Verse 1: സോളമന്‍ പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്‌തിട്ടുണ്ടെങ്കിലും
Verse 2: ഞാനിതാ അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിമഹത്തായ ഒരു ആലയം പണിതിരിക്കുന്നു.
Verse 3: ഇസ്രായേല്‍ജനമൊക്കെയും അവിടെ കൂടിനിന്നിരുന്നു. രാജാവ് സഭയെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു:
Verse 4: എന്‍െറ പിതാവായ ദാവീദിനു നല്‍കിയ വാഗ്‌ദാനം നിറവേറ്റിയ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെട്ട വന്‍! അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടായിരുന്നു;
Verse 5: ഈജിപ്‌തില്‍നിന്ന് എന്‍െറ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇസ്രായേല്‍ ഗോത്രങ്ങളിലെ ഒരു പട്ടണവും എന്‍െറ നാമത്തില്‍ ഒരാലയം പണിയുവാന്‍ ഞാന്‍ തിരഞ്ഞെടുത്തില്ല; എന്‍െറ ജനമായ ഇസ്രായേ ലിന് അധിപനായി ആരെയും നിയമിച്ചതുമില്ല.
Verse 6: എന്നാല്‍, ഇതാ എന്‍െറ നാമം നില നിറുത്തുവാന്‍ ഞാന്‍ ജറുസലെം തിരഞ്ഞെടുത്തിരിക്കുന്നു. എന്‍െറ ജനമായ ഇസ്രായേലില്‍ അധിപനായി ദാവീദിനെയും നിയമിച്ചിരിക്കുന്നു,
Verse 7: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ ഒരാലയം പണിയുക എന്നത് എന്‍െറ പിതാവായ ദാവീദിന്‍െറ ഹൃദയാഭിലാഷമായിരുന്നു.
Verse 8: എന്നാല്‍, കര്‍ത്താവ് എന്‍െറ പിതാവായ ദാവീദിനോട് അരുളിച്ചെയ്‌തു; എന്‍െറ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ നീ ആഗ്രഹിച്ചല്ലോ, നല്ലതുതന്നെ.
Verse 9: എന്നാല്‍, നീ ആലയം പണിയുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന നിന്‍െറ മകനായിരിക്കും എന്‍െറ നാമത്തിന് ആലയം പണിയുക,
Verse 10: കര്‍ത്താവ് തന്‍െറ വാഗ്‌ദാനം ഇന്നിതാ നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്‌ദാനമനുസരിച്ച് എന്‍െറ പിതാവായ ദാവീദിന്‍െറ സ്‌ഥാനത്ത് ഇസ്രായേലിന്‍െറ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്‌ടനായിരിക്കുന്നു. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തിനു ഞാന്‍ ആലയം പണിതിരിക്കുന്നു.
Verse 11: ദൈവം ഇസ്രായേലുമായി ചെയ്‌ത ഉടമ്പടിയുടെ പേടകവും അതിനുള്ളില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നു.
Verse 12: സോളമന്‍ ഇസ്രായേല്‍സമൂഹത്തിന്‍െറ സാന്നിധ്യത്തില്‍ കര്‍ത്താവിന്‍െറ ബലിപീഠത്തിന്‍െറ മുന്‍പില്‍ നിന്നുകൊണ്ട് കൈകള്‍ വിരിച്ചുപിടിച്ചു.
Verse 13: അങ്കണത്തില്‍, അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഓടുകൊണ്ട് ഒരുക്കിയിരുന്നു. അതിന്‍െറ മുകളിലാണ് അവന്‍ നിന്നത്. ഇസ്രായേല്‍സമൂഹത്തിന്‍െറ സാന്നിധ്യത്തില്‍ മുട്ടുകുത്തി സ്വര്‍ഗത്തിലേക്കു കൈകള്‍ ഉയര്‍ത്തി,
Verse 14: അവന്‍ പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, സ്വര്‍ഗത്തിലും ഭൂമിയിലും അങ്ങേക്കു തുല്യനായ വേറൊരു ദൈവമില്ല. പൂര്‍ണഹൃദയത്തോടെ അങ്ങയുടെ മുന്‍പാകെ വ്യാപരിക്കുന്ന അവിടുത്തെ ദാസന്‍മാരോട് അവിടുന്ന് കൃപ കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു.
Verse 15: എന്‍െറ പിതാവായ അവിടുത്തെ ദാസന്‍ ദാവീദിനോട്, അവിടുന്ന് അരുളിച്ചെയ്‌തപ്രകാരം പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്ന് അധരംകൊണ്ട് അരുളിയത് ഇന്നു കരംകൊണ്ട് നിവര്‍ത്തിച്ചിരിക്കുന്നു.
Verse 16: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, നീ എന്‍െറ മുന്‍പാകെ ജീവിച്ചതുപോലെ എന്‍െറ നിയമമനുസരിച്ചു നിന്‍െറ മക്കള്‍നേരായ മാര്‍ഗത്തിലൂടെ ചരിച്ചാല്‍, ഇസ്രായേലിന്‍െറ സിംഹാസനത്തില്‍ വാഴാന്‍ നിനക്ക് ആളില്ലാതെ വരുകയില്ല, എന്നിങ്ങനെ അവിടുത്തെ ദാസനായ എന്‍െറ പിതാവ് ദാവീദിനോട് അവിടുന്ന് ചെയ്‌ത വാഗ്‌ദാനം ഇപ്പോള്‍ നിവര്‍ത്തിച്ചാലും.
Verse 17: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവേ, അവിടുത്തെ ദാസ നായ ദാവീദിനോട് അരുളിച്ചെയ്‌ത വചനങ്ങള്‍ സ്‌ഥിരീകരിക്കണമേ!
Verse 18: എന്നാല്‍ ദൈവം മനുഷ്യനോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗങ്ങളും അവിടുത്തക്കു മതിയാകുകയില്ല. പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയം എന്തുണ്ട്?
Verse 19: എങ്കിലും എന്‍െറ ദൈവമായ കര്‍ത്താവേ, എന്‍െറ നിലവിളികേള്‍ക്കണമേ; അവിടുത്തെ ദാസന്‍െറ പ്രാര്‍ഥനയും അപേക്‌ഷയും സ്വീകരിക്കണമേ!
Verse 20: കണ്ണുതുറന്ന് ഈ ആലയത്തെ രാപകല്‍ കടാക്‌ഷിക്കണമേ! അങ്ങയുടെ ദാസന്‍െറ പ്രാര്‍ഥന കേള്‍ക്കേണ്ടതിന്, ഈ സ്‌ഥലത്ത് അങ്ങയുടെ നാമം സ്‌ഥാപിക്കുമെന്ന് അങ്ങു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ.
Verse 21: അങ്ങയുടെ ജനമായ ഇസ്രായേലും, ഈ ദാസനും ഈ ആലയത്തിങ്കലേക്കു തിരിഞ്ഞ് അങ്ങയോടു പ്രാര്‍ഥിക്കുമ്പോള്‍ ഞങ്ങളുടെ പ്രാര്‍ഥനകളും അപേക്‌ഷകളും അങ്ങയുടെ വാസസ്‌ഥലമായ സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കുകയും ഞങ്ങളോടു ക്‌ഷമിക്കുകയും ചെയ്യണമേ!
Verse 22: ഒരുവന്‍ അയല്‍ക്കാരനോടു ദ്രാഹം ചെയ്‌തതായി ആരോപണം ഉണ്ടാവുകയും അവനെ സത്യം ചൊല്ലിക്കുവാനായി ഈ ആലയത്തില്‍ കൊണ്ടുവരുകയും അവിടുത്തെ ബലിപീഠത്തിന്‍െറ മുന്‍പില്‍ അവന്‍ സത്യംചെയ്യുകയും ചെയ്യുമ്പോള്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്നു ശ്രദ്‌ധിച്ച് അവിടുത്തെ ദാസരെന്യായം വിധിക്കണമേ!
Verse 23: കുറ്റക്കാരന് അവന്‍െറ പ്രവൃത്തിക്കൊത്തും നീതിമാന് അവന്‍െറ നീതിക്കനുസരിച്ചും പ്രതിഫലം നല്‌കണമേ!
Verse 24: അങ്ങേജനമായ ഇസ്രായേല്‍ അങ്ങയോടെതിര്‍ത്തു പാപം ചെയ്യുമ്പോള്‍, അവര്‍ ശത്രുക്കളാല്‍ തോല്‍പിക്കപ്പെടുകയും ആ സമയം അവര്‍ പശ്‌ചാത്തപിച്ച് അങ്ങയുടെ നാമത്തെ ഏറ്റുപറയുകയും ഈ ആല യത്തില്‍വച്ച് അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്‌താല്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കണമേ!
Verse 25: അവിടുത്തെ ജനമായ ഇസ്രായേലിന്‍െറ പാപം ക്‌ഷമിച്ച് അവര്‍ക്കും അവരുടെ പിതാക്കന്‍മാര്‍ക്കുമായി അവിടുന്നു നല്‍കിയ ദേശത്തേക്ക് അവരെ തിരികെ വരുത്തണമേ!
Verse 26: അവിടുത്തെ ജനമായ ഇസ്രായേല്‍ അങ്ങയോട് പാപംചെയ്‌തിട്ട്, അവിടുന്ന് അവര്‍ക്കു മഴ തടയുമ്പോള്‍ അവര്‍ തങ്ങളുടെ പാപത്തില്‍ നിന്നു പിന്തിരിഞ്ഞ് അവിടുത്തെനാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്കു നോക്കി വിളിച്ചപേക്‌ഷിക്കുകയും ചെയ്‌താല്‍, അവിടുന്നു സ്വര്‍ഗത്തില്‍നിന്നു കേട്ട് അവരുടെ പാപം ക്‌ഷമിക്കണമേ!
Verse 27: അവര്‍ നടക്കേണ്ട നീതിമാര്‍ഗം അവര്‍ക്കു പഠിപ്പിച്ചു കൊടുക്കണമേ! അവിടുന്ന് അവര്‍ക്ക് അവകാശമായി നല്‍കിയ ദേശത്തു മഴ നല്‍കി അനുഗ്രഹിക്കണമേ!
Verse 28: ദേശത്തു ക്‌ഷാമമോ സാംക്രമികരോഗമോ മഹാമാരി, വിഷമഞ്ഞ്, വെട്ടുകിളി, കീടബാധ മുതലായവയാലുള്ള കൃഷിനാശമോ മറ്റു പീഡകളോ ഉണ്ടാകുമ്പോഴും,
Verse 29: ശത്രുക്കള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തുമ്പോഴും അവിടുത്തെ ജനമായ ഇസ്രായേല്‍ ഒന്നടങ്കമോ വ്യക്‌തികളായോ തങ്ങളുടെ സങ്കടത്തില്‍ അങ്ങയോടു നിലവിളിക്കുമ്പോള്‍, ഈ ആലയത്തിങ്കലേക്കു കൈകള്‍ നീട്ടി പ്രാര്‍ഥിക്കുമ്പോള്‍,
Verse 30: അവിടുത്തെ വാസസ്‌ഥലമായ സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കണമേ! അവരോടു ക്‌ഷമിക്കുകയും ഓരോരുത്തരുടെയും ഹൃദയമറിയുന്ന അങ്ങ് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കുകയും ചെയ്യണമേ! മനുഷ്യരുടെ ഹൃദയങ്ങളെ ശരിയായി അറിയുന്നത് അവിടുന്നു മാത്രമാണല്ലോ.
Verse 31: അവര്‍ അവിടുത്തെ ഭയപ്പെടുകയും അവിടുന്നു ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ ഈ ദേശത്ത് അവര്‍ ജീവിച്ചിരിക്കുന്ന നാളെല്ലാം അവിടുത്തെ വഴിയില്‍ നടക്കുകയും ചെയ്യട്ടെ!
Verse 32: അതുപോലെതന്നെ അവിടുത്തെ ജനമായ ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത ഒരു വിദേശി അവിടുത്തെ ശക്‌തമായ കരത്തിന്‍െറ പ്രവര്‍ത്തനങ്ങളെപ്പറ്റി കേട്ട്, അങ്ങയെ തേടി വിദൂരത്തുനിന്ന് ഈ ആലയത്തിങ്കല്‍ വന്നു പ്രാര്‍ഥിച്ചാല്‍,
Verse 33: അവിടുത്തെ വാസ സ്‌ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ട് അവന്‍െറ അപേക്‌ഷകളെല്ലാം സാധിച്ചുകൊടുക്കണമേ! അങ്ങനെ ഭൂമിയിലെ സകല ജനതകളും അവിടുത്തെ ജനമായ ഇസ്രായേ ലിനെപ്പോലെ അങ്ങയുടെ നാമം അറിയാനും അവിടുത്തെ ഭയപ്പെടാനും ഇടയാകട്ടെ! ഞാന്‍ പണിതിരിക്കുന്ന ഈ ആലയം അങ്ങയുടെ നാമത്തിലാണെന്ന് അവര്‍ അറിയുകയും ചെയ്യട്ടെ!
Verse 34: അങ്ങയുടെ ജനം അങ്ങ് അയയ്‌ക്കുന്ന വഴിയിലൂടെ ശത്രുക്കള്‍ക്കെതിരേയുദ്‌ധത്തിനു പോകുമ്പോള്‍, അങ്ങു തിരഞ്ഞെടുക്കുന്ന ഈ നഗരത്തിനും ഞാന്‍ അങ്ങയുടെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിനും അഭിമുഖമായി നിന്നു പ്രാര്‍ഥിച്ചാല്‍
Verse 35: അങ്ങു സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനകളുംയാചനകളും ശ്രവിച്ച് അവരെ വിജയത്തിലേക്കു നയിക്കണമേ!
Verse 36: അവര്‍ അങ്ങേക്കെതിരേ പാപംചെയ്യുകയും - പാപംചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - അവിടുന്നു കോപിച്ച് അവരെ ശത്രുകരങ്ങളില്‍ ഏല്‍പ്പിക്കുകയും, ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള ദേശത്തേക്കു തടവുകാരായി കൊണ്ടുപോകുകയും,
Verse 37: ആ പ്രവാസദേശത്തുവച്ച് അവര്‍ ഹൃദയപൂര്‍വം പശ്‌ചാത്തപിക്കുകയും, ഞങ്ങള്‍ പാപം ചെയ്‌തുപോയി, അനീതിയും അക്രമവും പ്രവര്‍ത്തിച്ചു എന്ന് ഏറ്റുപറഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്‌താല്‍,
Verse 38: ആ ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്‌സോടും കൂടെ അനുതപിച്ച്, അങ്ങ് അവരുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ ദേശത്തേക്കും, അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അങ്ങയുടെ നാമത്തിനു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും തിരിഞ്ഞു, പ്രാര്‍ഥിച്ചാല്‍,
Verse 39: അങ്ങയുടെ വാസസ്‌ഥലമായ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥനകളുംയാചനകളും ശ്രവിച്ച്, അങ്ങേക്കെതിരേ പാപംചെയ്‌ത, അങ്ങയുടെ ജനത്തോടു ക്‌ഷമിക്കുകയും അവരെ മോചിപ്പിക്കുകയും ചെയ്യണമേ!
Verse 40: എന്‍െറ ദൈവമേ, ഇവിടെ വച്ച് അര്‍പ്പിക്കുന്ന ഈ പ്രാര്‍ഥന ശ്രവിച്ച് ഞങ്ങളെ കടാക്‌ഷിക്കണമേ!
Verse 41: ദൈവമായ കര്‍ത്താവേ, അങ്ങേശക്‌തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്‌ഥലത്തേക്കു വരണമേ! ദൈവമായ കര്‍ത്താവേ, അങ്ങയുടെ പുരോഹിതന്‍മാരെ രക്‌ഷയുടെ അങ്കി അണിയിക്കണമേ! അങ്ങയുടെ വിശുദ്‌ധന്‍മാര്‍ അങ്ങയുടെ നന്‍മയില്‍ സന്തോഷിക്കാന്‍ ഇടയാക്കണമേ!
Verse 42: ദൈവമായ കര്‍ത്താവേ, അങ്ങയുടെ അഭിഷിക്‌ത നില്‍നിന്നു മുഖം തിരിക്കരുതേ! അങ്ങയുടെ ദാസനായ ദാവീദിനോടുള്ള അങ്ങയുടെ അനശ്വരസ്‌നേഹം ഓര്‍ക്കണമേ!