Verse 1: വരള്‍ച്ചയെ സംബന്‌ധിച്ചു ജറെമിയായ്‌ക്കു കര്‍ത്താവില്‍നിന്നു ലഭി ച്ചഅരുളപ്പാട്:
Verse 2: യൂദാ വിലപിക്കുന്നു; അവളുടെ നഗരങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. അവളുടെ ജനം നിലത്തുവീണു കരയുന്നു. ജറുസലെമിന്‍െറ രോദനം ഉയരുന്നു.
Verse 3: അവളുടെ പ്രഭുക്കന്‍മാര്‍ വെള്ളത്തിനു സേവകരെ പറഞ്ഞുവിടുന്നു. അവര്‍ കിണറ്റുകരയിലെത്തുന്നു. വെള്ളം കിട്ടാതെ ഒഴിഞ്ഞപാത്രങ്ങളുമായി തിരിച്ചുപോകുന്നു. ലജ്‌ജയും വിസ്‌മയവും നിമിത്തം അവര്‍ തങ്ങളുടെ തല മൂടുന്നു.
Verse 4: നാട്ടില്‍ മഴ പെയ്യാത്തതുകൊണ്ടു ഭൂമി വരണ്ടു; കൃഷിക്കാര്‍ ആകുലരായി. അവര്‍ തല മൂടുന്നു.
Verse 5: മാന്‍പേട പെറ്റ കുഞ്ഞിനെ പുല്ലില്ലാത്തതുകൊണ്ടു വയലില്‍ ഉപേക്‌ഷിച്ചുപോകുന്നു.
Verse 6: കാട്ടുകഴുതകള്‍ ശൂന്യമായ കുന്നുകളില്‍നിന്നു വായുവിനായി കുറുനരിയെപ്പോലെ അണയ്‌ക്കുന്നു. തീറ്റയില്ലാത്തതുകൊണ്ട് അവയുടെ കാഴ്‌ച മങ്ങിയിരിക്കുന്നു.
Verse 7: കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരേ നില്‍ക്കുന്നു. എങ്കിലും അവിടുത്തെനാമത്തെപ്രതി അങ്ങ് പ്രവര്‍ത്തിക്കണമേ. ഞങ്ങളുടെ വീഴ്‌ചകള്‍ നിരവധിയാണ്. അങ്ങേക്കെതിരേ ഞങ്ങള്‍ പാപം ചെയ്‌തു.
Verse 8: ഇസ്രായേലിന്‍െറ പ്രതീക്‌ഷയും ദുരിതത്തില്‍ അവളുടെ രക്‌ഷകനും ആയ അവിടുന്ന് എന്തുകൊണ്ടാണു ദേശത്ത് ഒരു അപരിചിതനെപ്പോലെയും രാത്രിയില്‍ സങ്കേതമന്വേഷിക്കുന്ന വഴിയാത്രക്കാരനെപ്പോലെയും പെരുമാറുന്നത്?
Verse 9: അങ്ങ് സംശയഗ്രസ്‌തനെപ്പോലെയും സഹായിക്കാന്‍ ശക്‌തിയില്ലാത്ത യോദ്‌ധാവിനെപ്പോലെയും ആയിരിക്കുന്നത് എന്തുകൊണ്ടാണ്? എന്നാലും, കര്‍ത്താവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്; അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ അറിയപ്പെടുന്നു; ഞങ്ങളെ വിട്ടുപോകരുതേ.
Verse 10: ഈ ജനത്തെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ ഇതുപോലെ അലയാനാണ് ഇഷ്‌ടപ്പെട്ടത്; കാലുകളെ അവര്‍ നിയന്ത്രിച്ചില്ല. അതുകൊണ്ട് അവര്‍ കര്‍ത്താവിനു സ്വീകാര്യരല്ല. ഇപ്പോള്‍ അവിടുന്ന് അവരുടെ തിന്‍മകള്‍ ഓര്‍ക്കുകയും പാപങ്ങളെപ്രതി അവരെ ശിക്‌ഷിക്കുകയും ചെയ്യും.
Verse 11: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ഥിക്കേണ്ടാ.
Verse 12: അവര്‍ ഉപവാസമനുഷ്‌ഠിച്ചാലും അവരുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കുകയില്ല; അവരുടെ ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയില്ല. ഞാന്‍ അവരെ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നശിപ്പിക്കും.
Verse 13: അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, നിങ്ങള്‍ വാള്‍ കാണേണ്ടിവരുകയില്ല, നിങ്ങള്‍ക്കു പട്ടിണിയുണ്ടാകയില്ല, ഞാന്‍ നിങ്ങള്‍ക്ക് ഈ ദേശത്തു സമാധാനം ഉറപ്പുവരുത്തും എന്നാണല്ലോ പ്രവാചകന്‍മാര്‍ അവരോടു പറയുന്നത്.
Verse 14: കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്‍െറ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ് നിങ്ങള്‍ക്കു നല്‍കുന്നത്.
Verse 15: അതുകൊണ്ട് എന്‍െറ നാമത്തില്‍ പ്രവചിക്കുന്ന പ്രവാചകന്‍മാരെപ്പറ്റി കര്‍ത്താവായ ഞാന്‍ പറയുന്നു: അവരെ ഞാന്‍ അയച്ചതല്ല; എന്നിട്ടും അവര്‍ ഈ ദേശത്തു വാളും പട്ടിണിയും വരുകയില്ല എന്നു പ്രവചിക്കുന്നു. വാളും പട്ടിണിയും അവരെ നശിപ്പിക്കും.
Verse 16: അവരുടെ പ്രവചനം കേട്ട ജനം പട്ടിണിക്കും വാളിനും ഇരയായി ജറുസലെം തെരുവുകളില്‍ വലിച്ചെറിയപ്പെടും. അവരെയോ അവരുടെ ഭാര്യമാരെയോ പുത്രന്‍മാരെയോ പുത്രിമാരെയോ സംസ്‌കരിക്കാന്‍ ആരും കാണുകയില്ല. അവരുടെ ദുഷ്‌കര്‍മങ്ങള്‍ അവരുടെമേല്‍ത്തന്നെ ഞാന്‍ ചൊരിയും.
Verse 17: നീ അവരോടു പറയണം: എന്‍െറ കണ്ണുകളില്‍ നിന്നു രാപകല്‍ കണ്ണീരൊഴുകട്ടെ; കണ്ണീര്‍പ്രവാഹം നിലയ്‌ക്കാതിരിക്കട്ടെ. എന്തെന്നാല്‍, എന്‍െറ ജനത്തിനു മാരകമായി മുറിവേറ്റിരിക്കുന്നു. അവര്‍ കഠിന മര്‍ദനത്തിനിരയായി.
Verse 18: നാട്ടിന്‍പുറത്തുചെന്നാല്‍ അവിടെ വാളാല്‍ വെട്ടിവീഴ്‌ത്തപ്പെട്ടവര്‍! നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ പട്ടിണികൊണ്ടു രോഗം ബാധിച്ചവര്‍! പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു; ഒന്നും മനസ്‌സിലാകുന്നില്ല.
Verse 19: അവിടുന്ന് യൂദായെ നിശ്‌ശേഷം പരിത്യജിച്ചുവോ? ഉള്ളുകൊണ്ടു സീയോനെ വെറുക്കുന്നുവോ? സുഖംപ്രാപിക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങ് പ്രഹരിച്ചത്? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; എന്നാല്‍ പരിഭ്രാന്തിമാത്രം.
Verse 20: കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരുടെ തെറ്റുകളും ഞങ്ങള്‍ ഏറ്റുപറയുന്നു. അങ്ങേക്കെതിരേ ഞങ്ങള്‍ പാപം ചെയ്‌തു.
Verse 21: അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങയുടെ മഹത്വത്തിന്‍െറ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്‌മരിക്കണമേ; അതു ലംഘിക്കരുതേ.
Verse 22: ജനതകളുടെ ദേവ ന്മാര്‍ക്കിടയില്‍ മഴപെയ്യിക്കാന്‍ ശക്‌തിയുള്ള ആരെങ്കിലും ഉണ്ടോ? ആകാശത്തിനു മാരിവര്‍ഷിക്കാന്‍ കഴിയുമോ? ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അതു ചെയ്യുന്നവന്‍ അങ്ങു മാത്രമാണല്ലോ. അങ്ങില്‍ ഞങ്ങള്‍ പ്രത്യാശവയ്‌ക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നവന്‍ അവിടുന്നാണ്.