Verse 1: ദാവീദ് നോബില്‍ പുരോഹിതനായ അഹിമലെക്കിന്‍െറ യടുക്കല്‍ എത്തിച്ചേര്‍ന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്? കൂടെയാരുമില്ലേ?
Verse 2: ദാവീദ് പറഞ്ഞു: രാജാവ് ഒരു കാര്യം എന്നെ ഏല്‍പിച്ചിരിക്കുന്നു. ഞാന്‍ നിന്നെ ഏല്‍പിച്ചയയ്‌ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കല്‍പിച്ചിട്ടുമുണ്ട്. എന്‍െറ ഭൃത്യന്‍മാരോട് ഇന്ന സ്‌ഥലത്തു വരണമെന്നു ഞാന്‍ ഏര്‍പ്പാടുചെയ്‌തിട്ടുണ്ട്.
Verse 3: ആകയാല്‍, അങ്ങയുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരുക; അല്ലെങ്കില്‍, ഉള്ളതാകട്ടെ.
Verse 4: പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: വിശുദ്‌ധയപ്പമല്ലാതെ സാധാരണയപ്പം എന്‍െറ കൈവശമില്ല. നിന്‍െറ ഭൃത്യന്‍മാര്‍ സ്‌ത്രീകളില്‍നിന്നകന്നുനിന്നവരാണെങ്കില്‍ മാത്രമേ തരികയുള്ളു.
Verse 5: ദാവീദുപറഞ്ഞു: സത്യമായി ഞാന്‍ യാത്ര പോകുമ്പോഴൊക്കെ ഞങ്ങള്‍ സ്‌ത്രീകളില്‍നിന്നകന്നിരിക്കും. സാധാരണയാത്രയില്‍പ്പോലും എന്‍െറ ഭൃത്യന്‍മാരുടെ പാത്രങ്ങള്‍ ശുദ്‌ധിയുള്ളവയായിരിക്കും;അതിലെത്രയോ അധികമായി ഇന്ന്.
Verse 6: പുരോഹിതന്‍ അവനു വിശുദ്‌ധയപ്പം കൊടുത്തു. പുതിയതു പകരം വയ്‌ക്കാന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ തിരുസ്‌സാന്നിധ്യയപ്പമല്ലാതെ അവിടെ വേറെയില്ലായിരുന്നു.
Verse 7: സാവൂളിന്‍െറ ഭൃത്യന്‍മാരില്‍ ഒരാള്‍ അന്ന് അവിടെ കര്‍ത്താവിന്‍െറ സന്നിധിയില്‍ ഉണ്ടായിരുന്നു. സാവൂളിന്‍െറ ഇടയപ്രമാണിയും ഏദോമ്യനുമായ ദോയെഗ് ആയിരുന്നു അത്.
Verse 8: ദാവീദ് അഹിമലെക്കിനോടു ചോദിച്ചു: അങ്ങയുടെ കൈ വശം കുന്തമോ വാളോ ഉണ്ടോ? രാജാവ് കല്‍പി ച്ചകാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ ഞാന്‍ വാളോ മറ്റായുധങ്ങളോ എടുക്കാന്‍ വിട്ടുപോയി.
Verse 9: പുരോഹിതന്‍ പറഞ്ഞു: ഏലാതാഴ്‌വരയില്‍ വച്ച് നീ കൊന്ന ഫിലിസ്‌ത്യനായ ഗോലിയാത്തിന്‍െറ വാള്‍ എഫോദിന്‍െറ പിറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. അതു വേണമെങ്കില്‍ എടുക്കാം. അല്ലാതെ, വേറൊന്നും ഇവിടെയില്ല. ദാവീദ് പറഞ്ഞു: അതിനു തുല്യം മറ്റൊന്നില്ല. അതെനിക്കു തരുക.
Verse 10: സാവൂളിന്‍െറ മുന്‍പില്‍നിന്നോടി ദാവീദ് അന്നു തന്നെ ഗത്ത് രാജാവായ അക്കീഷിന്‍െറ അടുത്തെത്തി.
Verse 11: അക്കീഷിന്‍െറ ഭൃത്യന്‍മാര്‍ അവനോടു പറഞ്ഞു: ഈ ദാവീദ് ആ നാട്ടിലെ രാജാവല്ലേ? സാവൂള്‍ ആയിരങ്ങളെ കൊന്നു; ദാവീദോ, പതിനായിരങ്ങളെയും എന്ന് ഇവനെക്കുറിച്ചല്ലേ അവര്‍ പാടി നൃത്തം ചെയ്‌തത്?
Verse 12: ദാവീദ് ഇതിന്‍െറ പൊരുള്‍ ഗ്രഹിച്ചപ്പോള്‍ ഗത്തിലെ രാജാവായ അക്കീഷിനെ വളരെയധികം ഭയപ്പെട്ടു.
Verse 13: അവരുടെ മുന്‍പില്‍ അവന്‍ ഭാവം മാറ്റി. ബുദ്‌ധിഭ്രമം നടിച്ച് വാതിലിന്‍െറ കതകുകളില്‍ കുത്തിവരയ്‌ക്കുകയും താടിയിലൂടെ തുപ്പലൊലിപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.
Verse 14: അക്കീഷ് ഭൃത്യന്‍മാരോടു ചോദിച്ചു: ഇവന്‍ ഭ്രാന്തനാണെന്നു നിങ്ങള്‍ കാണുന്നില്ലേ? അവനെ എന്തിന് എന്‍െറയടുക്കല്‍കൊണ്ടുവന്നു?
Verse 15: എന്‍െറ മുന്‍പില്‍ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെ കൊണ്ടുവരാന്‍ എനിക്കിവിടെ ഭ്രാന്തന്‍മാര്‍ കുറവാണോ? എന്‍െറ കൊട്ടാരത്തിലാണോ ഇവന്‍ വരേണ്ടത്?