1 Maccabees - Chapter 2

Verse 1: ശിമയോന്‍െറ പുത്രനായ യോഹന്നാന്‍െറ പുത്രനും യൊവാറിബ്‌ കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ്‌ ജറുസലെമില്‍നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.

Verse 2: അവന്‌ അഞ്ചു പുത്രന്‍മാരുണ്ടായിരുന്നു. ഗദ്‌ദി എന്ന യോഹന്നാന്‍,

Verse 3: താസി എന്ന ശിമയോന്‍,

Verse 4: മക്കബേയൂസ്‌ എന്ന യൂദാസ്‌,

Verse 5: അവരാന്‍ എന്ന എലെയാസര്‍, ആഫൂസ്‌ എന്ന ജോനാഥാന്‍.

Verse 6: യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങള്‍ കണ്ട്‌ മത്താത്തിയാസ്‌ വിലപിച്ചു:

Verse 7: കഷ്‌ടം! ഞാന്‍ എന്തിനു ജനിച്ചു! എന്‍െറ ജനം നശിക്കുന്നതും വിശുദ്‌ധനഗരം തകരുന്നതും കാണാനോ! ജനങ്ങള്‍ ശത്രുക്കള്‍ക്ക്‌ അടിയറവയ്‌ക്കപ്പെടുന്നതും വിശുദ്‌ധസ്‌ഥലം പരദേശികള്‍ക്ക്‌ ഏല്‍പിക്കപ്പെടുന്നതും കണ്ട്‌ വെറുതെയിരിക്കാനോ!

Verse 8: അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു.

Verse 9: അവളുടെ വിശിഷ്‌ടപാത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങള്‍ തെരുവുകളില്‍ വച്ചു വധിക്കപ്പെട്ടു.യുവാക്കള്‍ ശത്രുക്കളുടെ വാളിന്‌ ഇരയായി.

Verse 10: അവളുടെ കൊട്ടാരങ്ങള്‍ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയും ചെയ്യാത്ത ഏതു രാജ്യമുണ്ട്‌?

Verse 11: അവളുടെ ആടയാഭരണങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേല്‍ അവള്‍ സ്വതന്ത്രയല്ല, അടിമയാണ്‌.

Verse 12: നമ്മുടെ അഴകും മഹിമയുമായ വിശുദ്‌ധ സ്‌ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയര്‍ അതിനെ അശുദ്‌ധമാക്കിയിരിക്കുന്നു.

Verse 13: നാം ഇനി എന്തിനു ജീവിക്കുന്നു?

Verse 14: മത്താത്തിയാസും പുത്രന്‍മാരും വസ്‌ത്രം കീറി, ചാക്കുടുത്ത്‌, ഏറെ വിലപിച്ചു.

Verse 15: ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്‌ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി.

Verse 16: ഇസ്രായേലില്‍നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്‍മാരും അവിടെ ഒരുമിച്ചുകൂടി.

Verse 17: രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്‌. പുത്രന്‍മാരുടെയും സഹോദരന്‍മാരുടെയും പിന്തുണയും നിനക്കുണ്ട്‌.

Verse 18: സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെ മില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്‌തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്‍മാരും രാജാവിന്‍െറ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളുംകൊണ്ട്‌ നീയും പുത്രന്‍മാരും ബഹുമാനിതരാവുകയും ചെയ്യും.

Verse 19: എന്നാല്‍, മത്താത്തിയാസ്‌ മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്‍െറ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ മതവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച്‌ അവന്‍െറ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയുംചെയ്‌താലും

Verse 20: ഞാനും എന്‍െറ പുത്രന്‍മാരും എന്‍െറ സഹോദരന്‍മാരും ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.

Verse 21: നിയമവും കല്‍പനകളും ഞങ്ങള്‍ ഒരുനാളും തിരസ്‌കരിക്കുകയില്ല.

Verse 22: രാജ കല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.

Verse 23: മത്താത്തിയാസ്‌ ഈ വാക്കുകള്‍ അവ സാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജ കല്‍പനപ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍മുന്നോട്ടുവന്നു.

Verse 24: അതുകണ്ട്‌ മത്താത്തിയാസ്‌ തീക്‌ഷ്‌ണതകൊണ്ടു ജ്വലിച്ചു; അവന്‍െറ ഹൃദയം പ്രക്‌ഷുബ്‌ധമായി. ധാര്‍മികരോഷം പൂണ്ട്‌ അവന്‍ പാഞ്ഞുചെന്ന്‌ ആ യഹൂദനെ ബലിപീഠത്തില്‍വച്ചുതന്നെ വധിച്ചു.

Verse 25: ബലിയര്‍പ്പിക്കാന്‍ നിര്‍ബന്‌ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി.

Verse 26: സാലുവിന്‍െറ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ്‌ എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്‌ഷ്‌ണതയാല്‍ അവന്‍ ജ്വലിച്ചു.

Verse 27: മത്താത്തിയാസ്‌ സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്‌ഷ്‌ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍!

Verse 28: അതിനുശേഷം അവനും പുത്രന്‍മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്‌ഷിച്ച്‌ മലകളിലേക്ക്‌ ഓടിപ്പോയി.

Verse 29: നീതിക്കുംന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്കു താമസം മാറ്റി;

Verse 30: അവരോടൊപ്പം പുത്രന്‍മാരും ഭാര്യമാരും ആടുമാടുകളും ഉണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ്‌ അവരെ ഇതിനു പ്രരിപ്പിച്ചത്‌.

Verse 31: രാജകല്‍പന നിരസിച്ചവര്‍ വനാന്തരങ്ങളിലെ ഒളിസ്‌ഥലങ്ങളിലേക്കുപോയി എന്നു രാജസേവകന്‍മാര്‍ക്കും ദാവീദിന്‍െറ നഗരമായ ജറുസലെമിലെ ഭടന്‍മാര്‍ക്കും വിവരംകിട്ടി.

Verse 32: വളരെപ്പേര്‍ അവരെ അനുധാവനം ചെയ്‌തു. അവരെ മറികടന്ന്‌ അവര്‍ക്കെതിരായി പാളയമടിച്ചു. സാബത്തുദിവസം അവരെ ആക്രമിക്കാന്‍ സന്നാഹങ്ങളൊരുക്കി. അവര്‍ വിളിച്ചു പറഞ്ഞു:

Verse 33: എതിര്‍പ്പ്‌ അവസാനിപ്പിക്കുവിന്‍. പുറത്തുവന്ന്‌ രാജാവു കല്‍പിക്കുന്നത്‌ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങളുടെ ജീവന്‍ സുരക്‌ഷിതമായിരിക്കും.

Verse 34: അവര്‍ പ്രതിവചിച്ചു: ഞങ്ങള്‍ വരുകയില്ല. രാജശാസനപ്രകാരം പ്രവര്‍ത്തിച്ച്‌ ഞങ്ങള്‍ സാബത്തുദിവസം അശുദ്‌ധമാക്കുകയില്ല.

Verse 35: ഉടനെ ശത്രുക്കള്‍ അവരെ ആക്രമിക്കാന്‍ പാഞ്ഞടുത്തു.

Verse 36: എന്നാല്‍, അവര്‍ ശത്രുക്കള്‍ക്ക്‌ ഉത്തരം നല്‍കുകയോ അവര്‍ക്കുനേരേ കല്ലെറിയുകയോ തങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പ്രതിരോധം ഏര്‍പ്പെടുത്തുകയോ ചെയ്‌തില്ല.

Verse 37: നിഷ്‌കളങ്കരായിത്തന്നെ ഞങ്ങള്‍ മരിക്കട്ടെ. അന്യായമാണ്‌ നിങ്ങള്‍ ഞങ്ങളെകൊല്ലുന്നത്‌ എന്നതിന്‌ ആകാശവും ഭൂമിയും സാക്‌ഷി - ഇതായിരുന്നു അവരുടെ പ്രതികരണം.

Verse 38: ശത്രുക്കള്‍ സാബത്തുദിവസം അവരെ ആക്രമിച്ചു. ആയിരത്തോളമാളുകള്‍ ഭാര്യമാരോടും കുട്ടികളോടും ആടുമാടുകളോടുമൊപ്പം മരണമടഞ്ഞു.

Verse 39: ഇതറിഞ്ഞ്‌ മത്താത്തിയാസും സ്‌നേഹിതരും അവരെയോര്‍ത്തു തീവ്രമായി വിലപിച്ചു.

Verse 40: അവര്‍ പരസ്‌പരം പറഞ്ഞു: നമ്മുടെ സഹോദരരെ അനുകരിച്ചു ജീവനും പ്രമാണങ്ങള്‍ക്കുംവേണ്ടി നമ്മളും വിജാതീയര്‍ക്കെതിരേയുദ്‌ധം ചെയ്യാതിരുന്നാല്‍, അവര്‍ വേഗം നമ്മെഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും.

Verse 41: അന്ന്‌ അവര്‍ ഇങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെആക്രമിക്കാന്‍ വരുന്നവരോടു നാംയുദ്‌ധം ചെയ്യണം; നമ്മുടെ സഹോദരര്‍ ഒളിസങ്കേതങ്ങളില്‍ മരിച്ചു വീണതുപോലെ നമുക്കു സംഭവിക്കാന്‍ ഇടയാകരുത്‌.

Verse 42: ഇസ്രായേലിലെ ധീരയോദ്‌ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേര്‍ന്നു. നിയമത്തിനുവേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായിരുന്നു അവര്‍.

Verse 43: ക്ലേശങ്ങളില്‍ നിന്നു രക്‌ഷനേടാന്‍വേണ്ടി പലായനം ചെയ്‌തവരും അവരോടു ചേര്‍ന്ന്‌ അവരുടെ ശക്‌തി വര്‍ദ്‌ധിപ്പിച്ചു.

Verse 44: അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച്‌ പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്‌ത്തി. രക്‌ഷപെട്ടവര്‍ വിജാതീയരുടെ അടുക്കല്‍ അഭയംതേടി.

Verse 45: മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു.

Verse 46: ഇസ്രായേ ലിന്‍െറ അതിര്‍ത്തികള്‍ക്കുള്ളില്‍ അപരിച്‌ ഛേദിതരായി കണ്ട ബാലന്‍മാരെ അവര്‍ ബലമായി പരിച്‌ഛേദനം ചെയ്‌തു.

Verse 47: ധിക്കാരികളെ അവര്‍ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു.

Verse 48: വിജാതീയരുടെയും രാജാക്കന്‍മാരുടെയും കൈകളില്‍ നിന്നു നിയമത്തെ അവര്‍ പരിരക്‌ഷിച്ചു. പാപിയുടെ കരം പ്രബലമാകാന്‍ അവര്‍ അനുവദിച്ചില്ല.

Verse 49: മത്താത്തിയാസിന്‍െറ മരണം അടുത്തു. അവന്‍ പുത്രന്‍മാരെ വിളിച്ചു പറഞ്ഞു: അഹങ്കാരവും നിന്‌ദയും ശക്‌തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്‍െറയും നാശത്തിന്‍െറയും നാളുകളാണിത്‌.

Verse 50: അതിനാല്‍, എന്‍െറ മക്കളേ, നിയമത്തെപ്രതി തീക്‌ഷ്‌ണ തയുള്ളവരായിരിക്കുവിന്‍. നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിക്കായി ജീവന്‍തന്നെ അര്‍പ്പിക്കുവിന്‍.

Verse 51: തലമുറകളായി പിതാക്കന്‍മാര്‍ ചെയ്‌ത പ്രവൃത്തികള്‍ ഓര്‍ക്കുവിന്‍. ഉന്നതമഹത്വവും അനശ്വരകീര്‍ത്തിയും ആര്‍ജിക്കുവിന്‍.

Verse 52: പരീക്‌ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വസ്‌തനായി കാണപ്പെട്ടില്ലേ? അത്‌ അവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ.

Verse 53: കഷ്‌ടതയുടെ കാലത്ത്‌ ജോസഫ്‌ കല്‍പനകള്‍ പാലിക്കുകയും ഈജിപ്‌തിന്‍െറ അധികാരിയായി ഉയരുകയും ചെയ്‌തു.

Verse 54: നമ്മുടെ പിതാവ്‌ ഫിനെഹാസ്‌ തീക്‌ഷ്‌ണത നിറഞ്ഞവനാകയാല്‍, ശാശ്വതമായ പൗരോഹിത്യത്തിന്‍െറ ഉടമ്പടിക്ക്‌ അര്‍ഹ നായി.

Verse 55: കല്‍പന നിറവേറ്റിയതിനാല്‍ ജോഷ്വ ഇസ്രായേലിലെന്യായാധിപനായി.

Verse 56: സഭയില്‍ സാക്‌ഷ്യം നല്‍കിയ കാലെബിന്‌ ദേശത്ത്‌ അവകാശം ലഭിച്ചു.

Verse 57: ദയാലുവായ ദാവീദ്‌ സിംഹാസനത്തിനു ശാശ്വതാവകാശിയായി.

Verse 58: നിയമത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണതയാല്‍ ജ്വലി ച്ചഏലിയാ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു.

Verse 59: ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്‌ഷിക്കപ്പെട്ടു.

Verse 60: ദാനിയേല്‍ തന്‍െറ നിഷ്‌കളങ്കതയാല്‍ സിംഹവക്‌ത്രത്തില്‍നിന്നു രക്‌ഷനേടി.

Verse 61: തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്‌തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍.

Verse 62: പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്‍െറ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.

Verse 63: ഇന്ന്‌ അവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്‍െറ പദ്‌ധതികള്‍ തകര്‍ന്നടിഞ്ഞു.

Verse 64: എന്‍െറ മക്കളേ, ധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും.

Verse 65: നിങ്ങളുടെ സഹോദരനായ ശിമയോന്‍ ഉപദേശം നല്‍കുന്നതില്‍ വിജ്‌ഞനാണ്‌. അവനെ സദാ അനുസരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും.

Verse 66: യൂദാസ്‌ മക്കബേയൂസ്‌യൗവനംമുതലേ ശക്‌തനായ യോദ്‌ധാവാണ്‌. അവന്‍ നിങ്ങളുടെ സൈന്യത്തെനയിച്ച്‌ ജനതകള്‍ക്കെതിരേയുദ്‌ധംചെയ്യും.

Verse 67: നിയമം അനുഷ്‌ഠിക്കുന്നവരായി നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരെയുംകൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രാഹത്തിനു പ്രതികാരം ചെയ്യണം.

Verse 68: വിജാതീയര്‍ക്കു തക്ക തിരിച്ചടി നല്‍കുവിന്‍; നിയമം പാലിക്കുകയും ചെയ്യുവിന്‍.

Verse 69: അനന്തരം, അവന്‍ അവരെ അനുഗ്രഹിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.

Verse 70: നൂറ്റിനാല്‍പത്താറാംവര്‍ഷം അവന്‍ മരിച്ചു. മൊദെയിനില്‍ പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അവനെ സംസ്‌കരിച്ചു. ഇസ്രായേല്‍ മുഴുവന്‍ വലിയ വിലാപത്തോടെ അവനെപ്രതി ദുഃഖമാചരിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories