Verse 1: ദേവാലയത്തിന്‍െറ പണികളെല്ലാം സമാപിച്ചപ്പോള്‍ സോളമന്‍ തന്‍െറ പിതാവായ ദാവീദ് പ്രതിഷ്‌ഠിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ ഉപകരണങ്ങളും ആലയത്തിന്‍െറ ഭണ്‍ഡാരങ്ങളില്‍ നിക്‌ഷേപിച്ചു.
Verse 2: കര്‍ത്താവിന്‍െറ ഉടമ്പടിയുടെ പേടകം, ദാവീദിന്‍െറ നഗരമായ സീയോനില്‍നിന്നുകൊണ്ടുവരുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളുടെയും കുലങ്ങളുടെയും കുടുംബങ്ങളുടെയും തലവന്‍മാരായ നേതാക്കളെയെല്ലാം സോളമന്‍ ജറുസലെമിലേക്കു വിളിപ്പിച്ചു.
Verse 3: ഏഴാം മാസത്തിലെ ഉത്‌സവ സമയത്ത് ഇസ്രായേല്‍ജനം രാജാവിന്‍െറ മുന്‍പില്‍ സമ്മേളിച്ചു.
Verse 4: ഇസ്രായേല്‍ നേതാക്കളെല്ലാവരും വന്നുകൂടിയപ്പോള്‍ ലേവ്യര്‍ പേടകം എടുത്തു.
Verse 5: പുരോഹിതന്‍മാരും ലേവ്യരും ചേര്‍ന്നു പേട കവും സമാഗമകൂടാരവും അതിലെ സകല വിശുദ്‌ധോപകരണങ്ങളും ദേവാലയത്തില്‍ കൊണ്ടുവന്നു.
Verse 6: സോളമന്‍ രാജാവും അവിടെ കൂടിയിരുന്ന ഇസ്രായേല്‍ സമൂഹവും പേട കത്തിനുമുന്‍പില്‍ അസംഖ്യം ആടുകളെയും കാളകളെയും ബലി അര്‍പ്പിച്ചു.
Verse 7: അതിനുശേഷം പുരോഹിതന്‍മാര്‍ ഉടമ്പടിയുടെ പേടകം അതിന്‍െറ സ്‌ഥാനത്തേക്കു കൊണ്ടുപോയി, ആലയത്തിന്‍െറ അന്തര്‍മന്‌ദിരത്തില്‍ അതിവിശുദ്‌ധ സ്‌ഥലത്തു കെരൂബുകളുടെ ചിറകിന്‍ കീഴില്‍ പ്രതിഷ്‌ഠിച്ചു.
Verse 8: കെരൂബൂകള്‍ പേടകത്തിനു മുകളില്‍ ചിറകുവിടര്‍ത്തി നിന്നിരുന്നതിനാല്‍ അവ പേടകത്തെയും അതിന്‍െറ തണ്ടുകളെയും മൂടിയിരുന്നു.
Verse 9: തണ്ടുകള്‍ക്കു നീളമുണ്ടായിരുന്നതിനാല്‍ ശ്രീകോവിലിനുമുന്‍പിലുള്ള വിശുദ്‌ധ സ്‌ഥലത്തു നിന്നാല്‍ അവയുടെ അഗ്രം കാണാമായിരുന്നു. എങ്കിലും പുറമേനിന്നു ദൃശ്യമായിരുന്നില്ല. ഇന്നും അവ അവിടെയുണ്ട്.
Verse 10: ഇസ്രായേല്‍ജനം ഈജിപ്‌തില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ കര്‍ത്താവ് അവരുമായി ഉടമ്പടി ചെയ്‌ത ഹോറെബില്‍ വച്ചുമോശ പേടകത്തില്‍ നിക്‌ഷേപി ച്ചരണ്ടു കല്‍പലകയല്ലാതെ മറ്റൊന്നും അതില്‍ ഉണ്ടായിരുന്നില്ല.
Verse 11: അവിടെ കൂടിയിരുന്ന എല്ലാ പുരോഹിതന്‍മാരും ഗണഭേദമെന്യേ തങ്ങളെത്തന്നെ വിശുദ്‌ധീകരിച്ചിട്ടുണ്ടായിരുന്നു.
Verse 12: പുരോഹിതന്‍മാര്‍ വിശുദ്‌ധസ്‌ഥലത്തുനിന്നു പുറത്തുവന്നപ്പോള്‍ ആസാഫ്, ഹേമാന്‍,യദുഥൂന്‍ എന്നിവരും അവരുടെ പുത്രന്‍മാരും ബന്‌ധുക്കളുമായി സംഗീതജ്‌ഞരായ ലേവ്യരൊക്കെയും ചണവസ്‌ത്രം ധരിച്ച്, കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ച്, ബലിപീഠത്തിനു കിഴക്കുവശത്ത് കാഹളമൂതിക്കൊണ്ടിരുന്ന നൂറ്റിയിരുപതു പുരോഹിതന്‍മാരോടു ചേര്‍ന്നുനിന്നു.
Verse 13: കാഹളമൂത്തുകാരും ഗായകരും ഒത്തൊരുമിച്ച് ഏക സ്വരത്തില്‍ കര്‍ത്താവിനു കൃതജ്‌ഞതാസ്‌തോത്രങ്ങള്‍ ആലപിച്ചു. കാഹളം, കൈത്താളം മറ്റു സംഗീതോപകരണങ്ങള്‍ എന്നിവയുടെ അകമ്പടിയോടു കൂടി അവര്‍ കര്‍ത്താവിനെ സ്‌തുതിച്ചുപാടി, അവിടുന്നു നല്ലവനാണ്; അവിടുത്തെ കൃപ എന്നേക്കും നിലനില്‌ക്കുന്നു! കര്‍ത്താവിന്‍െറ ആലയത്തില്‍ ഒരു മേഘം വന്നു നിറഞ്ഞു.
Verse 14: ദേവാലയത്തില്‍ കര്‍ത്താവിന്‍െറ തേജസ്‌സു നിറഞ്ഞു നിന്നതിനാല്‍ പുരോഹിതന്‍മാര്‍ക്ക് അവിടെ നിന്നു ശുശ്രൂഷ തുടരുവാന്‍ സാധിച്ചില്ല.