Verse 1: ദാവീദ് പറഞ്ഞു: ഇതാണ് ദൈവമായ കര്‍ത്താവിന്‍െറ ആലയം; ഇസ്രായേലിന്‍െറ ദഹനബലിപീഠവും ഇതുതന്നെ.
Verse 2: അനന്തരം, ഇസ്രായേലിലെ വിദേശികളെ വിളിച്ചുകൂട്ടാന്‍ ദാവീദ് കല്‍പിച്ചു. ദേവാലയ നിര്‍മാണത്തിനു കല്ലു ചെത്തിയൊരുക്കാന്‍ അവന്‍ കല്‍പണിക്കാരെ നിയമിച്ചു.
Verse 3: പടിവാതിലുകള്‍ക്കു വേണ്ട ആണിയും വിജാഗിരികളും കൊളുത്തുകളും നിര്‍മിക്കാന്‍ പിച്ചളയും ഇരുമ്പും അളവില്ലാതെ ശേഖരിച്ചു.
Verse 4: സീദോന്യരും ടയിര്‍നിവാസികളും കൊണ്ടുവന്ന എണ്ണമറ്റ ദേവദാരുക്കളും ദാവീദ് ഒരുക്കിവച്ചു;
Verse 5: അവന്‍ പറഞ്ഞു: എന്‍െറ മകന്‍ സോളമന്‍യുവാവും അനുഭവസമ്പത്തില്ലാത്തവനുമാണ്. കര്‍ത്താവിനായി പണിയാനിരിക്കുന്ന ആ ലയം, എല്ലാ ദേശങ്ങളിലും കീര്‍ത്തിയും മഹത്വവും വ്യാപിക്കത്തക്കവണ്ണം, അതിമനോഹരമായിരിക്കണം. ആവശ്യമുള്ള സാമഗ്രികള്‍ ദാവീദ് തന്‍െറ മരണത്തിനുമുന്‍പു ശേഖരിച്ചുവച്ചു.
Verse 6: അവന്‍ തന്‍െറ മകന്‍ സോളമനെ വിളിച്ച് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന് ആലയം പണിയാന്‍ ചുമതലപ്പെടുത്തി.
Verse 7: ദാവീദ് സോളമനോടു പറഞ്ഞു: മകനേ, എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തിന് ആലയം പണിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
Verse 8: എന്നാല്‍, കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: നീ ഏറെരക്‌തംചിന്തി; ധാരാളംയുദ്‌ധങ്ങളും നടത്തി. നീ എന്‍െറ മുന്‍പില്‍ ഇത്രയേറെരക്‌തം ഒഴുക്കിയതിനാല്‍, നീ എനിക്ക് ആലയം പണിയുകയില്ല.
Verse 9: നിനക്ക് ഒരു പുത്രന്‍ ജനിക്കും. അവന്‍െറ ഭരണം സമാധാനപൂര്‍ണമായിരിക്കും. ചുറ്റുമുള്ള ശത്രുക്കളില്‍നിന്നു ഞാന്‍ അവനു സമാധാനം നല്‍കും. അവന്‍െറ നാമം സോളമന്‍ എന്ന് ആയിരിക്കും. അവന്‍െറ കാലത്തു ശാന്തിയും സമാധാനവും ഞാന്‍ ഇസ്രായേലിനു നല്‍കും.
Verse 10: അവന്‍ എന്‍െറ നാമത്തിന് ആലയം പണിയും. അവന്‍ എനിക്കു പുത്രനും ഞാന്‍ അവന് പിതാവുമായിരിക്കും. അവന്‍െറ രാജകീയ സിംഹാസനം ഇസ്രായേലില്‍ ഞാന്‍ എന്നേക്കും സുസ്‌ഥിരമാക്കും.
Verse 11: മകനേ, കര്‍ത്താവ് നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ! നിന്നെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്‌തതുപോലെ നിന്‍െറ ദൈവമായ കര്‍ത്താവിന് ആലയം പണിയുന്നതില്‍ നീ വിജയിക്കട്ടെ!
Verse 12: ഇസ്രായേലിന്‍െറ ഭരണം അവിടുന്ന് നിന്നെ ഏല്‍പിക്കുമ്പോള്‍ നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ കല്‍പനകള്‍ അനുസരിക്കുന്നതിനു നിനക്കു വിവേകവും അറിവും അവിടുന്ന് പ്രദാനം ചെയ്യട്ടെ!
Verse 13: കര്‍ത്താവ് മോശവഴി ഇസ്രായേലിനു നല്‍കിയ കല്‍പനകളും നിയമങ്ങളും ശ്രദ്‌ധാപൂര്‍വം പാലിച്ചാല്‍ നിനക്ക് ഐശ്വര്യം ഉണ്ടാകും. ശക്‌തനും ധീരനും ആയിരിക്കുക. ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുത്.
Verse 14: കര്‍ത്താവിന്‍െറ ആലയത്തിന് ഒരു ലക്‌ഷം താലന്ത് സ്വര്‍ണവും പത്തുലക്‌ഷം താലന്ത് വെള്ളിയും അളവില്ലാത്തവിധം പിച്ചളയും ഇരുമ്പും ആവശ്യത്തിനുവേണ്ട കല്ലും മരവും ഞാന്‍ ക്ലേശംസഹിച്ചുശേഖരിച്ചിട്ടുണ്ട്. നീ ഇനിയും സംഭരിക്കണം.
Verse 15: കല്ലുവെട്ടുകാരും കല്‍പ്പണിക്കാരും മരപ്പണിക്കാരും സകല വിധ കരകൗശലപ്പണിക്കാരും,
Verse 16: സ്വര്‍ണം,വെള്ളി, പിച്ചള, ഇരുമ്പ് എന്നിവയുടെ പണിയില്‍ നിപുണരായ ജോലിക്കാരും ആയി ധാരാളംപേര്‍ നിനക്കുണ്ട്. ജോലിയാരംഭിക്കുക. കര്‍ത്താവ് നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!
Verse 17: പുത്രന്‍ സോളമനെ സഹായിക്കാന്‍ ഇസ്രായേലിലെ എല്ലാ നായകന്‍മാരോടും ദാവീദ് കല്‍പിച്ചു.
Verse 18: അവന്‍ പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളുടെ കൂടെയില്ലേ? നിങ്ങള്‍ക്കു പൂര്‍ണമായ സമാധാനം അവിടുന്ന് നല്‍കിയില്ലേ? അവിടുന്ന് ദേശനിവാസികളെ എന്‍െറ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു. ദേശം മുഴുവനും കര്‍ത്താവിനും അവിടുത്തെ ജനത്തിനും കീഴടങ്ങിയിരിക്കുന്നു.
Verse 19: നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസ്‌സും ഒരുക്കുവിന്‍. കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകവും ദൈവത്തിനു പ്രതിഷ്‌ഠിക്കപ്പെട്ട വിശുദ്‌ധോപകരണങ്ങളും സ്‌ഥാപിക്കാന്‍ കര്‍ത്താവിന്‍െറ നാമത്തിന് ആലയം നിര്‍മിക്കുവിന്‍.