Verse 1: അവനു സഹായവും ശക്‌തിയും നല്‍കാന്‍ മേദിയക്കാരനായ ദാരിയൂസിന്‍െറ ഒന്നാം ഭരണവര്‍ഷം ഞാന്‍ എത്തി.
Verse 2: ഇപ്പോള്‍ ഞാന്‍ നിനക്കു സത്യം വെളിപ്പെടുത്തിത്തരും. പേര്‍ഷ്യയില്‍ മൂന്നു രാജാക്കന്‍മാര്‍കൂടി ഉയര്‍ന്നുവരും; നാലാമതൊരുവന്‍, അവരെല്ലാവരെയുംകാള്‍ സമ്പന്നനായിരിക്കും; സമ്പത്തുമൂലം ശക്‌തനായിത്തീരുമ്പോള്‍ അവന്‍ എല്ലാവരെയുംയവനരാജ്യത്തിനെതിരേ ഇളക്കിവിടും.
Verse 3: പിന്നെ ശക്‌ത നായ ഒരു രാജാവു വരും; അവന്‍ വലിയൊരു സാമ്രാജ്യത്തിന്‍െറ അധിപനാകും; സ്വേച്‌ഛാനുസൃതം പ്രവര്‍ത്തിക്കുകയും ചെയ്യും.
Verse 4: അവന്‍ ഉച്ചകോടിയില്‍ എത്തുമ്പോള്‍ അവന്‍െറ സാമ്രാജ്യം തകര്‍ന്ന് ആകാശത്തിന്‍െറ നാലു കാറ്റുകളിലും ലയിക്കും. അത് അവന്‍െറ സന്തതികള്‍ക്കു ലഭിക്കുകയില്ല. അവന്‍െറ പ്രാബല്യം പിന്‍ഗാമികള്‍ക്ക് ഉണ്ടാവുകയില്ല. അവന്‍െറ സാമ്രാജ്യം പിഴുതെടുത്തു അന്യര്‍ക്ക് നല്‍കപ്പെടും.
Verse 5: അപ്പോള്‍ ദക്‌ഷിണദേശത്തെ രാജാവ് പ്രബലനാകും. എന്നാല്‍, അവന്‍െറ പ്രഭുക്കന്‍മാരിലൊരുവന്‍ അവനെക്കാള്‍ ശക്‌തനാകും. അവന്‍െറ സാമ്രാജ്യം വളരെ വിപുലമായിരിക്കും.
Verse 6: കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ സഖ്യം ചെയ്യും. ദക്‌ഷിണദേശത്തെ രാജാവിന്‍െറ പുത്രി സമാധാനം സ്‌ഥാപിക്കാന്‍ ഉത്തരദേശത്തെ രാജാവിന്‍െറ അടുത്ത് എത്തും. എന്നാല്‍ അവളുടെ പ്രാബല്യം നീണ്ടുനില്‍ക്കുകയില്ല. അവനും അവന്‍െറ സന്തതിയും നിലനില്‍ക്കുകയില്ല. അവളും അവളുടെ സേവകരും അവളെ അവകാശപ്പെടുത്തിയിരുന്നവനും വധിക്കപ്പെടും.
Verse 7: ആ കാലങ്ങളില്‍ അവന്‍െറ സ്‌ഥാനത്ത് അവളുടെ വേരുകളില്‍ നിന്ന് ഒരു മുള ഉയര്‍ന്നുവരും; അവന്‍ ഉത്തരദേശത്തെ രാജാവിന്‍െറ സൈന്യത്തിനെതിരേ വന്ന്, കോട്ടയില്‍ പ്രവേശിച്ച്, അവരോടെതിര്‍ത്തു ജയിക്കും.
Verse 8: അവരുടെ ദേവന്‍മാരുടെ വിഗ്രഹങ്ങളും അമൂല്യമായ പൊന്‍വെള്ളിപ്പാത്രങ്ങളും അവന്‍ ഈജിപ്‌തിലേക്കു കൊണ്ടുപോകും; കുറെക്കാലത്തേക്ക് ഉത്തരദേശത്തെ രാജാവിനെ ആക്രമിക്കുന്നതില്‍നിന്ന് അവന്‍ വിട്ടുനില്‍ക്കും.
Verse 9: അപ്പോള്‍ ഉത്തരദേശത്തെ രാജാവ് ദക്‌ഷിണദേശത്തെ രാജാവിന്‍െറ പ്രദേശത്തേക്കു വരും; എന്നാല്‍, അവന്‍ സ്വന്തം നാട്ടിലേക്കു തിരിച്ചുപോകും.
Verse 10: അവന്‍െറ പുത്രന്‍മാര്‍യുദ്‌ധം ചെയ്യുകയും ഒരു മഹാസൈന്യത്തെ ശേഖരിക്കുകയും ചെയ്യും; അവര്‍ ഇരച്ചുകയറും. അങ്ങനെ വീണ്ടും അവന്‍െറ കോട്ടയുടെ അടുത്തുവരെയുദ്‌ധം എത്തും.
Verse 11: അപ്പോള്‍, ദക്‌ഷിണദേശത്തെ രാജാവ് കോപം പൂണ്ടുപുറപ്പെട്ട് വലിയ സൈന്യസന്നാഹമുള്ള ഉത്തരദേശത്തെ രാജാവുമായി ഏറ്റുമുട്ടും. ആ സൈന്യം അവന്‍െറ കൈയില്‍ ഏല്‍പിക്കപ്പെടും.
Verse 12: ആ വ്യൂഹം പിടിക്കപ്പെടുമ്പോള്‍ അവന്‍ അഹങ്കരിക്കുകയും പതിനായിരക്കണക്കിന് ആളുകളെ വീഴ്‌ത്തുകയും ചെയ്യും; പക്‌ഷേ, അവന്‍ പ്രബലനാവുകയില്ല.
Verse 13: ഉത്തരദേശത്തെ രാജാവ് പൂര്‍വാധികം ശക്‌തമായ സൈന്യവ്യൂഹത്തെ വീണ്ടും ഒരുക്കും; ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഒരു മഹാസൈന്യവും വിപുലമായ ആയുധശേഖരവുമായി അവന്‍ വരും.
Verse 14: അക്കാലത്ത് അനേകര്‍ ദക്‌ഷിണദേശത്തെ രാജാവിനെതിരേ ഉയര്‍ന്നുവരും; നിന്‍െറ ജനത്തില്‍പ്പെട്ട അക്രമികള്‍, ഈ ദര്‍ശനം നിവൃത്തിയാകേണ്ടതിന് അവനെതിരേ കലഹിക്കും; എന്നാല്‍, അവര്‍ പരാജയപ്പെടും.
Verse 15: അപ്പോള്‍ ഉത്തരദേശത്തെ രാജാവുവന്ന്, ഉപരോധം ഏര്‍പ്പെടുത്തി, സുരക്‌ഷിതനഗരം പിടിച്ചടക്കും. ദക്‌ഷിണദേശത്തെ സൈന്യത്തിന്, അവന്‍െറ ധീരയോദ്‌ധാക്കള്‍ക്കുപോലും, പിടിച്ചുനില്‍ക്കാന്‍ ശക്‌തിയുണ്ടാവുകയില്ല.
Verse 16: എന്നാല്‍, ആക്രമണകാരി സ്വേച്‌ഛാനുസൃതം പ്രവര്‍ത്തിക്കും; ആര്‍ക്കും അവനെ ചെറുത്തുനില്‍ക്കാന്‍ കഴിയുകയില്ല. മഹത്ത്വത്തിന്‍െറ ദേശത്ത് അവന്‍ നില്‍ക്കുകയും അത് അവന്‍െറ പിടിയില്‍ അമരുകയും ചെയ്യും.
Verse 17: ദക്‌ഷിണദേശത്തെ രാജാവിന്‍െറ പ്രദേശങ്ങള്‍ മുഴുവന്‍ കീഴടക്കാന്‍ അവന്‍ തീരുമാനിക്കും; അവനുമായി സന്‌ധിചെയ്യുകയും, അവനെ നശിപ്പിക്കാന്‍ വേണ്ടി, തന്‍െറ പുത്രിയെ വിവാഹം ചെയ്‌തുകൊടുക്കുകയും ചെയ്യും. എന്നാല്‍, ആ ശ്രമം വിജയിക്കുകയില്ല. അത് അവന് ഉപകരിക്കുകയില്ല.
Verse 18: അനന്തരം അവന്‍ തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് അവയില്‍ പലതും പിടിച്ചടക്കും; പക്‌ഷേ, ഒരു സൈന്യാധിപന്‍ അവന്‍െറ ഒൗദ്‌ധത്യത്തിനു കടിഞ്ഞാണിടും. ആ അഹങ്കാരം അവനെതിരായിത്തന്നെതിരിയും.
Verse 19: അപ്പോള്‍, അവന്‍ സ്വന്തം നാട്ടിലെ കോട്ടകളിലേക്കു മടങ്ങും; പക്‌ഷേ, അവന്‍ കാലിടറിവീഴും; അത് അവന്‍െറ അവസാനമായിരിക്കും.
Verse 20: പിന്നെ, അവന്‍െറ സ്‌ഥാനത്ത് മറ്റൊരുവന്‍ ഉയര്‍ന്നുവരും. അവന്‍ മഹത്ത്വത്തിന്‍െറ ദേശത്തുനിന്നു കപ്പം പിരിക്കാന്‍ ഒരുവനെ അയയ്‌ക്കും; എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ പരസ്യമായിട്ടോയുദ്‌ധത്തിലോ അല്ലാതെ സംഹരിക്കപ്പെടും.
Verse 21: അവന്‍െറ സ്‌ഥാനത്തു നിന്‌ദ്യനായ വേറൊരുവന്‍ ഉയരും; അവനു രാജപദവി ലഭിച്ചിരുന്നില്ല. അവന്‍ മുന്നറിയിപ്പൊന്നും കൂടാതെ ചതിയില്‍ രാജ്യം കരസ്‌ഥമാക്കും.
Verse 22: അവന്‍ തന്‍െറ മുന്‍പില്‍നിന്നു സൈന്യങ്ങളെ, ഉടമ്പടിയുടെ പ്രഭുവിനെപ്പോലും, തൂത്തുമാറ്റും.
Verse 23: സന്‌ധിചെയ്യുന്ന നിമിഷംമുതല്‍ അവന്‍ വഞ്ചനയോടെ പെരുമാറും; അനുയായികള്‍ കുറ ച്ചേഉള്ളുവെങ്കിലും അവന്‍ പ്രബലനാകും.
Verse 24: മുന്നറിയിപ്പുകൂടാതെ, ദേശത്തെ ഏറ്റവും സമ്പന്നമായ ഭാഗങ്ങളിലേക്കു കടന്നുവരും. പിതാക്കന്‍മാരോ പിതാമഹന്‍മാരോ ചെയ്‌തിട്ടില്ലാത്ത ക്രൂരത കള്‍ അവന്‍ ചെയ്യും. തന്‍െറ അനുചരന്‍മാര്‍ക്ക് അവന്‍ കൊള്ളവസ്‌തു പങ്കിട്ടുകൊടുക്കും. അവന്‍ ശക്‌തിദുര്‍ഗങ്ങള്‍ക്കെതിരേ ഉപായങ്ങള്‍ പ്രയോഗിക്കും; പക്‌ഷേ, കുറെക്കാലത്തേക്കു മാത്രമേ അതു വിജയിക്കുകയുള്ളു.
Verse 25: ശക്‌തിയും ധൈര്യവും ഉണര്‍ന്ന് അവന്‍ ഒരു മഹാസൈന്യവുമായി ദക്‌ഷിണദേശത്തെ രാജാവിനെതിരേ വരും; ദക്‌ഷിണദേശത്തെ രാജാവ് വളരെ വലുതും അതിശക്‌തവുമായ ഒരു സൈന്യത്തോടുകൂടെ അവനെ നേരിടും; എന്നാല്‍, ചതിപ്രയോഗംമൂലം അവനു പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല.
Verse 26: അവന്‍െറ മേശയില്‍ ഭക്‌ഷിക്കുന്നവന്‍തന്നെ അവനെ നശിപ്പിക്കും. അവന്‍െറ സൈന്യം നിര്‍മാര്‍ജനം ചെയ്യപ്പെടുകയും അനേകര്‍ മരിച്ചുവീഴുകയും ചെയ്യും.
Verse 27: ഈ രണ്ടു രാജാക്കന്‍മാരുടെയും മനസ്‌സുകള്‍ തിന്‍മയിലേക്കു ചാഞ്ഞിരിക്കും; ഒരേ മേശയ്‌ക്കു ചുറ്റും ഇരുന്നുകൊണ്ട് അവര്‍ അസത്യം പറയും, പക്‌ഷേ, ഒന്നും ഫലിക്കുകയില്ല. കാരണം, അവസാനത്തിനുള്ള നിശ്‌ചിതസമയം ആസന്നമായിട്ടില്ല.
Verse 28: അവന്‍ വലിയ സമ്പത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകും. പക്‌ഷേ, അവന്‍െറ ഹൃദയം വിശുദ്‌ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും; അവന്‍ തന്നിഷ്‌ടം പ്രവര്‍ത്തിക്കുകയും സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്യും.
Verse 29: നിശ്‌ചിതസമയത്ത് അവന്‍ തെക്കോട്ടു മടങ്ങിവരും; ഇത്തവണമുന്‍പത്തേതുപോലെ ആയിരിക്കുകയില്ല.
Verse 30: കിത്തിമിലെ കപ്പലുകള്‍ അവനെ എതിര്‍ക്കും; അവന്‍ ഭയപ്പെട്ട്, പിന്‍മാറി, തിരിച്ചുവന്ന്, ക്രുദ്‌ധനായി വിശുദ്‌ധ ഉടമ്പടിക്കെതിരേ പ്രവര്‍ത്തിക്കും. അവന്‍ പിന്‍വാങ്ങി വിശുദ്‌ധ ഉടമ്പടി ഉപേക്‌ഷിച്ചവരുടെ വാക്കു ശ്രവിക്കും.
Verse 31: അവന്‍െറ സൈന്യം വന്ന് ദേവാലയവും കോട്ടയും അശുദ്‌ധമാക്കുകയും നിരന്തര ദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്‍െറ മ്‌ളേച്‌ഛ വിഗ്രഹം അവിടെ സ്‌ഥാപിക്കും.
Verse 32: ഉടമ്പടി ലംഘിക്കുന്നവരെ അവന്‍ മുഖ സ്‌തുതികൊണ്ടു വഴിതെറ്റിക്കും; എന്നാല്‍, തങ്ങളുടെ ദൈവത്തെ അറിയുന്നവര്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും.
Verse 33: കുറേക്കാലത്തേക്ക് അവര്‍ വാളും തീയും അടിമത്തവും കവര്‍ച്ചയുംകൊണ്ട് വീഴുമെങ്കിലും ജനത്തിന്‍െറ ഇടയിലെ ജ്‌ഞാനികള്‍ അനേകര്‍ക്ക് അറിവുപകരും.
Verse 34: വീഴുമ്പോള്‍ അവര്‍ക്കു സഹായം ലഭിക്കാതിരിക്കുകയില്ല. അവരോടു ചേ രുന്ന പലരും കപടോദ്‌ദേശ്യത്തോടെ ആയിരിക്കും അങ്ങനെ ചെയ്യുക.
Verse 35: ജ്‌ഞാനികളില്‍ ചിലര്‍ വീഴും. ജനത്തെ അവസാനദിവസത്തേക്കു ശുദ്‌ധീകരിക്കാനും നിര്‍മലരാക്കിവെണ്‍മയുറ്റവരാക്കാനും വേണ്ടിയായിരിക്കും അത്. അന്തിമദിനം വരാനിരിക്കുന്നതേയുള്ളു.
Verse 36: രാജാവ് സ്വേച്‌ഛാനുസൃതം പ്രവര്‍ത്തിക്കും. അവന്‍ തന്നെത്തന്നെ ഉയര്‍ത്തുകയും സകല ദേവന്‍മാര്‍ക്കും ഉപരിയായി മഹത്വപ്പെടുത്തുകയും, ദേവന്‍മാര്‍ക്കും ദൈവമായവനെതിരേ ഭീകരദൂഷണം പറയുകയും ചെയ്യും; ക്രോധം പൂര്‍ത്തിയാകുന്നതുവരെ അവന്‍ അഭിവൃദ്‌ധി പ്രാപിക്കും; എന്തെന്നാല്‍, നിശ്‌ചയിക്കപ്പെട്ടത് സംഭവിക്കേണ്ടിയിരിക്കുന്നു.
Verse 37: തന്‍െറ പിതാക്കന്‍മാരുടെ ദേവന്‍മാരെയോ സ്‌ത്രീകളുടെ ഇഷ്‌ടദേവനെയോ അവന്‍ കൂട്ടാക്കുകയില്ല; എല്ലാവര്‍ക്കുമുപരി തന്നെത്തന്നെ പ്രതിഷ്‌ഠിക്കുന്നതിനാല്‍ അവന്‍ ഒരു ദേവനെയും വകവയ്‌ക്കുകയില്ല.
Verse 38: അവയ്‌ക്കു പകരം അവന്‍ കോട്ടകളുടെദേവനെ ആദരിക്കും; തന്‍െറ പിതാക്കന്‍മാര്‍ അറിയാത്ത ദേവനെ സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, വിലയേറിയ സമ്മാനങ്ങള്‍ എന്നിവകൊണ്ട് അവന്‍ ബഹുമാനിക്കും.
Verse 39: ഏറ്റവും ശക്‌തമായ കോട്ടകളോട് അന്യദേവന്‍െറ സഹായത്തോടെ അവന്‍ പൊരുതും; തന്നെ അംഗീകരിക്കുന്നവര്‍ക്ക് അവന്‍ വലിയ ബഹുമതികള്‍ നല്‍കും. അവന്‍ അവരെ അനേകരുടെ മേല്‍ അധിപതികളാക്കുകയും ദേശം വിഭജിച്ച് അവര്‍ക്കു വില്‍ക്കുകയും ചെയ്യും.
Verse 40: അവസാനനാളില്‍ ദക്‌ഷിണദേശത്തെ രാജാവ് അവനെ ആക്രമിക്കും; പക്‌ഷേ, ഉത്തരദേശരാജാവ് രഥങ്ങളും അശ്വസേനയും അനേകം കപ്പലുകളുമായി, ചുഴലിക്കാറ്റുപോലെ, അവനെതിരേ ആഞ്ഞടിക്കും; രാജ്യങ്ങളുടെമേല്‍ ഇരച്ചുകയറുകയും ചെയ്യും.
Verse 41: അവന്‍ മഹത്വത്തിന്‍െറ ദേശത്തു വന്നെത്തും. പതിനായിരക്കണക്കിന് ആളുകള്‍ വീഴും. എന്നാല്‍ ഏദോമും, മൊവാബും, അമ്മോന്യരുടെ പ്രധാന ഭാഗങ്ങളും അവന്‍െറ കൈയില്‍നിന്നു മോചിപ്പിക്കപ്പെടും.
Verse 42: അവന്‍ രാജ്യങ്ങള്‍ക്കെതിരേ കൈനീട്ടും; ഈജിപ്‌തുദേശം രക്‌ഷപെടുകയില്ല.
Verse 43: അവന്‍ ഈജിപ്‌തിലെ സ്വര്‍ണവും വെള്ളിയും മറ്റ് അമൂല്യവസ്‌തുക്കളും സ്വന്തമാക്കും. ലിബിയക്കാരും എത്യോപ്യാക്കാരും അവനെ അനുഗമിക്കും.
Verse 44: എന്നാല്‍, കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാര്‍ത്തകള്‍ അവനെ അസ്വസ്‌ഥനാക്കും; അവന്‍ മഹാകോപത്തോടെ പുറപ്പെട്ട് അനേകരെ ഉന്‍മൂലനം ചെയ്യും.
Verse 45: അവന്‍ തന്‍െറ രാജമന്‌ദിരസദൃശമായ കൂടാരങ്ങള്‍ കടലിനും മഹത്വപൂര്‍ണമായ വിശുദ്‌ധഗിരിക്കും ഇടയ്‌ക്കു നിര്‍മിക്കും; എങ്കിലും സഹായിക്കാന്‍ ആരുമില്ലാതെ അവന്‍െറ ജീവിതം ഒടുങ്ങും.