Verse 1: ഇസ്രായേലിലെ ഗോത്രത്തലവന്‍മാര്‍, സംഘത്തലവന്‍മാര്‍, സഹസ്രാധിപന്‍മാര്‍, ശതാധിപന്‍മാര്‍, രാജാവിന്‍െറയും രാജകുമാരന്‍മാരുടെയും സ്വത്തുക്കളുടെയും കാലിസമ്പത്തിന്‍െറയും മേല്‍നോട്ടക്കാര്‍, കൊട്ടാരത്തിലെ മേല്‍വിചാരകന്‍മാര്‍, ധീരയോദ്‌ധാക്കള്‍ എന്നിവരെ ദാവീദ് ജറുസലെമില്‍ വിളിച്ചുകൂട്ടി.
Verse 2: രാജാവ് അവരെ അഭിസംബോധന ചെയ്‌തു പറഞ്ഞു: സഹോദരന്‍മാരേ, എന്‍െറ ജനമേ, ശ്രവിക്കുവിന്‍. കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്‍െറ പാദപീഠവും സ്‌ഥാപിക്കാന്‍ ഒരാലയം പണിയണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു; വേണ്ട ഒരുക്കങ്ങള്‍ ഞാന്‍ ചെയ്‌തു.
Verse 3: എന്നാല്‍, ദൈവം എന്നോട് അരുളിച്ചെയ്‌തു: നീ എനിക്ക് ആലയം പണിയേണ്ടാ; നീ ഏറെരക്‌തം ഒഴുക്കിയ യോദ്‌ധാവാണ്.
Verse 4: എങ്കിലും, ഇസ്രായേലില്‍ എന്നും രാജാവായിരിക്കുന്നതിന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് എന്‍െറ പിതൃകുടുംബത്തില്‍ നിന്ന് എന്നെതിരഞ്ഞെടുത്തു; രാജസ്‌ഥാനത്തിന് യൂദാഗോത്രത്തെയും യൂദാഗോത്രത്തില്‍നിന്ന് എന്‍െറ പിതൃകുടുംബത്തെയും തിരഞ്ഞെടുത്തു; എന്‍െറ പിതാവിന്‍െറ മക്കളില്‍നിന്ന് ഇസ്രായേലിന്‍െറ രാജാവായി എന്നെതിരഞ്ഞെടുക്കാന്‍ അവിടുന്ന് തിരുമനസ്‌സായി.
Verse 5: കര്‍ത്താവ് എനിക്കു തന്ന പുത്രന്‍മാരില്‍ നിന്ന് - അവിടുന്ന് എനിക്കു ധാരാളം പുത്രന്‍മാരെ തന്നു - ഇസ്രായേലില്‍ കര്‍ത്താവിന്‍െറ രാജസിംഹാസനത്തിലിരിക്കാന്‍ എന്‍െറ പുത്രന്‍ സോളമനെ അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു.
Verse 6: അവിടുന്ന് എന്നോട് അരുളിച്ചെയ്‌തു: നിന്‍െറ പുത്രന്‍ സോളമന്‍ എനിക്ക് ആലയവും അങ്കണങ്ങളും പണിയും. ഞാന്‍ അവനെ പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനു പിതാവായിരിക്കും.
Verse 7: എന്‍െറ കല്‍പനകളും ചട്ടങ്ങളും അവന്‍ ഇന്നത്തെപ്പോലെ അനുസരിക്കുന്നതില്‍ ദൃഢചിത്തനായിരുന്നാല്‍, ഞാന്‍ അവന്‍െറ രാജ്യം എന്നേക്കും സുസ്‌ഥാപിതമാക്കും.
Verse 8: അതിനാല്‍ ഇസ്രായേലിന്‍െറ കര്‍ത്താവിന്‍െറ സമൂഹത്തിനു മുന്‍പില്‍ നമ്മുടെ ദൈവം കേള്‍ക്കേ ഞാന്‍ പറയുന്നു: ഐശ്വര്യപൂര്‍ണമായ ഈ ദേശം അനുഭവിക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ ഇതിനെ ശാശ്വതമായി അവകാശപ്പെടുത്താനും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ എല്ലാ കല്‍പനകളും അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യുവിന്‍.
Verse 9: മകനേ, സോളമന്‍, നിന്‍െറ പിതാവിന്‍െറ ദൈവത്തെനീ അറിയുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണ സമ്മതത്തോടുംകൂടെ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുക. അവിടുന്ന് ഹൃദയങ്ങള്‍ പരിശോധിച്ച് എല്ലാ ആലോചനകളും വിചാരങ്ങളും മനസ്‌സിലാക്കുന്നു. അന്വേഷിച്ചാല്‍ നീ അവിടുത്തെ കണ്ടെണ്ടത്തും; ഉപേക്‌ഷിച്ചാല്‍, അവിടുന്ന് നിന്നെ എന്നേക്കും പരിത്യജിക്കും.
Verse 10: ശ്രദ്‌ധിക്കുക; വിശുദ്‌ധമന്‌ദിരം പണിയാന്‍ അവിടുന്ന് നിന്നെതിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിവര്‍ത്തിക്കുക.
Verse 11: പിന്നെ, ദാവീദ് ദേവാലയത്തിന്‍െറ മണ്‍ഡപം, ഉപഗൃഹങ്ങള്‍, ഭണ്‍ഡാരശാലകള്‍, മാളിക മുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ രൂപരേഖ മകന്‍ സോളമനെ ഏല്‍പ്പിച്ചു.
Verse 12: ദേവാലയത്തിന്‍െറ അങ്കണങ്ങള്‍, ചുറ്റുമുള്ള മുറികള്‍, ദേവാലയഭണ്‍ഡാരങ്ങള്‍, അര്‍പ്പിത വസ്‌തുക്കളുടെ സംഭരണശാലകള്‍ തുടങ്ങിയവയുടെ രൂപരേഖയും
Verse 13: പുരോഹിതന്‍മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍, ദേവാലയത്തിലെ ശുശ്രൂഷകള്‍, പാത്രങ്ങള്‍ മുതലായവയുടെ രൂപരേഖയും അവനെ ഏല്‍പിച്ചു.
Verse 14: വിവിധ ശുശ്രൂഷകള്‍ക്ക് ഉപയോഗിക്കുന്ന പൊന്‍പാത്രങ്ങള്‍ക്കുവേണ്ട പൊന്ന്, വെള്ളിപ്പാത്രങ്ങള്‍ക്കുവേണ്ട വെള്ളി,
Verse 15: സ്വര്‍ണവിളക്കുകള്‍ക്കും തണ്ടുകള്‍ക്കും വേണ്ടസ്വര്‍ണം, വെള്ളിവിളക്കുകള്‍ക്കും തണ്ടുകള്‍ക്കുംവേണ്ട വെള്ളി;
Verse 16: തിരുസാന്നിധ്യയപ്പത്തിന്‍െറ മേശയ്‌ക്കുവേണ്ട പൊന്ന്,വെള്ളിമേശകള്‍ക്കു വേണ്ട വെള്ളി;
Verse 17: മുള്‍ക്കരണ്ടി, പാത്രങ്ങള്‍, ചഷകങ്ങള്‍, കോ പ്പകള്‍ ഇവയ്‌ക്കുവേണ്ട തങ്കം. വെള്ളിപ്പാത്രങ്ങള്‍ക്കുവേണ്ട വെള്ളി;
Verse 18: ധൂപപീഠത്തിനുവേണ്ട തങ്കം, കര്‍ത്താവിന്‍െറ ഉടമ്പടിയുടെപേടകത്തിന്‍െറ മുകളില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന കെരൂബുകളോടുകൂടിയരഥത്തിന്‍െറ രൂപരേഖ, രഥത്തിനുവേണ്ട സ്വര്‍ണം എന്നിവനല്‌കി.
Verse 19: തത്‌സംബന്‌ധമായ എല്ലാവിവരങ്ങളും കര്‍ത്താവുതന്നെ എഴുതി ഏല്‍പിച്ചിട്ടുള്ളതാണ്. എല്ലാപണികളും ഇതനുസരിച്ചുതന്നെ നടത്തേണ്ടതാണ്.
Verse 20: ദാവീദ്, മകന്‍ സോളമനോടു പറഞ്ഞു: ശക്‌തനും ധീരനുമായിരുന്ന് ഇതു ചെയ്യുക. ഭയമോ ശങ്കയോ വേണ്ട. എന്‍െറ ദൈവമായ കര്‍ത്താവ് നിന്നോടുകൂടെയുണ്ട്. കര്‍ത്താവിന്‍െറ ആലയത്തിലെ സകലജോലികളും പൂര്‍ത്തിയാകുന്നതുവരെ അവിടുന്ന് നിന്നെ കൈവിടുകയില്ല, ഉപേക്‌ഷിക്കുകയുമില്ല.
Verse 21: ഇതാദേവാലയത്തിലെ വിവിധ ശുശ്രൂഷകള്‍ക്കുവേണ്ട പുരോഹിതന്‍മാരുടെയും ലേവ്യരുടെയും ഗണങ്ങള്‍ തയ്യാറായി നില്‍ക്കുന്നു. ഓരോ ജോലിക്കും വേണ്ട സാമര്‍ഥ്യവും സന്നദ്‌ധതയുമുള്ള എല്ലാവരും നിന്നോടുകൂടെയുണ്ട്. സേവകന്‍മാരും ജനവും നിന്‍െറ ആജ്‌ഞാനുവര്‍ത്തികളായി നില്‍ക്കുന്നു.