Verse 1: ഭരണമേല്‍ക്കുമ്പോള്‍ മനാസ്‌സെക്ക് പന്ത്രണ്ടു വയസ്‌സായിരുന്നു; അവന്‍ ജറുസലെമില്‍ അന്‍പത്തഞ്ചു വര്‍ഷം ഭരിച്ചു. ഹെഫ്‌സീബാ ആയിരുന്നു അവന്‍െറ അമ്മ.
Verse 2: കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്‍െറ മുന്‍പില്‍നിന്ന് ഉച്ചാടനം ചെയ്‌ത ജനതകളുടെ മ്‌ളേച്‌ഛാചാരങ്ങള്‍ അനുസരിച്ച് അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
Verse 3: തന്‍െറ പിതാവായ ഹെസക്കിയാ നശിപ്പിച്ചുകളഞ്ഞപൂജാഗിരികള്‍ അവന്‍ പുനഃസ്‌ഥാപിച്ചു. ഇസ്രായേല്‍ രാജാവായ ആഹാബിനെപ്പോലെ അവന്‍ ബാലിനു ബലിപീഠങ്ങളും അഷേരാപ്രതിഷ്‌ഠയും ഉണ്ടാക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു.
Verse 4: ജറുസലെമില്‍ ഞാന്‍ എന്‍െറ നാമം സ്‌ഥാപിക്കും എന്നു കര്‍ത്താവു പറഞ്ഞഅവിടുത്തെ ആലയത്തില്‍ അവന്‍ ബലിപീഠങ്ങള്‍ പണിതു.
Verse 5: ദേവാലയത്തിന്‍െറ രണ്ട് അങ്കണങ്ങളിലും അവന്‍ ആകാശഗോളങ്ങള്‍ക്കു ബലിപീഠങ്ങള്‍ നിര്‍മിച്ചു.
Verse 6: തന്‍െറ പുത്രനെ ബലിയര്‍പ്പിക്കുകയും ഭാവിഫലപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയും ചെയ്‌തു. വളരെയധികം തിന്‍മ ചെയ്‌ത് അവന്‍ കര്‍ത്താവിനെ പ്രകോപിപ്പിച്ചു.
Verse 7: ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിലും ഈ ഭവനത്തിലും എന്നേക്കുമായി ഞാന്‍ എന്‍െറ നാമം സ്‌ഥാപിക്കും എന്നു ദാവീദിനോടും അവന്‍െറ പുത്രന്‍ സോളമനോടും കര്‍ത്താവ് അരുളിച്ചെയ്‌ത അവിടുത്തെ ആലയത്തില്‍ അവന്‍ താന്‍ കൊത്തിയുണ്ടാക്കിയ അഷേരാവിഗ്രഹം പ്രതിഷ്‌ഠിച്ചു.
Verse 8: ഞാന്‍ ഇസ്രായേലിനു നല്‍കിയ കല്‍പനകളും എന്‍െറ ദാസനായ മോശ അവര്‍ക്കു നല്‍കിയ നിയമങ്ങളും ശ്രദ്‌ധാപൂര്‍വം അനുഷ്‌ഠിക്കുകയാണെങ്കില്‍, അവരുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ ദേശത്തുനിന്നു ബഹിഷ്‌കൃതരാകാന്‍ ഞാന്‍ അവര്‍ക്ക് ഇടയാക്കുകയില്ല എന്നും കര്‍ത്താവ് അരുളിച്ചെയ്‌തിരുന്നു.
Verse 9: എന്നാല്‍, അവര്‍ അതു വകവച്ചില്ല. ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍ നിന്നു കര്‍ത്താവു നശിപ്പിച്ചുകളഞ്ഞജനതകള്‍ ചെയ്‌തതിനെക്കാള്‍ കൂടുതല്‍ തിന്‍മ ചെയ്യാന്‍മനാസ്‌സെ അവരെ പ്രരിപ്പിച്ചു.
Verse 10: തന്‍െറ ദാസന്‍മാരായ പ്രവാചകന്‍മാരിലൂടെ കര്‍ത്താവ് അരുളിച്ചെയ്‌തു:
Verse 11: യൂദാരാജാവായ മനാസ്‌സെ ഈ മ്ലേച്ഛതകള്‍പ്രവര്‍ത്തിക്കുകയും,
Verse 12: അമോര്യര്‍ ചെയ്‌തതിനെക്കാള്‍ കൂടുതല്‍ ദുഷ്‌ടത ചെയ്യുകയും യൂദായെക്കൊണ്ട് വിഗ്രഹപൂജ ചെയ്യിക്കുകയും ചെയ്‌തതിനാല്‍ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ജറുസലെമിന്‍െറയും യൂദായുടെയുംമേല്‍ അനര്‍ഥം വരുത്തും. കേള്‍ക്കുന്നവന്‍െറ ചെവി തരിക്കും.
Verse 13: സമരിയായുടെ അളവുകോലുകൊണ്ടും ആഹാബിന്‍െറ ഭവനത്തിലെ തൂക്കുകട്ടകൊണ്ടും ഞാന്‍ ജറുസലെമിനെ അളന്നുതൂക്കും. തുടച്ചുകമഴ്‌ത്തിവ ച്ചപാത്രംപോലെ ഞാന്‍ ജറുസലെമിനെ ശൂന്യമാക്കും.
Verse 14: എന്‍െറ അവകാശത്തിന്‍െറ അവ ശിഷ്‌ടഭാഗം ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കും. ശത്രുക്കള്‍ അവരെ തങ്ങളുടെ ഇരയും കൊള്ളമുതലും ആക്കും.
Verse 15: എന്തെന്നാല്‍, തങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്‌തില്‍നിന്നു പുറപ്പെട്ട കാലം മുതല്‍ ഇന്നുവരെ അവര്‍ എന്‍െറ മുന്‍ പില്‍ തിന്‍മ ചെയ്‌ത് എന്നെ പ്രകോപിപ്പിച്ചു.
Verse 16: യൂദായെക്കൊണ്ടു കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ ചെയ്യിച്ചതിനു പുറമേ മനാസ്‌സെ നിഷ്‌കള ങ്കരക്‌തംകൊണ്ട് ജറുസലെമിനെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ നിറയ്‌ക്കുകയും ചെയ്‌തു.
Verse 17: മനാസ്‌സെയുടെ മറ്റു പ്രവര്‍ത്തനങ്ങളും അവന്‍െറ പാപങ്ങളും യൂദാരാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 18: മനാസ്‌സെ പിതാക്കന്‍മാരോടു ചേര്‍ന്നു; തന്‍െറ ഭവനത്തിലെ ഉസ്‌സായുടെ ഉദ്യാനത്തില്‍ സംസ്‌ക രിക്കപ്പെട്ടു. പുത്രന്‍ ആമോന്‍ ഭരണമേറ്റു.
Verse 19: ഭരണമേല്‍ക്കുമ്പോള്‍ ആമോന് ഇരുപത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ രണ്ടുവര്‍ഷം ഭരിച്ചു. അവന്‍െറ മാതാവ് യോത്‌ബായിലെ ഹറുസിന്‍െറ പുത്രിയായ മെഷുല്ലെമെത് ആയിരുന്നു.
Verse 20: തന്‍െറ പിതാവ് മനാസ്‌സെയെപ്പോലെ അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ ചെയ്‌തു.
Verse 21: പിതാവു ചരി ച്ചപാതകളിലെല്ലാം അവനും സഞ്ചരിച്ചു; പിതാവു സേവിച്ചവിഗ്രഹങ്ങളെ അവനും സേവിക്കുകയും ആരാധിക്കുകയും ചെയ്‌തു.
Verse 22: പിതാക്കന്‍മാരുടെദൈവമായ കര്‍ത്താവിനെ അവന്‍ പരിത്യജിച്ചു: അവിടുത്തെ മാര്‍ഗത്തില്‍ നടന്നില്ല.
Verse 23: ഭൃത്യന്‍മാര്‍ ഗൂഢാലോചന നടത്തി ആമോനെ സ്വഭവനത്തില്‍വച്ചു കൊന്നു.
Verse 24: രാജ്യത്തെ ജനം ആമോന്‍രാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം നിഗ്രഹിക്കുകയും അവന്‍െറ മകന്‍ ജോസിയായെരാജാവായി അവരോധിക്കുകയും ചെയ്‌തു.
Verse 25: ആമോന്‍െറ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 26: അവനെ ഉസ്‌സായുടെ ഉദ്യാനത്തിലെ ശവകുടീരത്തില്‍ സംസ്‌കരിച്ചു. പുത്രനായ ജോസിയാ ഭരണമേറ്റു.