Verse 1: അഹസിയായുടെ അമ്മഅത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു.
Verse 2: എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്‍െറ പുത്രിയുമായയഹോഷേബാ, രാജകുമാരന്‍മാര്‍ വധിക്കപ്പെടുന്നതിനുമുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല.
Verse 3: അത്താലിയായുടെ ആറുകൊല്ലത്തെ ഭരണ കാലമത്രയും അവന്‍ കര്‍ത്താവിന്‍െറ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു.
Verse 4: ഏഴാംവര്‍ഷംയഹോയാദാ കെരേത്യരുടെയും അംഗരക്‌ഷകരുടെയും നായകന്‍മാരെ കര്‍ത്താവിന്‍െറ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്‌തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു;
Verse 5: അവന്‍ കല്‍പിച്ചു; നിങ്ങള്‍ ചെയ്യേണ്ടതിതാണ്; സാബത്തില്‍ തവണയ്‌ക്കു വരുന്ന മൂന്നിലൊരുഭാഗം ആളുകള്‍ കൊട്ടാരം കാക്കണം.
Verse 6: ഒരു വിഭാഗം സൂര്‍കവാടത്തിലും മൂന്നാമത്തെ ഭാഗം അംഗരക്‌ഷകന്‍മാരുടെ പുറകിലുള്ള കവാടത്തിലും നില്‍ക്കണം.
Verse 7: സാബത്തില്‍ തവണവിടുന്ന രണ്ടു വിഭാഗങ്ങള്‍
Verse 8: ആയുധമേന്തി കര്‍ത്താവിന്‍െറ ആലയത്തില്‍ എപ്പോഴും രാജാവിനോടൊപ്പം ഉണ്ടായിരിക്കണം. സൈന്യത്തെ സമീപിക്കുന്നവന്‍ ആരായാലും അവന്‍ കൊല്ലപ്പെടണം.
Verse 9: നായകന്‍മാര്‍, പുരോഹിതന്‍യഹോയാദായുടെ കല്‍പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു.
Verse 10: പുരോഹിതന്‍ കര്‍ത്താവിന്‍െറ ഭവനത്തില്‍ സൂക്‌ഷിച്ചിരുന്ന ദാവീദുരാജാവിന്‍െറ കുന്തങ്ങളും പരിചകളും നായകന്‍മാരെ ഏല്‍പിച്ചു.
Verse 11: കാവല്‍ഭടന്‍മാര്‍ ആയുധധാരികളായി തെക്കുവശം മുതല്‍ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു.
Verse 12: അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്‌തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍ വാഴട്ടെ എന്ന് ഉദ്‌ഘോഷിച്ചു.
Verse 13: കര്‍ത്താവിന്‍െറ ആലയത്തില്‍ ജനത്തിന്‍െറയും കാവല്‍ക്കാരുടെയും ശബ്‌ദം കേട്ട് അത്താലിയാ അങ്ങോട്ടുചെന്നു.
Verse 14: രാജാവ് ആചാരമനുസരിച്ച് തൂണിന്‍െറ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്‍മാരും കാഹളം മുഴക്കുന്നവരും രാജാവിന്‍െറ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആ നന്‌ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്‌ത്രംകീറി രാജദ്രാഹം, രാജദ്രാഹം എന്നു വിളിച്ചുപറഞ്ഞു.
Verse 15: പുരോഹിതന്‍യഹോയാദാ സേനാപതികളോടു കല്‍പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. അവളുടെ പക്‌ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍വച്ച് അവളെ വധിക്കരുത്.
Verse 16: അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്‍െറ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.
Verse 17: തങ്ങള്‍ കര്‍ത്താവിന്‍െറ ജനം ആയി രിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കര്‍ത്താവുമായിയഹോയാദാ ഉട മ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു.
Verse 18: ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്‌ക്കുകയും ബാലിന്‍െറ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു കൊല്ലുകയും ചെയ്‌തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിന്‍െറ ഭവനം സൂക്‌ഷിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി.
Verse 19: അവന്‍ കാവല്‍സൈന്യത്തിന്‍െറ കവാടത്തിലൂടെ പട നായകന്‍മാര്‍, കരീത്യര്‍, കാവല്‍ക്കാര്‍ എന്നിവരുടെയും ജനത്തിന്‍െറയും അകമ്പടിയോടെ രാജാവിനെ ദേവാലയത്തില്‍നിന്നു കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവന്‍ സിംഹാസനത്തില്‍ ഉപവിഷ്‌ടനായി.
Verse 20: ജനം ആഹ്‌ളാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി.
Verse 21: ഭരണമേല്‍ക്കുമ്പോള്‍ യോവാഷിന് ഏഴുവയസ്‌സായിരുന്നു.