Verse 1: രാജാവാകുമ്പോള്‍ അമസിയായ്‌ക്ക് ഇരുപത്തിയഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തിയൊന്‍പതു വര്‍ഷം ഭരിച്ചു. ജറുസലെംകാരിയായയഹോവദ്‌ദാനായിരുന്നു അവന്‍െറ മാതാവ്.
Verse 2: അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചു. പക്‌ഷേ, പൂര്‍ണ ഹൃദയത്തോടെ ആയിരുന്നില്ല.
Verse 3: രാജാധികാരം തന്‍െറ കൈയില്‍ ഉറച്ചപ്പോള്‍ അവന്‍ തന്‍െറ പിതാവിന്‍െറ ഘാതകരായസേവകന്‍മാരെ വധിച്ചു.
Verse 4: മോശയുടെ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച് അവന്‍ അവരുടെ മക്കളെകൊന്നില്ല. പിതാക്കന്‍മാരുടെ അകൃത്യത്തിനു മക്കളോ, മക്കളുടെ അകൃത്യത്തിന് പിതാക്കന്‍മാരോ വധിക്കപ്പെടരുത്. ഓരോരുത്ത രും താന്താങ്ങളുടെ അകൃത്യത്തിനു മരണ ശിക്‌ഷ അനുഭവിക്കണം എന്ന കര്‍ത്താവിന്‍െറ കല്‍പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Verse 5: അമസിയാ യൂദായില്‍നിന്നും ബഞ്ചമിനില്‍നിന്നും ആളുകളെ ശേഖരിച്ച് അവരെ കുടുംബക്രമത്തില്‍ സഹസ്രാധിപന്‍മാരുടെയും ശതാധിപന്‍മാരുടെയും കീഴില്‍ നിയോഗിച്ചു. ഇരുപതും അതിനുമേലും വയ സ്‌സുള്ള മൂന്നുലക്‌ഷംപേരെ അവന്‍ ഒരുമിച്ചുകൂട്ടി. അവര്‍യുദ്‌ധശേഷിയുള്ളവരും കുന്തവും പരിചയും ഉപയോഗിക്കാന്‍ കഴിവുള്ളവരും ആയിരുന്നു.
Verse 6: ഇതിനുപുറമേ ഇസ്രായേലില്‍നിന്ന് ഒരു ലക്‌ഷം വീരയോദ്‌ധാക്കളെ നൂറു താലന്തു വെള്ളിക്കു കൂലിക്കെ ടുത്തു.
Verse 7: എന്നാല്‍, ഒരു ദൈവപുരുഷന്‍ വന്ന് അവനോടു പറഞ്ഞു:രാജാവേ, ഇസ്രായേല്‍സൈന്യത്തെനീ കൂടെക്കൊണ്ടു പോകരുത്. കര്‍ത്താവ് എഫ്രായിംകാരായ ഈ ഇസ്രായേല്യരോടുകൂടെയില്ല.
Verse 8: ഇവര്‍യുദ്‌ധത്തില്‍ നിനക്കു ശക്‌തി പകരുമെന്നു നീ കരുതുന്നെങ്കില്‍ ദൈവം ശത്രുവിന്‍െറ മുന്‍പില്‍ നിന്നെ വീഴ്‌ത്തും. സഹായിക്കാനും പരിത്യജിക്കാനും ദൈവത്തിനു കഴിയും.
Verse 9: അമസിയാ ദൈവപുരുഷനോടു പറഞ്ഞു: ഇസ്രായേല്‍സൈന്യത്തിനു ഞാന്‍ നൂറു താലന്തു വെള്ളി കൊടുത്തുപോയല്ലോ! ദൈവപുരുഷന്‍ പറഞ്ഞു: അതിനെക്കാള്‍ കൂടുതല്‍ തരാന്‍ കര്‍ത്താവിനു കഴിവുണ്ട്.
Verse 10: അപ്പോള്‍ അമസിയാ എഫ്രായിമില്‍ നിന്നുവന്ന സൈന്യത്തെ പിരിച്ചുവിട്ടു. അവര്‍ക്കു യൂദായോടു വലിയ അമര്‍ഷംതോന്നി; കോപാക്രാന്തരായി അവര്‍ വീടുകളിലേക്കു മടങ്ങി.
Verse 11: അമസിയാ സധൈര്യം സൈന്യത്തെനയിച്ച് ഉപ്പുതാഴ്‌വരയിലെത്തി. പതിനായിരം സെയിര്‍പടയാളികളെ വധിച്ചു.
Verse 12: യൂദാസൈന്യം വേറെപതിനായിരം പേരെ ജീവനോടെ പിടിച്ച് ഒരു പാറയുടെ മുകളില്‍ കൊണ്ടുപോയി താഴേക്കു തള്ളിയിട്ടു. അവരുടെ ശരീരങ്ങള്‍ ഛിന്നഭിന്നമായി.
Verse 13: യുദ്‌ധത്തിനു കൊണ്ടുപോകാതെ അമസിയാ പിരിച്ചുവിട്ട സൈനികര്‍ സമരിയായ്‌ക്കും ബേത്ത്‌ഹോറോനും ഇടയ്‌ക്കുള്ള യൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ കൊല്ലുകയും വളരെയേറെകൊള്ളവസ്‌തുക്കള്‍ ശേഖരിക്കുകയും ചെയ്‌തു.
Verse 14: ഏദോമ്യരെ തോല്‍പ്പിച്ചു മടങ്ങുമ്പോള്‍ അമസിയാ സെയിര്‍ നിവാസികളുടെ ദേവവിഗ്രഹങ്ങളും കൂടെക്കൊണ്ടുവന്നു. അവയെ സ്വന്തം ദേവന്‍മാരായി പ്രതിഷ്‌ഠിച്ച് ആരാധിക്കുകയും കാഴ്‌ചയര്‍പ്പിക്കുകയും ചെയ്‌തു.
Verse 15: കര്‍ത്താവ് അമസിയായോടു കോപിച്ച് ഒരു പ്രവാചകനെ അയച്ചു. അവന്‍ ചോദിച്ചു: സ്വന്തം ജനത്തെനിന്‍െറ കൈയില്‍നിന്നു രക്‌ഷിക്കാതിരുന്ന ഈ ദേവന്‍മാരെ നീ ആശ്രയിക്കുന്നതെന്തിന്?
Verse 16: അപ്പോള്‍ അമസിയാ അവനോടു പറഞ്ഞു: രാജാവിന്‍െറ ഉപദേഷ്‌ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ? നിര്‍ത്തൂ; അല്ലെങ്കില്‍, നിനക്കു ജീവന്‍ നഷ്‌ടപ്പെടും. പ്രവാചകന്‍ ഇത്രയുംകൂടി പറഞ്ഞുനിര്‍ത്തി: നീ ഇപ്രകാരം പ്രവര്‍ത്തിക്കുകയും എന്‍െറ ഉപദേശം ചെവിക്കൊള്ളാതിരിക്കുകയും ചെയ്‌തതിനാല്‍, ദൈവം നിന്നെ നശിപ്പിക്കാന്‍ നിശ്‌ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയിക്കുന്നു.
Verse 17: യൂദാരാജാവായ അമസിയാ ഉപദേഷ്‌ടാക്കളുമായി ആലോചിച്ച് യേഹുവിന്‍െറ മകനായയഹോവാഹാസിന്‍െറ മകനും ഇസ്രായേല്‍രാജാവുമായയഹോവാഷിന്‍െറ അടുത്ത് ആളയച്ചുപറഞ്ഞു: വരൂ, നമുക്കൊരു ബലപരീക്‌ഷണം നടത്താം.
Verse 18: ഇസ്രായേല്‍രാജാവായയഹോവാഷ് യൂദാരാജാവായ അമസിയായ്‌ക്ക് മറുപടി നല്‍കി. ലബനോനിലെ ഒരു മുള്‍ച്ചെടി, ലബനോനിലെ ഒരു ദേവദാരുവിനോട്, നിന്‍െറ മകളെ എന്‍െറ മകനു ഭാര്യയായി തരുക എന്ന് ആവശ്യപ്പെട്ടു! ലബനോനിലെ ഒരു വന്യമൃഗം ആ വഴി വന്നു മുള്‍ച്ചെടി ചവിട്ടിയരച്ചുകളഞ്ഞു.
Verse 19: ഏദോമിനെ തകര്‍ത്തു എന്നു നീ വീമ്പിളക്കുന്നു. അടങ്ങി വീട്ടിലിരിക്കുക. എന്തിനു യൂദായ്‌ക്കും നിനക്കും വെറുതെ നാശം വിളിച്ചുവരുത്തുന്നു?
Verse 20: എന്നാല്‍, അമസിയാ കൂട്ടാക്കിയില്ല. ഏദോമിലെ ദേവന്‍മാരെ സേവിച്ചതുകൊണ്ട് അവരെ ശത്രുകരങ്ങളില്‍ ഏല്‍പിക്കാന്‍ ദൈവം നിശ്‌ചയിച്ചിരുന്നു.
Verse 21: ഇസ്രായേല്‍രാജാവായയഹോവാഷ്‌യുദ്‌ധത്തിനുപുറപ്പെട്ടു. അവന്‍ യുദാരാജാവായ അമസിയായുമായി യൂദായിലെ ബേത്‌ഷേമെഷില്‍ വച്ച് ഏറ്റുമുട്ടി.
Verse 22: യൂദാ സൈന്യം പരാജയപ്പെട്ടു. പടയാളികള്‍ സ്വഭവനങ്ങളിലേക്ക് ഓടിപ്പോയി.
Verse 23: ഇസ്രായേല്‍രാജാവായയഹോവാഷ് അഹസിയായുടെ മകനായ യോവാഷിന്‍െറ മകനും യൂദാരാജാവുമായ അമസിയായെ ബന്‌ധിച്ചു ജറുസലെമില്‍ കൊണ്ടുവന്നു. ജറുസലെമിന്‍െറ മതില്‍ എഫ്രായിംകവാടം മുതല്‍ കോണ്‍കവാടം വരെ നാനൂറുമുഴം ഇടിച്ചുതകര്‍ത്തു.
Verse 24: അവന്‍ ദേവാലയത്തിലെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും കൊള്ളയടിച്ച്, ഓബെദ് ഏദോമിനെ തടവുകാരനാക്കി; രാജകൊട്ടാരത്തിലെ നിക്‌ഷേപങ്ങള്‍ കൈവശപ്പെടുത്തി; കൊള്ള മുതലും തടവുകാരുമായി സമരിയായിലേക്കു മടങ്ങി.
Verse 25: യഹോവാഹാസിന്‍െറ മകനും ഇസ്രായേല്‍രാജാവുമായ യഹോവാഷിന്‍െറ മരണത്തിനുശേഷം യോവാഷിന്‍െറ മകനും യൂദാരാജാവുമായ അമസിയാ പതിനഞ്ചുവര്‍ഷം ജീവിച്ചു.
Verse 26: അമസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യൂദായിലെയും ഇസ്രായേ ലിലെയും രാജാക്കന്‍മാരുടെ പുസ്‌തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Verse 27: കര്‍ത്താവിനെ വിട്ടകന്ന നാള്‍മുതല്‍ അവനെതിരേ ജറുസലെമില്‍ ഗൂഢാലോചന നടന്നു. അവന്‍ ലാഖീഷിലേക്ക് ഒളിച്ചോടി. അവര്‍ ആളെവിട്ടു ലാഖീഷില്‍വച്ച് അവനെ വധിച്ചു.
Verse 28: മൃതദേഹം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്‍െറ നഗരത്തില്‍ പിതാക്കന്‍മാരോടുകൂടെ സംസ്‌കരിച്ചു.