Verse 1: ജസ്രല്‍ക്കാരനായ നാബോത്തിന് ജസ്രലില്‍ സമരിയാരാജാവായ ആഹാബിന്‍െറ കൊട്ടാരത്തോടുചേര്‍ന്ന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു.
Verse 2: ഒരു ദിവസം ആഹാബ് നാബോത്തിനോടു പറഞ്ഞു: എനിക്കു പച്ചക്കറിത്തോട്ടം ഉണ്ടാക്കാന്‍ നിന്‍െറ മുന്തിരിത്തോട്ടം വിട്ടുതരണം; അതു കൊട്ടാരത്തിന്‍െറ സമീപമാണല്ലോ. അതിനെക്കാള്‍ മെച്ചമായ ഒരു മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാം; പണമാണു വേണ്ടതെങ്കില്‍ വിലതരാം.
Verse 3: എന്നാല്‍, നാബോത്ത് പറഞ്ഞു: എന്‍െറ പിതൃസ്വത്ത് വില്‍ക്കുന്നതിനു കര്‍ത്താവ് ഇടയാക്കാതിരിക്കട്ടെ.
Verse 4: എന്‍െറ പിതൃസ്വത്ത് ഞാന്‍ അങ്ങേക്കു നല്‍കുകയില്ല എന്ന് ജസ്രല്‍ക്കാരനായ നാബോത്ത് പറഞ്ഞതില്‍ രോഷാകുലനായി ആഹാബ് സ്വഭവനത്തിലേക്കു മടങ്ങി. അവന്‍ മുഖം തിരിച്ചു കട്ടിലില്‍ കിടന്നു; ഭക്‌ഷണം കഴിച്ചതുമില്ല.
Verse 5: അവന്‍െറ ഭാര്യ ജസെബെല്‍ അടുത്തുവന്നു ചോദിച്ചു: അങ്ങ് എന്താണിത്ര ക്‌ഷോഭിച്ചിരിക്കുന്നത്? ഭക്‌ഷണം കഴിക്കുന്നില്ലല്ലോ?
Verse 6: അവന്‍ പറഞ്ഞു: ജസ്രല്‍ക്കാരനായ നാബോത്തിനോട് അവന്‍െറ മുന്തിരിത്തോട്ടം വിലയ്‌ക്കു തരുക അല്ലെങ്കില്‍ വേറൊന്നിനു പകരമായി തരുക എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, തരുകയില്ല എന്ന് അവന്‍ പറഞ്ഞു.
Verse 7: ജസെബെല്‍ പറഞ്ഞു: അങ്ങാണോ ഇസ്രായേല്‍ ഭരിക്കുന്നത്? എഴുന്നേറ്റു ഭക്‌ഷണം കഴിച്ചു സന്തുഷ്‌ടനായിരിക്കുക. ജസ്രല്‍ക്കാരനായ നാബോത്തിന്‍െറ മുന്തിരിത്തോട്ടം ഞാന്‍ അങ്ങേക്കു തരും.
Verse 8: അവള്‍ ആഹാബിന്‍െറ പേരും മുദ്രയുംവച്ച് നഗരത്തില്‍ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രഷ്‌ഠന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും കത്തയച്ചു.
Verse 9: അതില്‍ ഇങ്ങനെയെഴുതിയിരുന്നു: നിങ്ങള്‍ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ പ്രധാനസ്‌ഥാനത്തിരുത്തുകയും ചെയ്യുവിന്‍.
Verse 10: അവനെതിരായി രണ്ടു നീചന്‍മാരെ കൊണ്ടുവരുവിന്‍. നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്ന് അവര്‍ കള്ളസാക്‌ഷ്യം പറയട്ടെ. അപ്പോള്‍ അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുവിന്‍.
Verse 11: പട്ടണത്തിലെ ശ്രഷ്‌ഠന്‍മാരുംപ്രഭുക്കന്‍മാരും ജസെബെല്‍ എഴുതിയതുപോലെ പ്രവര്‍ത്തിച്ചു.
Verse 12: അവര്‍ ഉപവാസം പ്രഖ്യാപിച്ചു. ജനത്തെ വിളിച്ചുകൂട്ടി, നാബോത്തിനെ പ്രധാനസ്‌ഥാനത്തിരുത്തി.
Verse 13: നീചന്‍മാര്‍ ഇരുവരും അവനെതിരേ ഇരുന്നു. ഇവന്‍ ദൈവദൂഷണവും രാജദൂഷണവും പറഞ്ഞു എന്ന് അവര്‍ ജനത്തിന്‍െറ മുന്‍പില്‍ നാബോത്തിനെതിരായി കുറ്റം ആരോപിച്ചു. അവര്‍ അവനെ പട്ടണത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
Verse 14: നാബോത്തിനെ കല്ലെറിഞ്ഞു കൊന്നവിവരം ജസെബെലിനെ അറിയിച്ചു.
Verse 15: അതുകേട്ടയുടനെ ജസെബെല്‍ ആഹാബിനോടു പറഞ്ഞു: എഴുന്നേല്‍ക്കുക. ജസ്രല്‍ക്കാരനായ നാബോത്ത് വിലയ്‌ക്കു തരാന്‍ വിസമ്മതി ച്ചമുന്തിരിത്തോട്ടം കൈവശപ്പെടുത്തിക്കൊള്ളുക. നാബോത്ത് ജീവിച്ചിരിപ്പില്ല; അവന്‍ മരിച്ചു.
Verse 16: നാബോത്ത് മരിച്ചവിവരം അറിഞ്ഞമാത്രയില്‍ ആഹാബ് എഴുന്നേറ്റ് മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ ഇറങ്ങി.
Verse 17: തിഷ്‌ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്‌തു:
Verse 18: നീ ചെന്നു സമരിയായിലുള്ള ഇസ്രായേല്‍രാജാവ് ആഹാബിനെ കാണുക. അവന്‍ നാബോത്തിന്‍െറ മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ എത്തിയിരിക്കുന്നു.
Verse 19: നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്‍െറ വസ്‌തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നാബോത്തിന്‍െറ രക്‌തം നായ്‌ക്കള്‍ നക്കിക്കുടി ച്ചസ്‌ഥലത്തുവച്ചുതന്നെ നിന്‍െറ രക്‌തവും നായ്‌ക്കള്‍ നക്കിക്കുടിക്കും.
Verse 20: ആഹാബ് ഏലിയായോടു ചോദിച്ചു: എന്‍െറ ശത്രുവായ നീ എന്നെ കണ്ടെണ്ടത്തിയോ? അവന്‍ പ്രതിവചിച്ചു: അതേ, ഞാന്‍ നിന്നെ കണ്ടെണ്ടത്തി. കര്‍ത്താവിന്‍െറ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിക്കാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു.
Verse 21: ഇതാ, ഞാന്‍ നിനക്കു നാശം വരുത്തും; ഞാന്‍ നിന്നെ നിര്‍മാര്‍ജനം ചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷന്‍മാരെയും - സ്വതന്ത്രരെയും അടിമകളെയും - ഞാന്‍ നിഗ്രഹിക്കും.
Verse 22: നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്‌തതിനാല്‍ ഞാന്‍ നിന്‍െറ ഭവനത്തെ നെബാത്തിന്‍െറ മകന്‍ ജറോബോവാമിന്‍െറയും അഹിയായുടെ മകന്‍ ബാഷായുടെയും ഭവനങ്ങളെപ്പോലെ ആക്കിത്തീര്‍ക്കും.
Verse 23: ജസെബെലിനെക്കുറിച്ചും കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു, ജസ്രലിന്‍െറ അതിര്‍ത്തികള്‍ക്കുള്ളില്‍വച്ച് ജസെബെലിനെ നായ്‌ക്കള്‍ തിന്നും.
Verse 24: ആഹാബിന്‍െറ ഭവനത്തില്‍ നിന്ന് നഗരത്തില്‍വച്ചു മരിക്കുന്നവനെ നായ്‌ക്കള്‍ ഭക്‌ഷിക്കും; നാട്ടിന്‍പുറത്തുവച്ചു മരിക്കുന്നവനെ പറവകളും.
Verse 25: ഭാര്യയായ ജസെബെലിന്‍െറ പ്രരണയ്‌ക്കു വഴങ്ങി, കര്‍ത്താവിന് അനിഷ്‌ടമായതു പ്രവര്‍ത്തിക്കാന്‍ തന്നെത്തന്നെ വിറ്റ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല.
Verse 26: ഇസ്രായേലിന്‍െറ മുന്‍പില്‍നിന്നു കര്‍ത്താവ് തുരത്തിയ അമോര്യരെപ്പോലെ അവന്‍ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേച്‌ഛമായി പ്രവര്‍ത്തിച്ചു.
Verse 27: ആഹാബ് ഇതുകേട്ടു വസ്‌ത്രം കീറി, ചാക്കുടുത്ത് ഉപവസിക്കുകയും ചാക്കു വിരിച്ച് ഉറങ്ങുകയും മനം തകര്‍ന്ന് തലതാഴ്‌ത്തി നടക്കുകയും ചെയ്‌തു.
Verse 28: അപ്പോള്‍ തിഷ്‌ബ്യനായ ഏലിയായോടു കര്‍ത്താവ് അരുളിച്ചെയ്‌തു:
Verse 29: ആഹാബ് എന്‍െറ മുന്‍പില്‍ എളിമപ്പെട്ടതു കണ്ടില്ലേ? അവന്‍ തന്നെത്തന്നെതാഴ്‌ത്തിയതിനാല്‍, അവന്‍െറ ജീവിതകാലത്തു ഞാന്‍ നാശം വരുത്തുകയില്ല. അവന്‍െറ പുത്രന്‍െറ കാലത്തായിരിക്കും ആ ഭവനത്തിനു ഞാന്‍ തിന്‍മ വരുത്തുക.