Verse 1: പ്രധാനപുരോഹിതന്‍ ഓനിയാസ് ദൈവ ഭക്‌തനും തിന്‍മയെ വെറുക്കുന്നവനുമായിരുന്നതിനാല്‍ വിശുദ്‌ധനഗരത്തില്‍ സമാധാനം അന്യൂനമായി നിലനിന്നു; നിയമങ്ങള്‍ നന്നായി പാലിക്കപ്പെട്ടു.
Verse 2: അന്ന്, രാജാക്കന്‍മാര്‍ വിശുദ്‌ധസ്‌ഥലത്തെ ആദരിക്കുകയും വിശിഷ്‌ടമായ സമ്മാനങ്ങള്‍ നല്‍കി ദേവാലയത്തെ മഹത്വപ്പെടുത്തുകയും ചെയ്‌തു.
Verse 3: ഏഷ്യയിലെ രാജാവായ സെല്യൂക്കസ്‌പോലും ബലിയര്‍പ്പണത്തിനാവശ്യമായ തുക സ്വന്തം ഭണ്‍ഡാരത്തില്‍ നിന്നു നല്‍കിപ്പോന്നു.
Verse 4: എന്നാല്‍, ബഞ്ചമിന്‍ഗോത്രജനായ ശിമയോന്‍ ദേവാലയവിചാരിപ്പുകാരനായി നിയമിക്കപ്പെട്ടപ്പോള്‍ നഗരത്തിലെ ചന്തയുടെ നടത്തിപ്പ് സംബന്‌ധിച്ച് പ്രധാനപുരോഹിതന്‍ ഓനിയാസുമായി ഇടഞ്ഞു.
Verse 5: ഓനിയാസ് വഴങ്ങാഞ്ഞതിനാല്‍, ശിമയോന്‍ ദക്‌ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപതിയും താര്‍സൂസുകാരനുമായ അപ്പൊളോണിയൂസിനെ സമീപിച്ചു.
Verse 6: ജറുസലെമിലെ ഭണ്‍ഡാരം കണക്കില്ലാത്ത പണംകൊണ്ടു നിറഞ്ഞെന്നും, അതു ബലിയര്‍ പ്പണത്തിന്‍െറ ഇനത്തില്‍പ്പെടുന്നതല്ലെന്നും രാജാവിന്‍െറ നിയന്ത്രണത്തില്‍ വരുത്താന്‍ കഴിയുമെന്നും അവന്‍ അറിയിച്ചു.
Verse 7: രാജാവിനെ സന്‌ദര്‍ശിച്ച്, അപ്പൊളോണിയൂസ് ഈ പണത്തെപ്പറ്റി തനിക്കു കിട്ടിയ വിവരങ്ങള്‍ പറഞ്ഞു. പണം എടുത്തു മാറ്റുന്നതിനു തന്‍െറ കാര്യസ്‌ഥനായ ഹെലിയോദോറസിനെ രാജാവു നിയോഗിച്ചു.
Verse 8: ഹെലിയോദോറസ് ഉടന്‍തന്നെ ദക്‌ഷിണസിറിയായിലെയും ഫെനിഷ്യയിലെയും നഗരങ്ങള്‍ പരിശോധിക്കാനെന്ന ഭാവേന പുറപ്പെട്ടു. രാജകല്‍പന നടപ്പിലാക്കുകയായിരുന്നു അവന്‍െറ യഥാര്‍ഥോദ്‌ദേശ്യം.
Verse 9: ജറുസലെമില്‍ എത്തിയപ്പോള്‍ പ്രധാനപുരോഹിതന്‍ അവനെ സൗഹാര്‍ദപൂര്‍വം സ്വീകരിച്ചു. ആഗമനോദ്‌ദേശ്യമറിയിച്ചശേഷം അവന്‍ തനിക്കു ലഭിച്ചിരുന്ന വിവരങ്ങളുടെ സത്യാവസ്‌ഥയെക്കുറിച്ച് ആരാഞ്ഞു.
Verse 10: വിധവകളുടെയും അനാഥരുടെയും നിക്‌ഷേപങ്ങളും
Verse 11: തോബിയാസിന്‍െറ പുത്രനും ഉന്നതസ്‌ഥാനിയുമായ ഹിര്‍കാനൂസിന്‍െറ നിക്‌ഷേപവും ചേര്‍ന്ന് മൊത്തം നാനൂറു താലന്ത് വെള്ളിയും ഇരുനൂറ് താലന്ത് സ്വര്‍ണവും ഉണ്ടെന്നു പ്രധാന പുരോഹിതന്‍ വിശദീകരിച്ചു. ദുഷ്‌ടനായ ശിമയോന്‍ വസ്‌തുതകള്‍ അങ്ങേയറ്റം തെറ്റിദ്‌ധരിപ്പിച്ചിരുന്നു.
Verse 12: ലോകം മുഴുവന്‍ ആദരിക്കുന്ന ആ ദേവാലയത്തിന്‍െറ പവിത്രതയിലും അഭംഗുരതയിലും ആ സ്‌ഥലത്തിന്‍െറ പരിശുദ്‌ധിയിലും വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനത്തോടു തെറ്റു ചെയ്യുക അസാധ്യമാണെന്നും അവന്‍ പറഞ്ഞു.
Verse 13: എന്നാല്‍ രാജ കല്‍പനയുള്ളതിനാല്‍ പണമെല്ലാം രാജഭണ്‍ ഡാരത്തിലേക്കു കണ്ടുകെട്ടേണ്ടതാണെന്നു ഹെലിയോദോറസ് പറഞ്ഞു.
Verse 14: അനന്തരം, അവന്‍ ഒരു ദിവസം നിശ്‌ചയിച്ച് നിക്‌ഷേപപരിശോധനയുടെ മേല്‍നോട്ടം വഹിക്കാന്‍ അകത്തു പ്രവേശിച്ചു. നഗരം ദുഃഖത്തിലാണ്ടു.
Verse 15: പുരോഹിതന്‍മാര്‍ ഒൗദ്യോഗികവസ്‌ത്രങ്ങളണിഞ്ഞ്, ബലിപീഠത്തിനുമുന്‍പില്‍ സാഷ്‌ടാംഗം വീണ്, നിക്‌ഷേപത്തെക്കുറിച്ചു നിയമം നല്‍കിയ ദൈവത്തോട് അവനിക്‌ഷേപകര്‍ക്കായി കാത്തുസൂക്‌ഷിക്കണമെന്നു പ്രാര്‍ഥിച്ചു.
Verse 16: പ്രധാനപുരോഹിതന്‍െറ അപ്പോഴത്തെനില ഹൃദയഭേദകമായിരുന്നു.
Verse 17: അവന്‍െറ മുഖഭാവവും വൈ വര്‍ണ്യവും ഹൃദയവ്യഥയെ വ്യക്‌തമാക്കി. അവന്‍െറ ഹൃദയവേദന കാണുന്നവര്‍ക്കു വ്യക്‌തമാകത്തക്കവിധം അവനെ ഭയവും വിറയലും ബാധിച്ചു.
Verse 18: വിശുദ്‌ധമന്‌ദിരം അവഹേളിക്കപ്പെടാന്‍ പോകുന്നു എന്നറിഞ്ഞ് ജനം തങ്ങളുടെ വീടു വിട്ടിറങ്ങി, കൂട്ടമായി പ്രാര്‍ഥനയ്‌ക്കു വന്നു.
Verse 19: സ്‌ത്രീകള്‍ ചാക്കുടുത്ത് തെരുവീഥികളില്‍ തടിച്ചുകൂടി. വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കന്യകമാരില്‍ ചിലര്‍ മതിലിലേക്കും ചിലര്‍ കവാടങ്ങളിലേക്കും ഓടി, മറ്റു ചിലര്‍ ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കി.
Verse 20: എല്ലാവരും സ്വര്‍ഗത്തിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു.
Verse 21: ജനം ഒരുമിച്ചു സാഷ്‌ടാംഗം വീണുകിടക്കുന്നതും ഉത്‌കണ്‌ഠയാര്‍ന്ന മഹാപുരോഹിതന്‍ കഠിനവേദന അനുഭവിക്കുന്നതും അതിദയനീയമായ കാഴ്‌ചയായിരുന്നു.
Verse 22: വിശ്വസിച്ചേല്‍പി ച്ചനിക്‌ഷേപങ്ങള്‍ ഉടമസ്‌ഥര്‍ക്കുവേണ്ടി കാത്തുസൂക്‌ഷിക്കണമേ എന്ന് അവര്‍ സര്‍വശക്‌തനായ കര്‍ത്താവിനോടു വിളിച്ചപേക്‌ഷിക്കുമ്പോള്‍
Verse 23: ഹെലിയോദോറസ് ലക്‌ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരുന്നു.
Verse 24: അവന്‍ അംഗരക്‌ഷകരോടൊത്തു ഭണ്‍ഡാരത്തെ സമീപിച്ചപ്പോള്‍ സകല ശക്‌തികളുടെയും സമ്രാട്ടും പരമാധികാരിയുമായവന്‍ അതിമഹത്തായ ശക്‌തി പ്രകടിപ്പിച്ചു. ഹെലിയോദോറസിനെ അനുഗമിക്കാന്‍ ധൈര്യം കാണിച്ചവര്‍ ദൈവത്തിന്‍െറ ശക്‌തി ദര്‍ശിച്ചു സ്‌തബ്‌ധരും ഭയചകിതരുമായി.
Verse 25: പ്രൗഢമായ കോപ്പുകള്‍ അണിഞ്ഞഒരു കുതിര ഭയാനകമായ മുഖഭാവമുളള ഒരുവനെ വഹിച്ചുകൊണ്ട് അവരുടെ മുന്‍പില്‍ പ്രത്യക്‌ഷപ്പെട്ടു. അതു ഹെലിയോദോറസിന്‍െറ നേരേ കോപാവേശത്തോടെ പാഞ്ഞുചെന്നു മുന്‍കാലുകള്‍കൊണ്ട്, അവനെ തൊഴിച്ചു. കുതിരപ്പുറത്തിരുന്നവന്‍ സ്വര്‍ണംകൊണ്ടുള്ള പടച്ചട്ടയും ആയുധങ്ങളും ധരിച്ചിരിക്കുന്നതായി കാണപ്പെട്ടു.
Verse 26: അസാമാന്യമായ കരുത്തുള്ള അതീവസുന്‌ദരന്‍മാരായരണ്ടുയുവാക്കള്‍ മനോഹര വസ്‌ത്രങ്ങള്‍ അണിഞ്ഞ് ഹെലിയോദോറ സിന്‍െറ ഇരുവശങ്ങളിലുംനിന്ന് അവനെ നിരന്തരമായി പ്രഹരിക്കുന്നതായുംകാണപ്പെട്ടു.
Verse 27: അവന്‍ പെട്ടെന്നു നിലംപതിച്ചു, അന്‌ധകാരം അവനെ മൂടി. അനുയായികള്‍ വന്ന് അവനെ എടുത്ത് മഞ്ചത്തില്‍ കിടത്തി.
Verse 28: അവര്‍ അവനെ പുറത്തേക്കു കൊണ്ടുപോയി. വലിയ അകമ്പടിയോടും അംഗരക്‌ഷകരോടുംകൂടെ മേല്‍പറഞ്ഞ ഭണ്‍ഡാരത്തില്‍പ്രവേശി ച്ചഇവന്‍ അപ്പോള്‍തന്നെതികച്ചും നിസ്‌സഹായനായിത്തീര്‍ന്നു. അവര്‍ ദൈവത്തിന്‍െറ പരമമായ ശക്‌തി ദര്‍ശിച്ചു.
Verse 29: ദൈവത്തിന്‍െറ കരം ഏറ്റ് സംസാരശക്‌തി നഷ്‌ടപ്പെട്ട് അതു വീണ്ടുകിട്ടുമെന്ന പ്രതീക്‌ഷയറ്റ് ഹെലിയോദോറസ് നിലത്തു വീണുകിടക്കുമ്പോള്‍ സ്വന്തം ആലയം രക്‌ഷിക്കാന്‍ അദ്‌ഭുതകരമായി പ്രവര്‍ത്തി ച്ചകര്‍ത്താവിനെ യഹൂദജനം വാഴ്‌ത്തി.
Verse 30: അല്‍പസമയം മുന്‍പുവരെ പരിഭ്രമവും അസ്വസ്‌ഥതയും മുറ്റിനിന്ന ദേവാലയത്തില്‍ സര്‍വശക്‌തനായ കര്‍ത്താവു പ്രത്യക്‌ഷീഭവിച്ചതിനാല്‍ ആഹ്ലാദം അലതല്ലി.
Verse 31: അന്ത്യശ്വാസം വലിക്കുകയായിരുന്ന ഹെലിയോദോറസിന്‍െറ ജീവനുവേണ്ടി അ ത്യുന്നതനോടു പ്രാര്‍ഥിക്കാന്‍ അവന്‍െറ മിത്രങ്ങളില്‍ ചിലര്‍ ഓനിയാസിനോട് അഭ്യര്‍ഥിച്ചു.
Verse 32: യഹൂദര്‍ ഹെലിയോദോറസിനെതിരേ ചതി പ്രയോഗിച്ചെന്നു രാജാവ് വിചാരിച്ചേക്കുമോ എന്നു ഭയന്ന് പ്രധാനപുരോഹിതന്‍ അവന്‍െറ സുഖപ്രാപ്‌തിക്കായി ബലിയര്‍പ്പിച്ചു.
Verse 33: പ്രധാനപുരോഹിതന്‍ പരിഹാരബലി അര്‍പ്പിക്കുമ്പോള്‍ അതേയുവാക്കന്‍മാര്‍ വിഭൂഷകളണിഞ്ഞ് ഹെലിയോദോറസിനു വീണ്ടും പ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: പ്രധാനപുരോഹിതനായ ഓനിയാസിനോടു നന്‌ദിയുള്ളവനായിരിക്കുക. അവനെപ്രതിയാണു കര്‍ത്താവ് നിന്‍െറ ജീവന്‍ രക്‌ഷിച്ചത്.
Verse 34: ദൈവത്താല്‍ പ്രഹരിക്കപ്പെട്ട നീ അവിടുത്തെ മഹത്തായ ശക്‌തി ലോകം മുഴുവന്‍ അറിയിക്കുക. ഇതു പറഞ്ഞിട്ട്, അവര്‍ അപ്രത്യക്‌ഷരായി.
Verse 35: ഹെലിയോദോറസ് തന്‍െറ ജീവന്‍ രക്‌ഷി ച്ചകര്‍ത്താവിനു ബലിയര്‍പ്പിക്കുകയും വലിയ നേര്‍ച്ചകള്‍ നേരുകയും ചെയ്‌തു. അവന്‍ ഓനിയാസിനോടു വിടവാങ്ങി രാജ സന്നിധിയിലേക്കു സൈന്യസമേതംയാത്രയായി.
Verse 36: പരമോന്നതനായ ദൈവം പ്രവര്‍ത്തിച്ചതും സ്വനേത്രങ്ങള്‍ കണ്ടതുമായ കാര്യങ്ങള്‍ക്ക് അവന്‍ സകല മനുഷ്യരുടെയും മുന്‍പാകെ സാക്‌ഷ്യം നല്‍കി.
Verse 37: മറ്റൊരു സന്‌ദേശവുമായി ജറുസലെമിലേക്ക് അയയ്‌ക്കപ്പെടാന്‍ ആരാണു യോഗ്യന്‍ എന്നു രാജാവ് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
Verse 38: അങ്ങേക്കു ശത്രുവോ അങ്ങയുടെ ഭരണത്തിനെതിരേ ഗൂഢാലോചന നടത്തുന്നവനോ ഉണ്ടെങ്കില്‍ അവനെ അയയ്‌ക്കുക. അടിമുടി പ്രഹരമേറ്റിട്ട് രക്‌ഷപെട്ടാല്‍ അങ്ങേക്ക് അവനെ തിരിച്ചുകിട്ടും. ദൈവത്തിന്‍െറ ശക്‌തി അവിടെ ഉണ്ടെന്നു തീര്‍ച്ച.
Verse 39: സ്വര്‍ഗസ്‌ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും. അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന് പ്രഹരിച്ചു നശിപ്പിക്കുന്നു.
Verse 40: ഇതാണ് ഹെലിയോദോറസിന്‍െറയും ഭണ്‍ഡാരം സംരക്‌ഷിക്കപ്പെട്ടതിന്‍െറയും കഥ.