Verse 1: യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു.
Verse 2: ഹില്‍ക്കിയായുടെ മകളും അതീവസുന്‌ദരിയും ദൈവ ഭക്‌തയും ആയ സൂസന്നയെ അവന്‍ വിവാഹംചെയ്‌തു.
Verse 3: അവളുടെ മാതാപിതാക്കന്‍മാര്‍ നീതിനിഷ്‌ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
Verse 4: യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേര്‍ന്ന് അവനു വിസ്‌തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവന്‍ എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ കാണാന്‍ വരുക പതിവായിരുന്നു.
Verse 5: അക്കൊല്ലം ജനത്തിന്‍െറ ഇടയില്‍നിന്നു രണ്ടു ശ്രഷ്‌ഠന്‍മാര്‍ന്യായാധിപന്‍മാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവ് അരുളിച്ചെയ്‌തിരുന്നു: ബാബിലോണില്‍നിന്ന് ജനത്തെ ഭരിക്കേണ്ടവരുംന്യായാധിപന്‍മാരുമായ ശ്രഷ്‌ഠന്‍മാരില്‍നിന്ന് അകൃത്യം പുറപ്പെട്ടു.
Verse 6: ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്‍െറ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു.
Verse 7: ഉച്ചയ്‌ക്ക് ആളുകള്‍ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്‍െറ ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും.
Verse 8: എല്ലാ ദിവസ വും അവളെ ഈ രണ്ടു ശ്രഷ്‌ഠന്‍മാരും കാണാറുണ്ട്. അവര്‍ക്ക് അവളില്‍ അഭിലാഷം ജനിച്ചു.
Verse 9: അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മബോധവും കൈവെടിഞ്ഞു.
Verse 10: അവളോടുള്ള അത്യാസക്‌തി അവര്‍ ഇരുവരെയും കീഴടക്കി; പക്‌ഷേ, തങ്ങളുടെ മനോവ്യഥ അവര്‍ പരസ്‌പരം പറഞ്ഞില്ല;
Verse 11: അവളെ പ്രാപിക്കാനുള്ള ആസക്‌തി വെളിപ്പെടുത്താന്‍ അവര്‍ ലജ്‌ജിച്ചു.
Verse 12: എന്നാല്‍, ദിനംതോറും അവര്‍ അവളെ നോക്കിക്കൊണ്ടിരുന്നു.
Verse 13: അവര്‍ അന്യോന്യം പറഞ്ഞു: ഭക്‌ഷണ സമയമായി. നമുക്കു വീട്ടിലേക്കു പോകാം. പുറത്തിറങ്ങിയ അവര്‍ രണ്ടു വഴിക്കുപോയി.
Verse 14: എന്നാല്‍ മടങ്ങിവന്ന് അവര്‍ വീണ്ടും കണ്ടുമുട്ടി. ഇരുവരും കാരണം പറയാന്‍ നിര്‍ബന്‌ധിച്ചപ്പോള്‍, അവര്‍ തങ്ങളുടെ അഭിലാഷം പരസ്‌പരം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവര്‍ പറഞ്ഞൊത്തു.
Verse 15: അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവള്‍ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവള്‍ കുളിക്കാന്‍ ഒരുങ്ങി.
Verse 16: ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രഷ്‌ഠന്‍മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
Verse 17: അവള്‍ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.
Verse 18: വാതില്‍ അടയ്‌ക്കുവിന്‍. അ തനുസരിച്ച്, അവര്‍ വാതില്‍ അടച്ചിട്ട്, തങ്ങളോടാവശ്യപ്പെട്ടവ കൊണ്ടുവരാന്‍ പിന്‍വാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രഷ്‌ഠന്‍മാരെ അവര്‍ കണ്ടില്ല.
Verse 19: തോഴിമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടു ശ്രഷ്‌ഠന്‍മാര്‍ അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു:
Verse 20: ഇതാ, ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു; ആരും നമ്മെകാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക.
Verse 21: നീ വിസമ്മതിച്ചാല്‍, നിന്‍െറ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതുകൊണ്ടാണ് തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങള്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തും.
Verse 22: സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്‍െറ മരണമാണ്. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ കൈയില്‍നിന്ന് രക്‌ഷപെടുകയില്ല.
Verse 23: കര്‍ത്താവിന്‍െറ മുന്‍പില്‍ പാപം ചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ പിടിയില്‍പ്പെടുന്നതാണു ഞാന്‍ ഇഷ്‌ടപ്പെടുന്നത്.
Verse 24: സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രഷ്‌ഠന്‍മാര്‍ അവള്‍ക്കെതിരേ അട്ടഹസിച്ചു.
Verse 25: അവരിലൊരാള്‍ ഓടിച്ചെന്ന് ഉദ്യാനവാതില്‍ തുറന്നു.
Verse 26: ഉദ്യാനത്തില്‍നിന്ന് അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്‌ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി.
Verse 27: ശ്രഷ്‌ഠന്‍മാര്‍ പറഞ്ഞകഥ കേട്ട് വേലക്കാര്‍ അത്യന്തം ലജ്‌ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവര്‍ കേട്ടിരുന്നില്ല.
Verse 28: അടുത്തദിവസം, അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്‍െറ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ടു ശ്രഷ്‌ഠന്‍മാരും എത്തിച്ചേര്‍ന്നു.
Verse 29: അവര്‍ ജനത്തോടു പറഞ്ഞു: ഹില്‍ക്കിയായുടെ മകളും യൊവാക്കിമിന്‍െറ ഭാര്യയുമായ സൂസന്നയെ കൊണ്ടുവരുവിന്‍.
Verse 30: അവര്‍ അവളെ കൊണ്ടുവന്നു. തന്‍െറ മാതാപിതാക്കന്‍മാരോടും കുട്ടികളോടും ബന്‌ധുക്കളോടും കൂടെയാണ് അവള്‍ വന്നത്.
Verse 31: സൂസന്ന സംസ്‌കൃതചിത്തയും സുന്‌ദരിയുമായിരുന്നു.
Verse 32: അവളുടെ സൗന്‌ദര്യം ആസ്വദിക്കാന്‍ വേണ്ടി മൂടുപടം മാറ്റാന്‍ ആദുഷ്‌ടന്‍മാര്‍ ആജ്‌ഞാപിച്ചു.
Verse 33: അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു.
Verse 34: അപ്പോള്‍ ആ രണ്ടു ശ്രഷ്‌ഠന്‍മാര്‍ ജനമധ്യേ എഴുന്നേറ്റുനിന്ന് അവളുടെ തലയില്‍ കരങ്ങള്‍ വച്ചു.
Verse 35: അവള്‍ കരഞ്ഞുകൊണ്ട് സ്വര്‍ഗത്തിലേക്കു ദൃഷ്‌ടികളുയര്‍ത്തി; അവള്‍ കര്‍ത്താവില്‍ ആശ്രയം അര്‍പ്പിച്ചു.
Verse 36: ശ്രഷ്‌ഠന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ തനിച്ച് ഉദ്യാനത്തില്‍ നടക്കുമ്പോള്‍, ഇവള്‍ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതിലടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്‌തു.
Verse 37: അപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരുയുവാവു വന്ന് ഇവളോടുകൂടെ ശയിച്ചു.
Verse 38: ഞങ്ങള്‍ ഉദ്യാനത്തില്‍ ഒരു കോണിലായിരുന്നു; ഈ ദുഷ്‌ടത കണ്ട് ഞങ്ങള്‍ ഓടിച്ചെന്നു.
Verse 39: അവര്‍ ആലിംഗനം ചെയ്യുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ ഞങ്ങളെക്കാള്‍ ശക്‌തനായിരുന്നതിനാല്‍ , ഞങ്ങള്‍ക്ക് അവനെ പിടിക്കാന്‍ കഴിഞ്ഞില്ല; അവന്‍ വാതില്‍ തുറന്ന് ഓടിമറഞ്ഞു.
Verse 40: അതുകൊണ്ട് ഞങ്ങള്‍ ഇവളെ പിടിച്ച്, അവന്‍ ആരാണെന്നു ചോദിച്ചു; അവള്‍ പറഞ്ഞില്ല. ഇതു ഞങ്ങള്‍ സാക്‌ഷ്യപ്പെടുത്തുന്നു.
Verse 41: കൂടിയിരുന്നവര്‍ അവരെ വിശ്വസിച്ചു; കാരണം, അവര്‍ ജനത്തിന്‍െറ ശ്രഷ്‌ഠന്‍മാരുംന്യായാധിപന്‍മാരുമായിരുന്നു; അവര്‍ അവളെ മരണത്തിനു വിധിച്ചു.
Verse 42: അപ്പോള്‍ സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്‌തുക്കള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവയെ അറിയുന്നവനേ,
Verse 43: ഇവര്‍ എനിക്കെതിരേ കള്ളസാക്‌ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നുവല്ലോ. ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്‌ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്‌തിട്ടില്ല.
Verse 44: കര്‍ത്താവ് അവളുടെ നിലവിളി കേട്ടു.
Verse 45: അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്‍െറ പരിശുദ്‌ധമായ ആത്‌മാവിനെ കര്‍ത്താവ് ഉണര്‍ത്തി.
Verse 46: അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ഇവളുടെ രക്‌തത്തില്‍ എനിക്കു പങ്കില്ല.
Verse 47: ജനം അവന്‍െറ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്?
Verse 48: അവരുടെ മധ്യേ നിന്നുകൊണ്ട് അവന്‍ പറഞ്ഞു: ഇസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്‍മാരാണോ? വിചാരണ നടത്താതെയും വസ്‌തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്‌ഷയ്‌ക്കു വിധിക്കുന്നുവോ?
Verse 49: വിചാരണ സ്‌ഥലത്തേക്കു മടങ്ങുവിന്‍, കാരണം, ഈ മനുഷ്യര്‍ ഇവള്‍ക്കെതിരേ കള്ളസാക്‌ഷ്യം പറഞ്ഞിരിക്കുന്നു.
Verse 50: അവര്‍ വേഗം മടങ്ങി. ശ്രഷ്‌ഠന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന് നിന്‍െറ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രഷ്‌ഠസ്‌ഥാനം നല്‍കിയിട്ടുണ്ടല്ലോ.
Verse 51: ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്‌പരം ദൂരെ മാറ്റി നിര്‍ത്തുക; ഞാന്‍ അവരെ വിസ്‌തരിക്കാം.
Verse 52: അവരെ തമ്മില്‍ അകറ്റി നിര്‍ത്തിയിട്ട്, അവന്‍ അവരില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്‌ടതയില്‍ തഴക്കം നേടിയവനേ, നിന്‍െറ മുന്‍കാല പാപങ്ങള്‍ നിന്‍െറ മേല്‍ പതിച്ചിരിക്കുന്നു.
Verse 53: നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത് എന്ന് കര്‍ത്താവ് കല്‍പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്‌ഷയ്‌ക്കുവിധിച്ചു. തെറ്റു ചെയ്‌തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികള്‍ നീ പ്രസ്‌താവിച്ചു.
Verse 54: എന്നാല്‍, നീ അവളെ കണ്ടു എന്നത് സത്യമാണെങ്കില്‍ ഞാന്‍ ചോദിക്കുന്നതിന് ഇപ്പോള്‍ ഉത്തരം പറയുക. ഏതു വൃക്‌ഷത്തിന്‍െറ ചുവട്ടിലാണ് ആലിംഗനബദ്‌ധരായി അവരെ നീ കണ്ടത്? ഒരു കരയാമ്പൂമരത്തിന്‍െറ ചുവട്ടില്‍- അവന്‍ മറുപടി പറഞ്ഞു.
Verse 55: ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്‍െറ നുണ നിന്‍െറ തന്നെതലയ്‌ക്കു തിരിഞ്ഞടിക്കും. ദൈവദൂതന്, ദൈവത്തില്‍നിന്നു കല്‍പന ലഭിച്ചിരിക്കുന്നു. അവന്‍ ഉടനെ നിന്നെ രണ്ടായി പിളര്‍ന്നുകളയും.
Verse 56: അവനെ മാറ്റി നിര്‍ത്തിയിട്ട് അപരനെ കൊണ്ടു വരാന്‍ ദാനിയേല്‍ ആജ്‌ഞാപിച്ചു. ദാനിയേല്‍ അവനോടു പറഞ്ഞു: കാനാന്‍െറ സന്തതീ, നീ യൂദാഗോത്രത്തില്‍പ്പെട്ടവനല്ല. സൗന്‌ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്‌തി നിന്‍െറ ഹൃദയത്തെ വഴിതെറ്റിക്കുകയും ചെയ്‌തിരിക്കുന്നു.
Verse 57: ഇങ്ങനെയാണു നിങ്ങള്‍ ഇരുവരും ഇസ്രായേല്‍ പുത്രിമാരോടു പെരുമാറിയത്. ഭയംമൂലം അവര്‍ നിങ്ങളോടൊപ്പം ശയിച്ചു; പക്‌ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്‌ടതയ്‌ക്കു വഴങ്ങിയില്ല.
Verse 58: എന്നാല്‍, ഇപ്പോള്‍ എന്നോടു പറയുക, ഏതു വൃക്‌ഷത്തിന്‍െറ ചുവട്ടില്‍വച്ചാണ് ആലിംഗനബദ്‌ധരായി അവരെ നീ കണ്ടത്? തഴച്ചുവളരുന്ന ഒരുകരുവേലകത്തിന്‍െറ ചുവട്ടില്‍ - അവന്‍ മറുപടി നല്‍കി.
Verse 59: ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്‍െറ നുണ നിന്‍െറ തലയ്‌ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിന് ദൈവദൂതന്‍ വാളുമായി കാത്തുനില്‍ക്കുന്നു; അവന്‍ നിങ്ങള്‍ ഇരുവരെയും നശിപ്പിക്കും.
Verse 60: അപ്പോള്‍ കൂടിയിരുന്നവര്‍ അത്യുച്ചത്തില്‍ അട്ടഹസിക്കുകയും, തന്നില്‍ പ്രത്യാശ വയ്‌ക്കുന്നവരെ രക്‌ഷിക്കുന്ന ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു.
Verse 61: അവര്‍ ആ രണ്ടു ശ്രഷ്‌ഠന്‍മാര്‍ക്കെതിരേ തിരിഞ്ഞു: എന്തെന്നാല്‍, അവര്‍ കള്ളസാക്‌ഷ്യം പറയുന്നെന്ന് അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു.
Verse 62: തങ്ങളുടെ അയല്‍ക്കാരിക്ക് അവര്‍ നല്‍കാന്‍ ദുഷ്‌ടതയോടെ തീരുമാനി ച്ചശിക്‌ഷ അവര്‍ക്കു നല്‌കി. മോശയുടെ നിയമമനുസരിച്ച് ജനം അവരെ വധിച്ചു. അങ്ങനെ നിഷ്‌കളങ്കയായ ഒരുവള്‍ അന്നു രക്‌ഷപെട്ടു.
Verse 63: ഹില്‍ക്കിയായും ഭാര്യയും തങ്ങളുടെ മകളായ സൂസന്നയെപ്രതി ദൈവത്തെ സ്‌തുതിച്ചു; അവളുടെ ഭര്‍ത്താവായ യൊവാക്കിമും ബന്‌ധുക്കളെല്ലാവരും അങ്ങനെതന്നെ ചെയ്‌തു; എന്തെന്നാല്‍, ലജ്‌ജാകരമായയാതൊന്നും അവളില്‍ കാണപ്പെട്ടില്ല.
Verse 64: അന്നുമുതല്‍ ജനത്തിന്‍െറ ഇടയില്‍ ദാനിയേലിനു വലിയ കീര്‍ത്തി ഉണ്ടായി.