്‌തിയില്‍ തീക്‌ഷ്‌ണതയും തങ്ങളുടെ രക്‌തത്തെ മലിനമാക്കിയതില്‍ വെറുപ്പും ഉള്‍ക്കൊണ്ട് അവിടുത്തെ സഹായം അപേക്‌ഷി ച്ചഅരുമ സന്താനങ്ങള്‍ക്ക് അവിടുന്ന് കൊള്ളമുതലെല്ലാം വീതിച്ചു. ദൈവമേ, എന്‍െറ ദൈവമേ, വിധവയായ എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ!
Verse 5: അവിടുന്നാണ് ഇതും ഇതിനുമുന്‍പും പിന്‍പും സംഭവി ച്ചകാര്യങ്ങളും ചെയ്‌തത്. ഇപ്പോഴുള്ളവയ്‌ക്കും വരാനിരിക്കുന്നവയ്‌ക്കും രൂപം നല്‍കിയത് അവിടുന്നുതന്നെ. അതേ, അവിടുത്തെ ഹിതം നിറവേറി.
Verse 6: അവിടുന്ന് ഇച്‌ഛി ച്ചകാര്യങ്ങള്‍ അവിടുത്തെ സന്നിധിയില്‍ വന്ന് ഇതാ ഞങ്ങള്‍ എന്നു പറഞ്ഞു. എന്തെന്നാല്‍, അവിടുത്തെ വഴികള്‍ മുന്‍കൂട്ടി ഒരുക്കിയവയും അവിടുത്തെ വിധികള്‍ മുന്നറിവോടുകൂടിയവയുമാണ്.
Verse 7: അസ്‌സീറിയരുടെ ശക്‌തി വര്‍ദ്‌ധിച്ചിരിക്കുന്നു. കുതിരകളാലും കുതിരക്കാരാലും അവര്‍ പ്രബലരായിരിക്കുന്നു. കാലാള്‍പ്പടയുടെ ശക്‌തിയില്‍ അവര്‍ അഹങ്കരിക്കുന്നു. പരിച, കുന്തം, വില്ല്, കവിണ എന്നിവയില്‍ അവര്‍ ആശ്രയിക്കുന്നു. അവിടുന്നാണ്‌യുദ്‌ധങ്ങള്‍ തകര്‍ക്കുന്ന കര്‍ത്താവെന്ന് അവര്‍ ഗ്രഹിക്കുന്നില്ല. കര്‍ത്താവ് എന്നത്ര അവിടുത്തെനാമം.
Verse 8: അവിടുത്തെ ശക്‌തിയാല്‍ അവരുടെ കരുത്തു തകര്‍ക്കണമേ. അവിടുത്തെ കോപത്തില്‍ അവരുടെ പ്രതാപം നശിക്കട്ടെ! അവിടുത്തെ ശ്രീകോവില്‍ അശുദ്‌ധമാക്കാനും അവിടുത്തെ മഹത്തായ നാമം കുടികൊള്ളുന്ന വിശുദ്‌ധ മന്‌ദിരം മലിനമാക്കാനും, ബലിപീഠത്തിന്‍െറ വളര്‍കോണ്‍ വാളുകൊണ്ടു മുറിച്ചുകളയാനും അവര്‍ ഉന്നം വയ്‌ക്കുന്നു. അവരുടെ അഹങ്കാരം കാണണമേ.
Verse 9: അവിടുന്ന് അവരുടെമേല്‍ കോപം വര്‍ഷിച്ചാലും. വിധവയായ എനിക്കു ലക്‌ഷ്യപ്രാപ്‌തിക്കു വേണ്ട ശക്‌തി നല്‍കണമേ.
Verse 10: പ്രഭുവിനോടൊപ്പം അടിമയെയും, ദാസനോടൊപ്പം പ്രഭുവിനെയും എന്‍െറ അധരത്തിന്‍െറ വ്യാജത്താല്‍ വീഴ്‌ത്തണമേ. ഒരു നാരിയുടെ കൈയാല്‍ അവരുടെ അഹങ്കാരം തകര്‍ക്കണമേ!
Verse 11: അവിടുത്തെ ശക്‌തി സംഖ്യയെയോ അവിടുത്തെ പ്രതാപം ശക്‌തന്‍മാരെയോ ആശ്രയിക്കുന്നില്ല. അവിടുന്ന് എളിയവരുടെ ദൈവവും മര്‍ദിതരുടെ സഹായകനുമാണ്; അവശരെ താങ്ങുന്നവനും നിരാധാരരെ പരിപാലിക്കുന്നവനും ആശയറ്റവരെ രക്‌ഷിക്കുന്നവനുമാണ്.
Verse 12: എന്‍െറ പിതാവിന്‍െറ ദൈവമേ, ഇസ്രായേലിന്‍െറ അവകാശത്തിന്‍െറ ദൈവമേ, ഭൂസ്വര്‍ഗങ്ങളുടെ കര്‍ത്താവേ, സമുദ്രങ്ങളുടെ സ്രഷ്‌ടാവേ, അവിടുത്തെ സൃഷ്‌ടികളുടെയെല്ലാം രാജാവേ, എന്‍െറ പ്രാര്‍ഥന ശ്രവിക്കണമേ!
Verse 13: അവിടുത്തെ ഉടമ്പടിക്കും വിശുദ്‌ധഭവനത്തിനും സീയോന്‍മലയ്‌ക്കും അവിടുത്തെ മക്കളുടെ ഗൃഹത്തിനും എതിരായി നിഷ്‌ഠൂരപദ്‌ധതികള്‍ ആസൂത്രണം ചെയ്‌ത അവരെ വ്രണപ്പെടുത്താനും ചതയ്‌ക്കാനും എന്‍െറ വ്യാജോക്‌തികള്‍ക്കു ശക്‌തി നല്‍കണമേ!
Verse 14: അവിടുന്ന് ദൈവമാണെന്നും, എല്ലാ ശക്‌തിയുടെയും പ്രതാപത്തിന്‍െറയും ദൈവമാണെന്നും അവിടുന്നല്ലാതെ ഇസ്രായേല്‍ജനത്തിനു മറ്റൊരു സംരക്‌ഷകനില്ലെന്നും അവിടുത്തെ ജനവും എല്ലാ ജനതയും ഗോത്രങ്ങളും അറിയട്ടെ.