Verse 1: പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്‌ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്‌ഥലം വളരെ പരിമിതമാണ്.
Verse 2: നമുക്ക് ജോര്‍ദാനരികേചെന്ന് ഓരോ മരംവെട്ടി അവിടെ ഒരു പാര്‍പ്പിടം പണിയാം. അവന്‍ മറുപടി പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍.
Verse 3: അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്‍മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.
Verse 4: അവന്‍ അവരോടുകൂടെ പോയി. അവര്‍ ജോര്‍ദാനിലെത്തി മരം മുറിച്ചു.
Verse 5: തടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ വീണു. അയ്യോയജമാനനേ, അതു കടം വാങ്ങിയതാണ് എന്ന് അവന്‍ നിലവിളിച്ചു:
Verse 6: എവിടെയാണ് അതു വീണത്? ദൈവപുരുഷന്‍ ചോദിച്ചു. സ്‌ഥലം കാണിച്ചുകൊടുത്തപ്പോള്‍ അവന്‍ ഒരു കമ്പു വെട്ടിയെടുത്ത് അവിടേക്ക് എറിഞ്ഞു. അപ്പോള്‍ ഇരുമ്പു പൊങ്ങിവന്നു.
Verse 7: അതെടുക്കുക, എലീഷാ പറഞ്ഞു. അവന്‍ കൈനീട്ടി അതെടുത്തു.
Verse 8: ഒരിക്കല്‍ സിറിയാരാജാവ് ഇസ്രായേലിനെതിരേയുദ്‌ധം ചെയ്യുകയായിരുന്നു. പാളയമടിക്കേണ്ട സ്‌ഥലം രാജാവു ഭൃത്യന്‍മാരുമായി ആലോചിച്ചുറച്ചു.
Verse 9: നീ ഇങ്ങോട്ടു കടക്കരുത്, സിറിയാക്കാര്‍ അവിടം ആക്രമിക്കാനിരിക്കുകയാണ് എന്നു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിനു സന്‌ദേശമയച്ചു.
Verse 10: ദൈവപുരുഷന്‍ പറഞ്ഞസ്‌ഥലത്തേക്ക് ഇസ്രായേല്‍രാജാവ് സൈന്യത്തെ അയച്ചു. ഇങ്ങനെ പലപ്പോഴും ദൈവപുരുഷന്‍മുന്നറിയിപ്പു നല്‍കുകയും രാജാവ് രക്‌ഷപെടുകയും ചെയ്‌തിട്ടുണ്ട്.
Verse 11: സിറിയാരാജാവ് തന്‍മൂലം അസ്വസ്‌ഥനായി. അവന്‍ ഭൃത്യന്‍മാരോടു ചോദിച്ചു: നമ്മുടെ ഇടയില്‍ ഇസ്രായേല്‍രാജാവിനുവേണ്ടി നിലകൊള്ളുന്നവനെ നിങ്ങള്‍ കാണിച്ചുതരുകയില്ലേ?
Verse 12: ഭൃത്യന്‍മാരിലൊരുവന്‍ പറഞ്ഞു: രാജാവേ, നമ്മുടെ ഇടയില്‍ ആരുമില്ല. കിടപ്പറയില്‍ അങ്ങ് സംസാരിക്കുന്നത് ഇസ്രായേല്‍രാജാവിനെ അറിയിക്കുന്നത് ഇസ്രായേലിലെ പ്രവാചകനായ എലീഷാ ആണ്.
Verse 13: പോയി, അവനെ കണ്ടുപിടിക്കുക, അവന്‍ ആജ്‌ഞാപിച്ചു. ഞാന്‍ ആളയച്ച് അവനെ പിടിക്കും. അവന്‍ ദോഥാനിലുണ്ടെന്ന് അവര്‍ അറിയിച്ചു.
Verse 14: രാജാവ് രഥങ്ങളും കുതിരകളും ഒരു വലിയ സൈന്യവും അവിടേക്ക് അയച്ചു. അവര്‍ രാത്രി നഗരംവളഞ്ഞു.
Verse 15: ദൈവപുരുഷന്‍െറ ദാസന്‍ അതിരാവിലെ എഴുന്നേറ്റു പുറത്തുവന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം നഗരംവളഞ്ഞിരിക്കുന്നതു കണ്ടു. അവന്‍ വിളിച്ചുപറഞ്ഞു: അയ്യോ,യജമാനനേ, നാം എന്താണു ചെയ്യുക?
Verse 16: അവന്‍ പറഞ്ഞു: ഭയപ്പെടേണ്ടാ. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെകൂടെയുണ്ട്.
Verse 17: അപ്പോള്‍ എലീഷാ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഇവന്‍െറ കണ്ണുകളെ തുറക്കണമേ! ഇവന്‍ കാണട്ടെ! കര്‍ത്താവ് അവന്‍െറ കണ്ണുകള്‍ തുറന്നു. എലീഷായ്‌ക്കു ചുറ്റും മല ആഗ്‌നേയരഥങ്ങളും കുതിരകളുംകൊണ്ടു നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.
Verse 18: സിറിയാക്കാര്‍ തനിക്കെതിരേ വന്നപ്പോള്‍ എലീഷാ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു: ഇവരുടെ കണ്ണുകളെ അന്‌ധമാക്കണമേ! എലീഷായുടെ പ്രാര്‍ഥനയനുസരിച്ച് അവിടുന്ന് അവരുടെ കണ്ണുകളെ അന്‌ധമാക്കി.
Verse 19: അപ്പോള്‍ എലീഷാ അവരോടു പറഞ്ഞു: വഴി ഇതല്ല; പട്ടണവും ഇതല്ല. എന്നെ അനുഗമിക്കുക. നിങ്ങള്‍ അന്വേഷിക്കുന്നവന്‍െറ അടുത്തേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം. അവന്‍ അവരെ സമരിയായിലേക്കു നയിച്ചു.
Verse 20: അവര്‍ സമരിയായില്‍ പ്രവേശി ച്ചഉടനെ എലീഷാ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഇവരുടെ കണ്ണുകള്‍ തുറക്കണമേ! ഇവര്‍ കാണട്ടെ! കര്‍ത്താവ് അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ സമരിയായുടെ മധ്യത്തിലാണെന്ന് അവര്‍ കണ്ടു.
Verse 21: അവരെ കണ്ടപ്പോള്‍ ഇസ്രായേല്‍രാജാവ് എലീഷായോടു പറഞ്ഞു: എന്‍െറ പിതാവേ, ഞാന്‍ ഇവരെ കൊന്നുകളയട്ടെ.
Verse 22: അവന്‍ പറഞ്ഞു: അവരെ കൊല്ലരുത്. നിങ്ങള്‍ വാളും വില്ലുംകൊണ്ടു പിടിച്ചടക്കിയവരെ കൊല്ലുമോ? അവര്‍ക്കു ഭക്‌ഷണപാനീയങ്ങള്‍ കൊടുക്കുക. അവര്‍ ഭക്‌ഷിച്ചു സ്വന്തംയജമാനന്‍െറ അടുത്തേക്കു പോകട്ടെ.
Verse 23: രാജാവ് അവര്‍ക്കു വലിയ വിരുന്നൊരുക്കി. ഭക്‌ഷിച്ചു തൃപ്‌തരായ അവരെ അവന്‍ വിട്ടയച്ചു. അവര്‍ തങ്ങളുടെയജമാനന്‍െറ അടുത്തേക്കു പോയി. സിറിയാക്കാര്‍ പിന്നീട് ഇസ്രായേല്‍ദേശം ആക്രമിക്കാന്‍ വന്നിട്ടില്ല.
Verse 24: കുറെക്കാലം കഴിഞ്ഞ്, സിറിയാരാജാവായ ബന്‍ഹദാദ് സൈന്യം ശേഖരിച്ചു സമ രിയാ വളഞ്ഞു.
Verse 25: അപ്പോള്‍ സമരിയായില്‍ രൂക്‌ഷമായ ക്‌ഷാമം ഉണ്ടായി. ഒരു കഴുതത്തലയ്‌ക്ക് എട്ടുഷെക്കല്‍ വെള്ളിയും കാല്‍ കാബ് കാട്ടുള്ളിക്ക് അഞ്ചുഷെക്കല്‍ വെള്ളിയും വിലയായിരുന്നു.
Verse 26: ഇസ്രായേല്‍ രാജാവു കോട്ടമേല്‍ നടക്കുമ്പോള്‍ ഒരുവള്‍ വിളിച്ചുപറഞ്ഞു: പ്രഭോ, രാജാവേ, സഹായിക്കണേ!
Verse 27: അവന്‍ പറഞ്ഞു: കര്‍ത്താവ് സഹായിക്കുന്നില്ലെങ്കില്‍, എനിക്കെങ്ങനെ കഴിയും? എന്‍െറ കൈയില്‍ ധാന്യമോ മുന്തിരിയോ ഉണ്ടോ?
Verse 28: രാജാവ് ചോദിച്ചു: എന്താണ് നിന്‍െറ പ്രശ്‌നം? അവള്‍ ഉണര്‍ത്തിച്ചു: ഇവള്‍ എന്നോടു പറഞ്ഞു: നിന്‍െറ മകനെ കൊണ്ടുവരുക, ഇന്നു നമുക്കവനെ ഭക്‌ഷിക്കാം; നാളെ എന്‍െറ മകനെ ഭക്‌ഷിക്കാം.
Verse 29: അങ്ങനെ ഞങ്ങള്‍ എന്‍െറ മകനെ വേവിച്ചുതിന്നു. അടുത്ത ദിവസം ഞാന്‍ അവളോടു നിന്‍െറ മകനെ കൊണ്ടുവരുക, നമുക്ക് അവനെ തിന്നാം എന്നുപറഞ്ഞു. എന്നാല്‍, അവള്‍ അവനെ ഒളിപ്പിച്ചുകളഞ്ഞു.
Verse 30: അവള്‍ ഇതു പറഞ്ഞപ്പോള്‍ രാജാവ് വസ്‌ത്രം കീറി - അവന്‍ കോട്ടമേല്‍ നടക്കുകയായിരുന്നു - ജനം നോക്കിയപ്പോള്‍, രാജാവ് അടിയില്‍ചാക്കുവസ്‌ത്രം ധരിച്ചിരിക്കുന്നു.
Verse 31: രാജാവ് പറഞ്ഞു: ഷാഫാത്തിന്‍െറ പുത്രന്‍ എലീഷായുടെ തല ഇന്നുമുതല്‍ കഴുത്തില്‍ ശേഷിച്ചാല്‍ കര്‍ത്താവ് എന്നെ ശിക്‌ഷിക്കട്ടെ.
Verse 32: എലീഷാ ശ്രഷ്‌ഠന്‍മാരോടൊപ്പം വീട്ടില്‍ ഇരിക്കുകയായിരുന്നു. രാജാവ് ഒരുവനെ പറഞ്ഞയച്ചു. അവന്‍ വന്നെത്തുന്നതിനുമുമ്പ് എലീഷാ ശ്രഷ്‌ഠന്‍മാരോടു പറഞ്ഞു: ആ കൊലയാളി എന്‍െറ തല ഛേദിക്കാന്‍ ആളയച്ചിരിക്കുന്നതു കണ്ടോ? ദൂതന്‍ വരുമ്പോള്‍ വാതിലടച്ച് അവനെ തടഞ്ഞുനിര്‍ത്തുവിന്‍. അവന്‍െറ യജമാനന്‍െറ കാലടി ശബ്‌ദമല്ലേ പിന്നില്‍ കേള്‍ക്കുന്നത്?
Verse 33: അവന്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ രാജാവ് വന്ന് അവനോടു പറഞ്ഞു: ഈ ദുരിതം കര്‍ത്താവു വരുത്തിയതാണ്. ഞാന്‍ ഇനി എന്തിനു കര്‍ത്താവിന്‍െറ സഹായം കാത്തിരിക്കണം?