Verse 1: ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്‍െറ ഹൃദയം അവന്‍െറ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു.
Verse 2: സാവൂള്‍ അവനെ പിതൃഭവനത്തിലേക്കു തിരിച്ചയയ്‌ക്കാതെ അവിടെ താമസിപ്പിച്ചു.
Verse 3: ജോനാഥാന്‍ ദാവീദിനെ പ്രാണതുല്യം സ്‌നേഹിച്ചതിനാല്‍, അവനുമായി ഒരു ഉടമ്പടിയുണ്ടാക്കി.
Verse 4: അവന്‍ തന്‍െറ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു; തന്‍െറ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.
Verse 5: സാവൂള്‍ അയയ്‌ക്കുന്നിടത്തൊക്കെ പോയി ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, സാവൂള്‍ അവനെ പടത്തലവനാക്കി. ഇതു ജനത്തിനും സാവൂളിന്‍െറ ഭൃത്യര്‍ക്കും ഇഷ്‌ടപ്പെട്ടു.
Verse 6: ദാവീദ് ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്‌ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു.
Verse 7: അവര്‍ സന്തോഷം കൊണ്ട് മതിമറന്നു പാടി: സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്‌ടപ്പെട്ടില്ല.
Verse 8: കോപാകുലനായി അവന്‍ പറഞ്ഞു: അവര്‍ ദാവീദിനു പതിനായിരിങ്ങള്‍ കൊടുത്തു; എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്?
Verse 9: അന്നുമുതല്‍ സാവൂള്‍ ദാവീദിനെ സംശയദൃഷ്‌ടിയോടെ വീക്‌ഷിക്കാന്‍ തുടങ്ങി.
Verse 10: പിറ്റേദിവസം ദൈവം അയ ച്ചഒരു ദുരാത്‌മാവ് സാവൂളില്‍ പ്രവേശിച്ചു. അവന്‍ കൊട്ടാരത്തിനുള്ളില്‍ ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു. ദാവീദാകട്ടെ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; സാവൂളിന്‍െറ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു.
Verse 11: ദാവീദിനെ ചുമരോടുചേര്‍ത്തു തറയ്‌ക്കാന്‍ ഉദ്‌ദേശിച്ചുകൊണ്ട് സാവൂള്‍ കുന്തം എറിഞ്ഞു. ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞുമാറി.
Verse 12: കര്‍ത്താവ് തന്നെ വിട്ട് ദാവീദിനോടുകൂടെയാണെന്നറിഞ്ഞപ്പോള്‍ അവന്‍ ദാവീദിനെ ഭയപ്പെട്ടു.
Verse 13: സാവൂള്‍ അവനെ തന്‍െറ യടുക്കല്‍നിന്ന് അകറ്റി ഒരു സഹസ്രാധിപനാക്കി. അവന്‍ അവരെ നയിച്ചു.
Verse 14: കര്‍ത്താവ് കൂടെയുണ്ടായിരുന്നതിനാല്‍ എല്ലാ ഉദ്യമങ്ങളിലും ദാവീദ് വിജയം വരിച്ചു.
Verse 15: ദാവീദിന്‍െറ വിജയംകണ്ട് സാവൂള്‍ കൂടുതല്‍ ഭയപ്പെട്ടു.
Verse 16: എന്നാല്‍, ഇസ്രായേലിലും യൂദായിലുമുള്ളവര്‍ ദാവീദിനെ സ്‌നേഹിച്ചു; അവന്‍ അവരുടെ സമര്‍ഥനായ നേതാവായിരുന്നു.
Verse 17: സാവൂള്‍ ദാവീദിനോടു പറഞ്ഞു: ഇതാ എന്‍െറ മൂത്ത മകള്‍ മേരബ്. അവളെ നിനക്കു ഞാന്‍ ഭാര്യയായി നല്‍കാം. ധീരോചിതമായി നീ എനിക്കുവേണ്ടി കര്‍ത്താവിന്‍െറ യുദ്‌ധം നടത്തിയാല്‍ മതി. തന്‍െറ കൈയല്ല, ഫിലിസ്‌ത്യരുടെ കൈ അവന്‍െറ മേല്‍ പതിക്കട്ടെയെന്ന് അവന്‍ വിചാരിച്ചു.
Verse 18: ദാവീദ് സാവൂളിനോടു ചോദിച്ചു: രാജാവിന്‍െറ ജാമാതാവാകാന്‍ ഞാന്‍ ആരാണ്? ഇസ്രായേ ലില്‍ എന്‍െറ പിതൃഭവനത്തിനും ഉററവര്‍ക്കും എന്തു സ്‌ഥാനമാണുള്ളത്?
Verse 19: എന്നാല്‍, മേരബിനെ ദാവീദിനു ഭാര്യയായി കൊടുക്കേണ്ട സമയമായപ്പോള്‍ സാവൂള്‍ അവളെ മെഹോലാത്യനായ അദ്രിയേലിന് നല്‍കുകയാണ് ചെയ്‌തത്.
Verse 20: സാവൂളിന്‍െറ മകള്‍ മിഖാല്‍ ദാവീദിനെ സ്‌നേഹിച്ചു.
Verse 21: സാവൂള്‍ അതറിഞ്ഞു. അവന് അതിഷ്‌ടമായി. അവള്‍ അവനൊരു കെണിയായിത്തീരുന്നതിനും, ഫിലിസ്‌ത്യര്‍ അവനെതിരേ തിരിയുന്നതിനും വേണ്ടി അവളെ ഞാന്‍ അവനു നല്‍കും എന്നു രാജാവു വിചാരിച്ചു. അതിനാല്‍, സാവൂള്‍ ദാവീദിനോടു രണ്ടാംപ്രാവശ്യം പറഞ്ഞു: നീ എന്‍െറ ജാമാതാവാകണം.
Verse 22: സാവൂള്‍ ഭൃത്യന്‍മാരോടു കല്‍പിച്ചു: നിങ്ങള്‍ രഹസ്യമായി ദാവീദിനോട് ഇങ്ങനെ പറയണം, ഇതാ രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു. അവന്‍െറ ഭൃത്യന്‍മാരെല്ലാവരും നിന്നെ സ്‌നേഹിക്കുന്നു. ആകയാല്‍, നീ രാജാവിന്‍െറ മരുമകനായിത്തീരണം.
Verse 23: സാവൂളിന്‍െറ ഭൃത്യന്‍മാര്‍ അതു ദാവീദിന്‍െറ ചെവിയില്‍ മന്ത്രിച്ചു. അവന്‍ ചോദിച്ചു: ദരിദ്രനും അപ്രശസ്‌തനുമായ ഞാന്‍ രാജാവിന്‍െറ മരുമകനാവുകയെന്നത് അത്രനിസ്‌സാരമാണെന്നു നിങ്ങള്‍ കരുതുന്നുവോ?
Verse 24: ഭൃത്യന്‍മാര്‍ ദാവീദ് പറഞ്ഞവിവരം അതേപടി സാവൂളിനെ അറിയിച്ചു.
Verse 25: സാവൂള്‍ കല്‍പിച്ചു: നിങ്ങള്‍ ദാവീദിനോട് ഇപ്രകാരം പറയണം, തന്‍െറ ശത്രുക്കളോടുള്ള പ്രതികാരമായി ഫിലിസ്‌ത്യരുടെ നൂറ് അഗ്രചര്‍മമല്ലാതെ രാജാവുയാതൊരു വിവാഹസമ്മാനവും ആഗ്രഹിക്കുന്നില്ല. അങ്ങനെ ദാവീദിനെ ഫിലിസ്‌ത്യരുടെ കൈകളിലകപ്പെടുത്താമെന്ന് സാവൂള്‍ വിചാരിച്ചു.
Verse 26: ഭൃത്യന്‍മാര്‍ ദാവീദിനെ ഇത് അറിയിച്ചപ്പോള്‍, രാജാവിന്‍െറ മരുമകനാകുന്നത് അവനിഷ്‌ടമായി.
Verse 27: നിശ്‌ചിത സമയത്തിനുള്ളില്‍ ദാവീദ് തന്‍െറ പടയാളികളോടൊത്തു പുറപ്പെട്ടുചെന്നു ഫിലിസ്‌ത്യരില്‍ ഇരുനൂറുപേരെ കൊന്നു. രാജാവിന്‍െറ മരുകനാകുന്നതിനുവേണ്ടി അവന്‍ അവരുടെ അഗ്രചര്‍മം രാജാവിനെ എണ്ണിയേല്‍പിച്ചു. സാവൂള്‍ മിഖാലിനെ ദാവീദിനു ഭാര്യയായിക്കൊടുത്തു.
Verse 28: കര്‍ത്താവ് ദാവീദിനോടുകൂടെ ആണെന്നും മിഖാല്‍ അവനെ സ്‌നേഹിക്കുന്നെന്നും കണ്ടപ്പോള്‍
Verse 29: സാവൂള്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ അവന്‍ ദാവീദിന്‍െറ നിത്യശത്രുവായി.
Verse 30: ഫിലിസ്‌ത്യപ്രഭുക്കന്‍മാര്‍യുദ്‌ധത്തിനു വന്നു. അവര്‍ വന്നപ്പോഴൊക്കെസാവൂളിന്‍െറ സകല ഭൃത്യന്‍മാരെയുംകാള്‍ ദാവീദ് വിജയശ്രീലാളിതനായി. തന്‍മൂലം അവന്‍െറ നാമം വിശ്രുതമായിത്തീര്‍ന്നു.