Verse 1: ബലിപീഠം പണിതെന്നും വിശുദ്‌ധസ്‌ഥലം പുനഃപ്രതിഷ്‌ഠിച്ചെന്നും അറിഞ്ഞപ്പോള്‍ ചുറ്റുമുള്ള വിജാതീയര്‍ അത്യധികം കുപിതരായി.
Verse 2: തങ്ങളുടെ ഇടയില്‍ വസിച്ചിരുന്ന യാക്കോബ് വംശജരെ നശിപ്പിക്കാന്‍ അവര്‍ ഉറച്ചു. ജനത്തെ വധിക്കാനും നശിപ്പിക്കാനും തുടങ്ങി.
Verse 3: ഇദുമെയായിലുള്ള ഏസാവിന്‍െറ മക്കളെ യൂദാസ് അക്രബത്തേനെയില്‍ വച്ച് ആക്രമിച്ചു. കാരണം, അവന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ തക്കംനോക്കി കഴിയുകയായിരുന്നു. അവന്‍ അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു; അവരെ അപമാനിത രാക്കുകയും കൊള്ളയടിക്കുകയും ചെയ്‌തു.
Verse 4: തന്‍െറ ജനത്തിനു കെണിയൊരുക്കുകയും പെരുവഴികളില്‍ അവര്‍ക്കെതിരേ ഒളിപ്പോരു നടത്തുകയും ചെയ്‌തിരുന്ന ബയാന്‍സന്തതികളുടെ ദുഷ്‌ടതയും യൂദാസ് ഓര്‍മിച്ചു.
Verse 5: അവന്‍ അവരെ അവരുടെ ഗോപുരങ്ങളില്‍ അടച്ചു. അവരെ നിശ്‌ശേഷം നശിപ്പിക്കണമെന്നുറച്ചുകൊണ്ട് അവന്‍ അവര്‍ക്കെതിരേ പാളയമടിച്ചു.ഗോപുരങ്ങളെയും അവയിലുണ്ടായിരുന്നവരെയും അഗ്‌നിക്കിരയാക്കി.
Verse 6: പിന്നീട് അവന്‍ അമ്മോന്യര്‍ക്കെതിരേ തിരിഞ്ഞു. തിമോത്തേയോസിന്‍െറ നേതൃത്വത്തില്‍ പ്രബലമായ ഒരു സൈന്യത്തെയും വളരെയധികം ആളുകളെയും അവിടെ അവനു നേരിടേണ്ടിവന്നു.
Verse 7: ഒട്ടേറെയുദ്‌ധങ്ങള്‍ ചെയ്‌ത് അവന്‍ അവരെ നിശ്‌ശേഷം പരാജയപ്പെടുത്തി.
Verse 8: യാസേറും ചുറ്റുമുള്ള ഗ്രാമങ്ങളും പിടിച്ചടക്കിയതിനുശേഷം അവന്‍ യൂദായിലേക്കു മടങ്ങി.
Verse 9: ഗിലയാദിലെ വിജാതീയര്‍ തങ്ങളുടെ നാട്ടില്‍ വസിച്ചിരുന്ന ഇസ്രായേല്യര്‍ക്കെതിരേ സംഘടിച്ച് അവരെ നശിപ്പിക്കാന്‍മാര്‍ഗമാരാഞ്ഞു. എന്നാല്‍, അവര്‍ ദത്തേമാകോട്ടയില്‍ അഭയം തേടി,
Verse 10: യൂദാസിനും സഹോദരന്‍മാര്‍ക്കും ഇപ്രകാരം ഒരു കത്തയച്ചു: ഞങ്ങളുടെ ചുറ്റുമുള്ള വിജാതീയര്‍ ഞങ്ങളെ നശിപ്പിക്കാന്‍ ഒരുമിച്ചുകൂടിയിരിക്കുന്നു.
Verse 11: ഞങ്ങള്‍ അഭയം പ്രാപിച്ചിരിക്കുന്ന കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിലാണവര്‍. തിമോത്തേയോസാണ് അവരുടെ നേതാവ്.
Verse 12: വന്നു ഞങ്ങളെ രക്‌ഷിക്കുക. ഞങ്ങളില്‍ വളരെപ്പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു.
Verse 13: തോബുദേശത്തുണ്ടായിരുന്ന ഞങ്ങളുടെ സഹോദരര്‍ എല്ലാവരും വധിക്കപ്പെട്ടു. ശത്രുക്കള്‍ അവരുടെ ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി; സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയും ആയിരത്തോളം പേരെ കൊല്ലുകയും ചെയ്‌തു.
Verse 14: ഈ കത്തുവായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗലീലിയില്‍നിന്നു കീറിയ വസ്‌ത്രങ്ങളോടുകൂടിയ വേറെ ചില ദൂതന്‍മാര്‍ വന്ന് സമാനമായൊരു സന്‌ദേശ മറിയിച്ചു:
Verse 15: ഞങ്ങളെ സമൂലം നശിപ്പിക്കാന്‍ ടോളമായിസ്, ടയിര്‍, സീദോന്‍, ഗലീലി എന്നിവിടങ്ങളില്‍നിന്ന് ആളുകള്‍ ഒന്നിച്ചണിനിരന്നിരിക്കുന്നു.
Verse 16: യൂദാസും ജനങ്ങളും ഈ വാര്‍ത്തകള്‍ കേട്ടയുടനെ, ദുരിതമനുഭവിക്കുകയും ശത്രുക്കളുടെ ആക്രമണത്തിനിരയാവുകയും ചെയ്യുന്ന സഹോദരര്‍ക്കുവേണ്ടി എന്തുചെയ്യണമെന്നു തീരുമാനിക്കാന്‍ വലിയൊരു സമ്മേളനം വിളിച്ചുകൂട്ടി.
Verse 17: യൂദാസ് സഹോദരനായ ശിമയോനോടു പറഞ്ഞു: വേണ്ടത്ര ആളുകളെയുംകൂട്ടി ഗലീലിയില്‍ ചെന്ന് സഹോദരരെ രക്‌ഷിക്കുക. ഞാനും സഹോദരന്‍ ജോനാഥാനും ഗിലയാദിലേക്കു പോകാം.
Verse 18: സഖറിയായുടെ പുത്രന്‍ ജോസഫിനെയും നേതാക്കന്‍മാരിലൊരുവനായ അസറിയായെയും ബാക്കി സേനകളോടുകൂടിയൂദയാ കാക്കാന്‍ ഏര്‍പ്പെടുത്തി.
Verse 19: അവന്‍ അവരോട് ആജ്‌ഞാപിച്ചു: ഈ ജനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കുവിന്‍. എന്നാല്‍, ഞങ്ങള്‍ മടങ്ങിവരുന്നതുവരെ വിജാതീയരോടുയുദ്‌ധത്തിലേര്‍പ്പെടരുത്.
Verse 20: അനന്തരം, ശിമയോനോടുകൂടെ ഗലീലിയിലേക്കു പോകാന്‍മൂവായിരംപേരും യൂദാസിനോടുകൂടെ ഗിലയാദിലേക്ക് എണ്ണായിരംപേരും നിയോഗിക്കപ്പെട്ടു.
Verse 21: ശിമയോന്‍ ഗലീലിയില്‍ ചെന്ന് വിജാതീയര്‍ക്കെതിരേ നിരവധിയുദ്‌ധങ്ങള്‍ചെയ്‌ത് അവരെ തോല്‍പിച്ചു.
Verse 22: ടോളമായിസിന്‍െറ കവാടംവരെ അവന്‍ അവരെ പിന്തുടര്‍ന്നു; മൂവായിരത്തോളം പേരെ വധിച്ചു; അവരെ കൊള്ളയടിച്ചു.
Verse 23: അതിനുശേഷം അവന്‍ ഗലീലിയിലെയും അര്‍ബത്തായിലെയും യഹൂദരെ അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്‌തുവകകളോടുംകൂടി ആഹ്ലാദപൂര്‍വംയൂദയായിലേക്കു കൊണ്ടുപോയി.
Verse 24: യൂദാസ് മക്കബേയൂസും സഹോദരന്‍ ജോനാഥാനും ജോര്‍ദാന്‍ കടന്ന് മരുഭൂമിയിലൂടെ മൂന്നു ദിവസത്തെയാത്ര പിന്നിട്ടു.
Verse 25: അവിടെ നബത്തേയര്‍ അവരെ സ്വാഗതം ചെയ്യുകയും ഗിലയാദിലുള്ള സഹോദരര്‍ക്കു സംഭവിച്ചവയെല്ലാം അറിയിക്കുകയും ചെയ്‌തു.
Verse 26: അവരില്‍ അനേകംപേരെ ബൊസ്രാ, ബോസോര്‍, അലെമാ, കാസ്‌ഫോ, മാക്കെദ്, കാര്‍നയിം എന്നീ നഗരങ്ങളില്‍ ബന്‌ധനസ്‌ഥരാക്കിയിരിക്കയാണ്. ഇവ സുശക്‌തങ്ങളായ പട്ടണങ്ങളാണ്.
Verse 27: കുറെപ്പേരെ ഗിലയാദിലെ മറ്റു നഗരങ്ങളിലും അടച്ചിട്ടിരിക്കുന്നു. നാളെത്തന്നെ കോട്ടകള്‍ ആക്രമിക്കുന്നതിനും ഒരുദിവസംകൊണ്ട് ആളുകളെ സമൂലം നശിപ്പിക്കുന്നതിനും ശത്രുക്കള്‍ ഒരുങ്ങുന്നു.
Verse 28: യൂദാസും സൈന്യവും തിടുക്കത്തില്‍ അവിടെനിന്നു തിരിച്ച് മരുഭൂമിയിലൂടെയാത്രചെയ്‌തു ബൊസ്രായിലെത്തി. അവര്‍ നഗരം കീഴടക്കി. പുരുഷന്‍മാരെയെല്ലാവരെയും വാളിനിരയാക്കി. വസ്‌തുവകകള്‍ കൊള്ളയടിച്ചതിനുശേഷം അവന്‍ നഗരം തീവച്ചു നശിപ്പിച്ചു.
Verse 29: രാത്രിയായപ്പോള്‍ അവന്‍ അവിടെ നിന്നു പുറപ്പെട്ട് ദത്തേമാക്കോട്ടവരെ എത്തി.
Verse 30: പ്രഭാതത്തില്‍ അസംഖ്യം ആളുകള്‍ കോട്ട പിടിച്ചടക്കാനും അതിലുള്ള യഹൂദരെ ആക്രമിക്കാനും കോവണികളുംയന്ത്രമുട്ടികളുമായി മലയില്‍നിന്ന് ഇറങ്ങിവരുന്നതുകണ്ടു.
Verse 31: യുദ്‌ധം തുടങ്ങിക്കഴിഞ്ഞെന്നും നഗരത്തിന്‍െറ വിലാപം വലിയ നിലവിളികളോടും കാഹളധ്വനികളോടുംകൂടി സ്വര്‍ഗത്തിലേക്കുയരുന്നു എന്നും യൂദാസ് കണ്ടു.
Verse 32: അവന്‍ തന്‍െറ അണികളോടു പറഞ്ഞു: നിങ്ങളുടെ സഹോദരര്‍ക്കുവേണ്ടി ഇന്നു പൊരുതുവിന്‍.
Verse 33: സൈന്യത്തെ മൂന്നു ഗണമായി തിരിച്ചു. അവന്‍ ശത്രുനിരയുടെ പിന്നിലെത്തി. അവന്‍െറ സൈന്യഗണങ്ങള്‍ കാഹളം മുഴക്കുകയും ഉച്ചത്തില്‍ പ്രാര്‍ഥിക്കുകയും ചെയ്‌തു.
Verse 34: മക്കബേയൂസാണു തങ്ങളെ നേരിടാന്‍ വരുന്നതെന്നറിഞ്ഞ് തിമോത്തേയോസിന്‍െറ സൈന്യം പിന്തിരിഞ്ഞോടി. യൂദാസ് അവര്‍ക്കു കനത്ത ആഘാതം ഏല്‍പിച്ചു. ഏകദേശം എണ്ണായിരംപേര്‍ അന്നു വധിക്കപ്പെട്ടു.
Verse 35: പിന്നെ അവന്‍ അലേമായിലേക്കു തിരിഞ്ഞു. അതിനെയുദ്‌ധത്തില്‍ കീഴ്‌പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാ പുരുഷന്‍മാരെയും വധിച്ചു. പട്ടണം കൊള്ളയടിച്ചതിനുശേഷം അതു തീവച്ചു നശിപ്പിക്കുകയും ചെയ്‌തു.
Verse 36: തുടര്‍ന്ന് അവന്‍ കാസ്‌ഫോ, മാക്കെദ്, ബോസോര്‍ എന്നിവയും ഗിലയാദിലെ മറ്റുനഗരങ്ങളും പിടിച്ചടക്കി.
Verse 37: തിമോത്തേയോസ് മറ്റൊരു സൈന്യത്തെ ശേഖരിച്ച് നദിയുടെ മറുകരയില്‍ റാഫോണിനെതിരേ പാളയമടിച്ചു.
Verse 38: അവരുടെ നീക്കങ്ങള്‍ അറിയുന്നതിനു യൂദാസ് ചാരന്‍മാരെ അയച്ചു. അവര്‍ മടങ്ങിവന്നു പറഞ്ഞു: നമുക്കു ചുറ്റുമുള്ള സകല വിജാതീയരും അവന്‍െറ പക്‌ഷത്തുണ്ട്; അതു വലിയൊരു സൈന്യമാണ്.
Verse 39: സഹായത്തിന് അറബികളെ അവര്‍ കൂലിക്കെടുത്തിട്ടുണ്ട്. നിന്നോടുയുദ്‌ധം ചെയ്യാന്‍ തയ്യാറായി അവര്‍ നദിക്ക് അക്കരെ പാളയമടിച്ചിരിക്കയാണ്. ഇതുകേട്ട യൂദാസ് അവരെ നേരിടാന്‍ പുറപ്പെട്ടു.
Verse 40: യൂദാസും സൈന്യവും നദിക്കു സമീപമെത്തിയപ്പോള്‍ തിമോത്തേയോസ് തന്‍െറ സേനാധിപന്‍മാരോടു പറഞ്ഞു: അവന്‍ ആദ്യം നദികടന്നു വരുന്നെങ്കില്‍ നമുക്ക് അവനെ ചെറുക്കുക സാധ്യമല്ല. അവന്‍ നമ്മെതോല്‍പിക്കുമെന്നതു തീര്‍ ച്ചതന്നെ.
Verse 41: മറിച്ച്, ഭയം തോന്നി അവന്‍ അക്കരെത്തന്നെ പാളയമടിച്ചാല്‍ നമുക്കു നദികടന്നുചെന്ന് അവനെ തോല്‍പിക്കാം.
Verse 42: നദിയുടെ കരയ്‌ക്ക് എത്തിയപ്പോള്‍ യൂദാസ് ജനങ്ങളിലെ നിയമജ്‌ഞന്‍മാരെ അവിടെ കാവല്‍നിര്‍ത്തി. അവന്‍ അവരോടു കല്‍പിച്ചു: ആരെയും പാളയമടിക്കാന്‍ അനുവദിക്കരുത്. എല്ലാവരുംയുദ്‌ധത്തിലേര്‍പ്പെടട്ടെ.
Verse 43: അവന്‍ ശത്രുക്കള്‍ക്കെതിരേ ആദ്യം നദികടന്നു. സൈന്യം അവനെ അനുഗമിച്ചു. വിജാതീയര്‍ പരാജിതരായി. ആയുധങ്ങളുപേക്‌ഷിച്ച് അവര്‍ കാര്‍നയിമിലെ ക്‌ഷേത്രത്തില്‍ അഭയംതേടി.
Verse 44: യൂദാസ് നഗരം പിടിച്ചടക്കി. ക്‌ഷേത്രത്തെ അതിലുള്ള എല്ലാവരോടുംകൂടി അഗ്‌നിക്കിരയാക്കി. അങ്ങനെ കാര്‍നയിം കീഴടക്കപ്പെട്ടു. യൂദാസിനോട് എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Verse 45: യൂദാദേശത്തേക്കു പോകാന്‍ വലുപ്പച്ചെറുപ്പഭേദമെന്നിയേ ഗിലയാദിലെ സകല ഇസ്രായേല്‍ക്കാരെയും അവരുടെ ഭാര്യമാരോടും കുഞ്ഞുങ്ങളോടും വസ്‌തുവകകളോടുംകൂടി യൂദാസ് ഒരുമിച്ചുകൂട്ടി. വലിയൊരു സംഘമായിരുന്നു അത്.
Verse 46: അവര്‍ എഫ്രാണിലെത്തി. അതു മാര്‍ഗമധ്യേയുള്ള വലുതും സുശക്‌തവുമായ ഒരു പട്ടണമായിരുന്നു. വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ് അതിനെ ചുറ്റിപ്പോകുക സാധ്യമായിരുന്നില്ല. അതിലൂടെതന്നെ പോകേണ്ടിയിരുന്നു.
Verse 47: നഗരവാസികള്‍ കവാടങ്ങളില്‍ കല്ലുകള്‍വച്ച് അവരെ പ്രതിരോധിച്ചു.
Verse 48: അപ്പോള്‍ യൂദാസ് അവര്‍ക്ക് ഈ സൗഹൃദസന്‌ദേശം കൊടുത്തുവിട്ടു: ഞങ്ങള്‍ നിങ്ങളുടെ ദേശത്തുകൂടെ ഞങ്ങളുടെ നാട്ടിലേക്കു കടന്നു പൊയ്‌ക്കൊള്ളട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കുകയില്ല. കാല്‍നടയായി ഞങ്ങള്‍ പൊയ്‌ക്കൊള്ളാം. എന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ അവര്‍ വിസമ്മതിച്ചു.
Verse 49: അതാതിടങ്ങളില്‍ നിലയുറപ്പിക്കാന്‍ യൂദാസ് സൈന്യത്തിന് ആജ്‌ഞ നല്‍കി.
Verse 50: സൈന്യം നിലയുറപ്പിച്ചു. അന്നു പകലും രാത്രിയും അവര്‍ നഗരത്തിനെതിരെയുദ്‌ധം ചെയ്‌തു. നഗരം അവന്‍െറ പിടിയിലായി.
Verse 51: പുരുഷന്‍മാരെയെല്ലാം അവന്‍ വാളിനിരയാക്കി. നഗരം ഇടിച്ചുനിരത്തി, കൊള്ളയടിച്ചു. മൃതദേഹങ്ങളുടെ മീതേകൂടി അവന്‍ നഗരം കടന്നു.
Verse 52: അനന്തരം, അവര്‍ ജോര്‍ദാന്‍ കടന്ന് ബെത്‌ഷാനിന് എതിരേയുള്ള വിസ്‌തൃതമായ സമതലത്തിലെത്തി.
Verse 53: യൂദാദേശത്ത് എത്തുന്നതുവരെയാത്രയിലുടനീളം യൂദാസ് ജനങ്ങളെ പ്രാത്‌സാഹിപ്പിക്കുകയും പിറകിലായിപ്പോകുന്നവരെ ഒരുമിച്ചുകൂട്ടുകയും ചെയ്‌തുകൊണ്ടിരുന്നു.
Verse 54: ആര്‍ക്കും ജീവഹാനി സംഭവിക്കാതെ എല്ലാവരും സുരക്‌ഷിതരായി മടങ്ങിയെത്തി. അതിനാല്‍, സന്തോഷത്തോടും ആഹ്ലാദത്തോടുംകൂടി അവര്‍ സീയോന്‍മലയിലേക്കു പോയി ദഹനബലികളര്‍പ്പിച്ചു.
Verse 55: യൂദാസും ജോനാഥാനും ഗിലയാദിലും അവരുടെ സഹോദരന്‍ ശിമയോന്‍ ടോളമായിസിനെതിരെയുള്ള ഗലീലിയിലുമായിരിക്കുമ്പോള്‍
Verse 56: അവരുടെ ധീരപരാക്രമങ്ങളെയും വീരോചിതമായയുദ്‌ധത്തെയും കുറിച്ച് സേനാനായകന്‍മാരായ അസറിയായും സഖറിയായുടെ പുത്രന്‍ ജോസഫും കേട്ടു.
Verse 57: അവര്‍ പറഞ്ഞു: നമുക്കും കീര്‍ത്തി നേടാം. നമുക്കു ചുറ്റുമുള്ള വിജാതീയരോടുയുദ്‌ധം ചെയ്യാം.
Verse 58: അവര്‍ തങ്ങളുടെ സൈന്യനിരകള്‍ക്ക് ആജ്‌ഞ കൊടുത്തു. അവര്‍യാമ്‌നിയായ്‌ക്കെതിരേ നീങ്ങി.
Verse 59: ഗോര്‍ജിയാസും സൈന്യവും അവരെ നേരിടാന്‍ പട്ടണത്തിനു പുറത്തുവന്നു.
Verse 60: അവര്‍ ജോസഫിനെയും അസറിയായെയും തുരത്തി. യൂദായുടെ അ തിര്‍ത്തികള്‍വരെ അവരെ ഓടിച്ചു. ഇസ്രായേല്‍ക്കാരില്‍ രണ്ടായിരത്തോളം പേര്‍ അന്നു മരിച്ചുവീണു.
Verse 61: യൂദാസിനെയും സഹോദരന്‍മാരെയും അനുസരിക്കാതെ, ധീരകൃത്യം ചെയ്യാന്‍ മോഹി ച്ചസേനാനായകന്‍മാര്‍ നിമിത്തം ജനത്തിന് ഈ കനത്ത പരാജയം സഹിക്കേണ്ടിവന്നു.
Verse 62: എന്നാല്‍, ഇസ്രായേലിനുമോചനം നേടിക്കൊടുത്തവരുടെ കുടുംബത്തില്‍പ്പെട്ടവരായിരുന്നില്ല ഇവര്‍.
Verse 63: യൂദാസും സഹോദരന്‍മാരും ഇസ്രായേ ലിലും വിജാതീയരുടെ ഇടയിലും അവരുടെ നാമം അറിയപ്പെട്ട എല്ലായിടത്തും സമാദരിക്കപ്പെട്ടു.
Verse 64: ജനങ്ങള്‍ അവര്‍ക്കു ചുറ്റുംകൂടി അവരെ പുകഴ്‌ത്തി.
Verse 65: പിന്നീട് യൂദാസും സഹോദരന്‍മാരും തെക്കോട്ടു സൈന്യത്തെനയിച്ച് ഏസാവുവംശജരോടുയുദ്‌ധംചെയ്‌തു. ഹെബ്രാണും അതിന്‍െറ ഗ്രാമങ്ങളും അവന്‍ കീഴ്‌പെടുത്തി; കോട്ടകള്‍ തകര്‍ത്തു; ചുറ്റുമുള്ള ഗോപുരങ്ങള്‍ അഗ്‌നിക്കിരയാക്കി.
Verse 66: അനന്തരം, ഫിലിസ്‌ത്യദേശം ആക്രമിക്കാന്‍ അവന്‍ മരീസായിലൂടെ കടന്നുപോയി.
Verse 67: അന്നു തങ്ങളുടെ ധീരത പ്രദര്‍ശിപ്പിക്കാന്‍ ബുദ്‌ധിശൂന്യമായിയുദ്‌ധത്തിനു പുറപ്പെട്ട ഏതാനും പുരോഹിതന്‍മാര്‍ മരിച്ചുവീണു.
Verse 68: യൂദാസ് ഫിലിസ്‌ത്യദേശത്തെ അസോത്തൂസിലേക്കു തിരിച്ചു. അവന്‍ അവരുടെ ബലിപീഠങ്ങള്‍ തകര്‍ത്തു. ദേവന്‍മാരുടെ കൊത്തുവിഗ്രഹങ്ങള്‍ തീയിലിട്ടു ചുട്ടു. നഗരങ്ങള്‍കൊള്ളയടിച്ചതിനുശേഷം അവന്‍ യൂദാ ദേശത്തേക്കു മടങ്ങി.