Verse 1: ആസായുടെ മുപ്പത്തിയാറാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്‌ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്‌ധമുണ്ടാകാതിരിക്കാന്‍ അവന്‍ റാമാ നിര്‍മിച്ചു തുടങ്ങി.
Verse 2: ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരത്തില്‍നിന്നു സ്വര്‍ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന സിറിയാരാജാവായ ബന്‍ഹദാദിന് കൊടുത്തയച്ചുകൊണ്ടുപറഞ്ഞു:
Verse 3: നമ്മുടെ പിതാക്കന്‍മാര്‍ തമ്മില്‍ ഉണ്ടായിരുന്നതുപോലെ നമുക്കും ഒരു സഖ്യം ചെയ്യാം. ഞാനിതാ സ്വര്‍ണവും വെള്ളിയും സമ്മാനമായി അയയ്‌ക്കുന്നു. ഇസ്രായേല്‍ രാജാവായ ബാഷാ എന്‍െറ രാജ്യത്തുനിന്നു പിന്‍മാറുന്നതിന് അവനുമായുള്ള സഖ്യം വിച്‌ഛേദിക്കുക.
Verse 4: ആസാ രാജാവിന്‍െറ അഭ്യര്‍ഥന സ്വീകരിച്ചു ബന്‍ഹദാദ് സേനാധിപന്‍മാരെ ഇസ്രായേല്‍ നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ ഈയോന്‍, ദാന്‍, ആബേല്‍മയിം എന്നിവയും നഫ്‌താലിയിലെ എല്ലാ സംഭരണനഗരങ്ങളും പിടിച്ചടക്കി.
Verse 5: ഇതു കേട്ടപ്പോള്‍ ബാഷാ റാമായുടെ പണി നിര്‍ത്തിവച്ചു.
Verse 6: ആസാരാജാവ് യൂദാനിവാസികളെയെല്ലാം കൂട്ടി റാമാ പണിയാന്‍ ബാഷാ കൊണ്ടുവന്നു വച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുപോയി. അവകൊണ്ടു ഗേബയും മിസ്‌പായും പണിതു.
Verse 7: ആ സമയത്ത് ഹനാനിദീര്‍ഘദര്‍ശി യൂദാരാജാവായ ആസായുടെ അടുത്തുചെന്നു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവില്‍ ആശ്രയിക്കാതെ സിറിയാരാജാവിനെ അഭയം തേടിയതിനാല്‍ സിറിയാരാജാവിന്‍െറ സൈന്യം നിന്‍െറ കൈയില്‍നിന്നു രക്‌ഷപെട്ടു.
Verse 8: അസംഖ്യം രഥങ്ങളും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യമല്ലേ എത്യോപ്യര്‍ക്കും ലിബിയര്‍ക്കും ഉണ്ടായിരുന്നത്? എന്നിട്ടും നീ കര്‍ത്താവില്‍ ആശ്രയിച്ചതിനാല്‍ അവിടുന്ന് അവരെ നിന്‍െറ കൈയില്‍ ഏല്‍പിച്ചുതന്നു.
Verse 9: തന്‍െറ മുന്‍പില്‍ നിഷ്‌കളങ്കരായി വര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ശക്‌തി പ്രകടിപ്പിക്കുവാന്‍ കര്‍ത്താവിന്‍െറ ദൃഷ്‌ടികള്‍ ഭൂമിയിലുടനീളം പായുന്നു. എന്നാല്‍ നീ ചെയ്‌തത് ഭോഷത്തമാണ്. ഇനിയുദ്‌ധം നിന്നെ വിട്ടുമാറുകയില്ല.
Verse 10: ആസാ കോപിച്ച്, ദീര്‍ഘദര്‍ശിയെ ചങ്ങലയാല്‍ ബന്‌ധിച്ചു കാരാഗൃഹത്തിലടച്ചു. കാരണം, ഈ വാക്കുകള്‍ അവനെ പ്രകോപിപ്പിച്ചു. അന്ന് ആസാ ജനത്തില്‍ ചിലരെ ക്രൂരമായി പീഡിപ്പിച്ചു.
Verse 11: ആസായുടെ പ്രവര്‍ത്തനങ്ങള്‍ ആദ്യവസാനം യൂദായുടെയും ഇസ്രായേലിന്‍െറയും രാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Verse 12: തന്‍െറ മുപ്പത്തിയൊന്‍പതാം ഭരണവര്‍ഷം ആസായുടെ കാലില്‍ രോഗബാധയുണ്ടായി. അതു മൂര്‍ച്‌ഛിച്ചിട്ടും അവന്‍ വൈദ്യന്‍മാരിലല്ലാതെ കര്‍ത്താവില്‍ ആശ്രയിച്ചില്ല.
Verse 13: നാല്‍പത്തിയൊന്നാം ഭരണവര്‍ഷം ആസാ പിതാക്കന്‍മാരോടുചേര്‍ന്നു.
Verse 14: ദാവീദിന്‍െറ നഗരത്തില്‍ തനിക്കുവേണ്ടി തയ്യാറാക്കിയ കല്ലറയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. വിദഗ്‌ധമായി കൂട്ടിയെ ടുത്ത പലവിധ പരിമളദ്രവ്യങ്ങള്‍ കൊണ്ടു നിറ ച്ചമഞ്ചത്തില്‍ അവനെ കിടത്തി. അവന്‍െറ ബഹുമാനത്തിനായി വലിയൊരു തീക്കൂന കൂട്ടി.