Verse 1: അമ്മോന്യരാജാവായ നാഹാഷ് മരിച്ചു. അവന്‍െറ മകന്‍ പകരം രാജാവായി.
Verse 2: അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷിന്‍െറ പുത്രന്‍ ഹാനൂനോടു ഞാന്‍ ദയാപൂര്‍വം വര്‍ത്തിക്കും. എന്തെന്നാല്‍, അവന്‍െറ പിതാവ് എന്നോടും കാരുണ്യപൂര്‍വം വര്‍ത്തിച്ചു. പിതാവിന്‍െറ നിര്യാണത്തില്‍ ഹാനൂനെ ആശ്വസിപ്പിക്കാന്‍ ദാവീദ് ദൂതന്‍മാരെ അയച്ചു. ദൂതന്‍മാര്‍ അമ്മോന്യരുടെ നാട്ടില്‍ ഹാനൂന്‍െറ അടുത്ത് അവനെ ആശ്വസിപ്പിക്കാന്‍ എത്തി.
Verse 3: അപ്പോള്‍ അമ്മോന്യപ്രമാണികള്‍ ഹാനൂനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ അടുത്ത് ആശ്വാസകരെ അയച്ചത് അങ്ങയുടെ പിതാവിനെ ബഹുമാനിക്കാനാണെന്നു വിചാരിക്കുന്നുവോ? ദേശം ഒറ്റുനോക്കി അതിനെ കീഴടക്കാനല്ലേ അവര്‍ വന്നിരിക്കുന്നത്?
Verse 4: അതുകൊണ്ട് ഹാനൂന്‍ ദാവീദിന്‍െറ ദൂതന്‍മാരെ താടിയും ശിരസ്‌സും മുണ്‍ഡനം ചെയ്‌ത്, അരമുതല്‍ പാദംവരെ അങ്കി മുറിച്ചുകളഞ്ഞ് വിട്ടയച്ചു.
Verse 5: അവര്‍ക്കു സംഭവിച്ചതു ദാവീദ് അറിഞ്ഞു. അവന്‍ അവരെ സ്വീകരിക്കാന്‍ ആളയച്ചു. അവര്‍ ലജ്‌ജാഭരിതരായിരുന്നു. താടി വളരുന്നതുവരെ ജറീക്കോയില്‍ താമസിച്ചു തിരികെവരാന്‍ രാജാവ് അവരോടു കല്‍പിച്ചു.
Verse 6: തങ്ങള്‍ ദാവീദിന്‍െറ ശത്രുത സമ്പാദിച്ചെന്ന് അമ്മോന്യര്‍ക്കു മനസ്‌സിലായി. അവര്‍ ആയിരം താലന്ത് വെള്ളിക്ക് രഥങ്ങളെയും കുതിരപ്പട്ടാളത്തെയും മെസൊപ്പൊട്ടാമിയ, ആരാംമാക്കാ, സോബാ എന്നിവിടങ്ങളില്‍നിന്നു കൂലിക്കെടുത്തു.
Verse 7: അവര്‍ മുപ്പത്തീരായിരം രഥങ്ങള്‍ കൂലിക്കുവാങ്ങി, അതുപോലെ മാക്കായിലെ രാജാവിനെയും സൈന്യങ്ങളെയും. അവര്‍ മെദേബായ്‌ക്കു മുന്‍പില്‍ പാളയമടിച്ചു. പട്ടണങ്ങളില്‍നിന്നു സൈന്യത്തിലെടുത്ത അമ്മോന്യരുംയുദ്‌ധത്തിനു പുറപ്പെട്ടു.
Verse 8: ഇതുകേട്ടു ദാവീദ് യോവാബിനെയും ധീരയോദ്‌ധാക്കളുടെ മുഴുവന്‍ സൈന്യത്തെയും അങ്ങോട്ടയച്ചു.
Verse 9: അമ്മോന്യര്‍ നഗരകവാടത്തില്‍ അണിനിരന്നു. അവരെ സഹായിക്കാന്‍ വന്ന രാജാക്കന്‍മാര്‍ തുറന്ന സ്‌ഥലത്തുനിലയുറപ്പിച്ചു.
Verse 10: മുന്‍പിലും പിന്‍പിലും ശത്രുസൈന്യം അണിനിരന്നിരിക്കുന്നതുകണ്ട് യോവാബ് ഇസ്രായേലിലെ ധീരന്‍മാരെ തിരഞ്ഞെടുത്ത് സിറിയായ് ക്കെതിരേ ചെന്നു.
Verse 11: ശേഷി ച്ചസൈനികരെ അവന്‍ തന്‍െറ സഹോദരനായ അബിഷായിയെ ഏല്‍പിച്ചു; അവന്‍ അമ്മോന്യരെ നേരിട്ടു.
Verse 12: യോവാബ് പറഞ്ഞു: സിറിയാക്കാര്‍ എന്നെക്കാള്‍ ശക്‌തരാണെങ്കില്‍ നീ എന്നെ സഹായിക്കണം. അമ്മോന്യര്‍ നിന്നെക്കാള്‍ ശക്‌തരായി കണ്ടാല്‍ ഞാന്‍ നിന്നെ സഹായിക്കാം.
Verse 13: ധൈര്യമായിരിക്കുക. നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍െറ പട്ടണത്തിനും വേണ്ടി നമുക്കു സുധീരം പോരാടാം. കര്‍ത്താവ് നന്‍മയെന്നു തോന്നുന്നതു പ്രവര്‍ത്തിക്കട്ടെ!
Verse 14: യോവാബും അനുയായികളും സിറിയാക്കാരുടെ നേരേ പുറപ്പെട്ട് അവരെ തോല്‍പിച്ചോടിച്ചു.
Verse 15: സിറിയാക്കാര്‍ പലായനം ചെയ്‌തെന്നു കണ്ട് അമ്മോന്യര്‍ യോവാബിന്‍െറ സഹോദരനായ അബിഷായിയുടെ മുന്‍പില്‍നിന്ന് ഓടി പട്ടണത്തില്‍ പ്രവേശിച്ചു. യോവാബ് ജറുസലെമിലേക്കു മടങ്ങി.
Verse 16: തങ്ങള്‍ ഇസ്രായേല്യരുടെ മുന്‍പില്‍ പരാജിതരായെന്നു കണ്ട് സിറിയാക്കാര്‍ ദൂതന്‍മാരെ അയച്ച്,യൂഫ്രട്ടീസിനു മറുകരെ ഉണ്ടായിരുന്ന സിറിയാക്കാരെ വരുത്തി. ഹദദേസറിന്‍െറ സേനാനായകന്‍ ഷോഫാക് ആണ് അവരെ നയിച്ചത്.
Verse 17: ദാവീദ് ഇതറിഞ്ഞ് ഇസ്രായേല്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടി ജോര്‍ദാന്‍ കടന്ന് സൈന്യത്തെ അണിനിരത്തി അവര്‍ക്കെതിരേ പൊരുതി.
Verse 18: സിറിയാക്കാര്‍ ഇസ്രായേലിന്‍െറ മുന്‍പില്‍ തോറ്റോടി. ദാവീദ് സിറിയാക്കാരുടെ ഏഴായിരം തേരാളികളെയും നാല്‍പതിനായിരം വരുന്ന കാലാള്‍പ്പടയെയും സേനാനായകന്‍ ഷോഫാക്കിനെയും നിഗ്രഹിച്ചു.
Verse 19: ഇസ്രായേല്യര്‍, തങ്ങളെ പരാജയപ്പെടുത്തിയെന്നുകണ്ട് ഹദദേസറിന്‍െറ ദാസന്‍മാര്‍ ദാവീദുമായി സന്‌ധിചെയ്‌ത് അവനു കീഴടങ്ങി. പിന്നീട് സിറിയാക്കാര്‍ അമ്മോന്യരെ സഹായിക്കാന്‍ പോയില്ല.