Verse 1: സാംസണ്‍ ഗാസായിലേക്കു പോയി. അവിടെ ഒരു സ്വൈരിണിയെ കണ്ടുമുട്ടി. അവളോടുകൂടി ശയിച്ചു.
Verse 2: സാംസണ്‍ അവിടെ വന്നിട്ടുണ്ടെന്ന് ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം വളഞ്ഞു. രാത്രിമുഴുവന്‍ പട്ടണവാതില്‍ക്കല്‍ പതിയിരുന്നു. പ്രഭാതംവരെ കാത്തിരിക്കാം; രാവിലെ അവനെ നമുക്കു കൊല്ലാം എന്നുപറഞ്ഞ് രാത്രി മുഴുവന്‍ നിശ്‌ചലരായിരുന്നു.
Verse 3: എന്നാല്‍, സാംസണ്‍ പാതിരാവരെ കിടന്നു. പിന്നെ എഴുന്നേറ്റു പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്ത് തോളില്‍വച്ച് ഹെബ്രാന്‍െറ മുന്‍പിലുള്ള മലമുകളിലേക്കു പോയി.
Verse 4: അതിനുശേഷം സോറേക്കു താഴ്‌വരയിലുള്ള ദലീലാ എന്ന സ്‌ത്രീയെ അവന്‍ സ്‌നേഹിച്ചു.
Verse 5: ഫിലിസ്‌ത്യരുടെ നേതാക്കന്‍മാര്‍ അവളുടെ അടുത്തുചെന്നു പറഞ്ഞു. സാംസനെ നീ വശീകരിക്കണം. അവന്‍െറ ശക്‌തി എവിടെ സ്‌ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കി ബന്‌ധിക്കാമെന്നും മനസ്‌സിലാക്കണം; ഞങ്ങള്‍ ഓരോരുത്തരും നിനക്ക് ആയിരത്തിയൊരുന്നൂറുവെള്ളിനാണയം തരാം.
Verse 6: ദലീലാ സാംസനോട് പറഞ്ഞു: നിന്‍െറ ഈ വലിയ ശക്‌തിയെല്ലാം എവിടെ സ്‌ഥിതിചെയ്യുന്നുവെന്നും നിന്നെ എങ്ങനെ ബന്‌ധിച്ചു കീഴടക്കാമെന്നും ദയവായി എന്നോടു പറയുക.
Verse 7: സാംസണ്‍ മറുപടി പറഞ്ഞു: ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് ബന്‌ധിച്ചാല്‍ എന്‍െറ ശക്‌തി കുറഞ്ഞു ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും.
Verse 8: അപ്പോള്‍ ഫിലിസ്‌ത്യ പ്രഭുക്കന്‍മാര്‍ ഉണങ്ങാത്ത പുതിയ ഏഴു ഞാണ്‍ കൊണ്ടുവന്നു. ദലീലാ അവകൊണ്ട് അവനെ ബന്‌ധിച്ചു.
Verse 9: ഉള്‍മുറിയില്‍ അവള്‍ ആളുകളെ പതിയിരുത്തിയിരുന്നു. അതിനുശേഷം അവള്‍ അവനോടു പറഞ്ഞു: സാംസണ്‍, ഇതാ, ഫിലിസ്‌ത്യര്‍ നിന്നെ വളഞ്ഞിരിക്കുന്നു. എന്നാല്‍, അഗ്‌നി ചണനൂലിനെ എന്നപോലെ അവന്‍ ഞാണുകള്‍ പൊട്ടിച്ചുകളഞ്ഞു. അവന്‍െറ ശക്‌തിയുടെ രഹസ്യം പുറത്തായില്ല.
Verse 10: ദലീല സാംസനോട് പറഞ്ഞു: നീ എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു. എങ്ങനെ നിന്നെ ബന്‌ധിക്കാമെന്ന് എന്നോടു പറയുക.
Verse 11: അവന്‍ പറഞ്ഞു: ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയറുകൊണ്ടു ബന്‌ധിച്ചാല്‍ ഞാന്‍ ദുര്‍ബലനായി മറ്റാരേയും പോലെയാകും.
Verse 12: അപ്പോള്‍ ദലീലാ പുതിയ കയറുകൊണ്ടുവന്ന് അവനെകെട്ടി. അവനോടു പറഞ്ഞു: സാംസണ്‍, ഇതാ ഫിലിസ്‌ത്യര്‍ വരുന്നു. പതിയിരുന്നവര്‍ അകത്തെ ഒരു മുറിയിലായിരുന്നു. കെട്ടിയിരുന്ന കയര്‍ നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു.
Verse 13: ദലീലാ സാംസനോടു പറഞ്ഞു: ഇപ്പോഴും നീ എന്നെ കബളിപ്പിച്ചിരിക്കുന്നു; എന്നോടു നീ കളവു പറഞ്ഞു. നിന്നെ എങ്ങനെ ബന്‌ധിക്കാമെന്ന് പറയുക. അവന്‍ പറഞ്ഞു: എന്‍െറ ഏഴു തലമുടിച്ചുരുള്‍ എടുത്ത് പാവിനോടു ചേര്‍ത്ത് ആണിയില്‍ ഉറപ്പിച്ച് നെയ്‌താല്‍ മറ്റു മനുഷ്യരെപ്പോലെ ഞാന്‍ ബലഹീനനാകും.
Verse 14: അവന്‍ ഉറങ്ങുമ്പോള്‍ ദലീലാ അവന്‍െറ ഏഴു തലമുടിച്ചുരുള്‍ എടുത്ത് പാവിനോടു ചേര്‍ത്ത് ആണിയില്‍ ഉറപ്പിച്ചു നെയ്‌തു. അനന്തരം, അവനോടു പറഞ്ഞു: സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അവന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ആണിയും തറിയും പാവും വലിച്ചുപൊളിച്ചു.
Verse 15: അവള്‍ അവനോടു ചോദിച്ചു: നിന്‍െറ ഹൃദയം എന്നോടു കൂടെയല്ലെങ്കില്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ മൂന്നുപ്രാവശ്യവും നീ എന്നെ അവഹേളിച്ചിരിക്കുന്നു.
Verse 16: നിന്‍െറ അജയ്യശക്‌തി എവിടെ കുടികൊള്ളുന്നെന്ന് നീ എന്നോടു പറഞ്ഞിട്ടുമില്ല. അവള്‍ ഇങ്ങനെ ദിവസംതോറും നിര്‍ബന്‌ധിച്ചു; ആ അലട്ടല്‍ മരണത്തിനു തുല്യമായി.
Verse 17: അവന്‍ രഹസ്യം തുറന്നുപറഞ്ഞു: ക്‌ഷൗരക്കത്തി എന്‍െറ തലയില്‍ സ്‌പര്‍ശിച്ചിട്ടില്ല. ജനനംമുതലേ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനാണ്. മുടിവെട്ടിയാല്‍ എന്‍െറ ശക്‌തി നഷ്‌ടപ്പെട്ട് ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും.
Verse 18: അവന്‍ സത്യം തുറന്നുപറഞ്ഞപ്പോള്‍ ദലീലാ ഫിലിസ്‌ത്യരുടെനേതാക്കളെ വിളിച്ചുപറഞ്ഞു: ഈ പ്രാവശ്യംകൂടി വരുക; അവന്‍ സകല രഹസ്യങ്ങളും എന്നോടു പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഫിലിസ്‌ത്യരുടെ നേതാക്കന്‍മാര്‍ പണവുമായി അവളുടെ അടുത്തെത്തി.
Verse 19: അവള്‍ അവനെ മടിയില്‍ കിടത്തി ഉറക്കി. ഒരാളെക്കൊണ്ട് അവന്‍െറ തലയിലെ ഏഴു മുടിച്ചുരുളുകളും ക്‌ഷൗരം ചെയ്യിച്ചു; അതിനുശേഷം അവള്‍ അവനെ അസഹ്യപ്പെടുത്താന്‍ തുടങ്ങി, അവന്‍െറ ശക്‌തി അവനെ വിട്ടുപോയി.
Verse 20: അവള്‍ പറഞ്ഞു: സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെ ആക്രമിക്കാന്‍ വരുന്നു. അപ്പോള്‍ അവന്‍ ഉറക്കമുണര്‍ന്നു പറഞ്ഞു: മറ്റവസരങ്ങളിലെന്നപോലെതന്നെ ഞാന്‍ രക്ഷപെടും. എന്നെത്തന്നെ സ്വതന്ത്രനാക്കും. കര്‍ത്താവ് തന്നെ വിട്ടുപോയ കാര്യം അവന്‍ അറിഞ്ഞില്ല.
Verse 21: ഫിലിസ്‌ത്യര്‍ അവനെ പിടിച്ചു കണ്ണു ചുഴന്നെടുത്ത് ഗാസായിലേക്കു കൊണ്ടുപോയി. ഓട്ടു ചങ്ങലകൊണ്ട് ബന്‌ധിച്ചു കാരാഗൃഹത്തിലാക്കി. മാവു പൊടിക്കുന്ന ജോലിയിലേര്‍പ്പെടുത്തി.
Verse 22: എന്നാല്‍ മുണ്‍ഡനത്തിനുശേഷവും അവന്‍െറ തലയില്‍ മുടി വളര്‍ന്നുകൊണ്ടിരുന്നു.
Verse 23: ഫിലിസ്‌ത്യ പ്രഭുക്കന്‍മാര്‍ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലികഴിച്ചു സന്തോഷിക്കാന്‍ ഒരുമിച്ചുകൂടി; അവര്‍ പറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവായ സാംസനെ നമ്മുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു.
Verse 24: അവനെ കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്‌തുതിച്ചുപറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്ക് ഏല്‍പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്. നമ്മില്‍ അനേകരെ കൊന്നവനുമാണ്.
Verse 25: സന്തോഷിച്ചു മതിമറന്ന് അവര്‍ പറഞ്ഞു: നമ്മുടെ മുന്‍പില്‍ അഭ്യാസം കാണിക്കുന്നതിന് സാംസനെ വിളിക്കുവിന്‍. സാംസനെ അവര്‍ കാരാഗൃഹത്തില്‍ നിന്നു കൊണ്ടുവന്നു. അവന്‍ അവരുടെ മുന്‍പില്‍ അഭ്യാസം പ്രകടിപ്പിച്ചു; തൂണുകളുടെ ഇടയില്‍ അവര്‍ അവനെ നിര്‍ത്തി.
Verse 26: കൈക്കു പിടിച്ചിരുന്ന ബാലനോടു സാംസണ്‍ പറഞ്ഞു: ഒന്നു ചാരിനില്‍ക്കാന്‍ കെട്ടിടത്തിന്‍െറ തൂണുകളെവിടെയെന്ന് ഞാന്‍ തപ്പിനോക്കട്ടെ.
Verse 27: പുരുഷന്‍മാരെയും സ്‌ത്രീകളെയും കൊണ്ട്‌കെട്ടിടം നിറഞ്ഞിരുന്നു. ഫിലിസ്‌ത്യ പ്രഭുക്കന്‍മാരെല്ലാം അവിടെ സന്നിഹിതരായിരുന്നു. മേല്‍ത്തട്ടില്‍ ഏകദേശം മൂവായിരം സ്‌ത്രീപുരുഷന്‍മാര്‍ അഭ്യാസം കണ്ടുകൊണ്ടിരുന്നു.
Verse 28: അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു: ദൈവമായ കര്‍ത്താവേ, എന്നെ ഓര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ഥിക്കുന്നു. എന്നെ ശക്‌തനാക്കണമേ! ഞാന്‍ നിന്നോട് ഇപ്രാവശ്യംകൂടിയാചിക്കുന്നു. എന്‍െറ കണ്ണുകളില്‍ ഒന്നിനു ഫിലിസ്‌ത്യരോടു പ്രതികാരം ചെയ്യാന്‍ എന്നെ ശക്‌തിപ്പെടുത്തണമേ!
Verse 29: കെട്ടിടം താങ്ങിനിന്നിരുന്ന രണ്ടു നെടുംതൂണുകളെ സാംസണ്‍ പിടിച്ചു. വലത്തുകൈ ഒന്നിലും ഇടത്തുകൈ മറ്റതിലുംവച്ച് അവന്‍ തള്ളി.
Verse 30: അവന്‍ പറഞ്ഞു: ഫിലിസ്‌ത്യരോടുകൂടെ ഞാനും മരിക്കട്ടെ. സര്‍വശക്‌തിയുമുപയോഗിച്ച് അവന്‍ കുനിഞ്ഞു. കെട്ടിടം അതിലുണ്ടായിരുന്ന പ്രഭുക്കന്‍മാരുടെയും മറ്റ് ആളുകളുടെയും മേല്‍ വീണു. മരണ സമയത്ത് അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരെക്കാള്‍ അധികമായിരുന്നു.
Verse 31: സഹോദരന്‍മാരും കുടുംബക്കാരും വന്ന് അവന്‍െറ ശരീരം കൊണ്ടുപോയി; സോറായ്‌ക്കും എഷ്‌താവോലിനും ഇടയ്‌ക്കു പിതാവായ മനോവയുടെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. ഇരുപതു വര്‍ഷമാണ് അവന്‍ ഇസ്രായേലില്‍ന്യായപാലനം നടത്തിയത്.